വില്‍പ്പനയ്ക്ക് തയ്യാറാക്കി ചാരായം എക്‌സൈസ് സംഘം പിടികൂടി

Web Desk

നെടുങ്കണ്ടം

Posted on August 28, 2020, 7:09 pm

ഓണത്തിനോടനുബന്ധിച്ച് വില്‍ക്കുവാന്‍ തയ്യാറാക്കി ചാരായവും കോടയും തങ്കമണി സ്വദേശിയുടെ ഫാമില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടി. തെക്കും പാറയില്‍ വീട്ടില്‍ മാത്യു മകന്‍ സെബാസ്റ്റ്യനെ (53) അറസ്റ്റ് ചെയ്തു. രാത്രിയില്‍ ചാരായം വാറ്റുന്നുണ്ട് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ അഞ്ച് മണിയോടുകൂടി തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് വീടിനു സമീപമുള്ള പന്നിഫാമില്‍ വാറ്റിക്കൊണ്ടിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെയും , ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ മണിയാറന്‍കുടി, പകിട്ടാന്‍ കരയില്‍ നിന്നും 600 ലിറ്റര്‍ കോടയും, 35 ലിറ്റര്‍ ചാരായവും, ഗ്യാസ് സ്റ്റൗ, കുറ്റി ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. ഓണത്തോടനുബന്ധിച്ച് വില്പനക്കായി തയ്യാറാക്കിയ ചാരായമാണ് പിടികൂടിയത്.

പ്രദേശത്തു നിന്നും ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോലും വന്‍തോതില്‍ ചാരായം വില്പനനടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. സമീപത്ത് 3 ബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. പരിശോധനകളില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി. പ്രമോദ് , പി.ഡി.സേവ്യര്‍, കെ.കെ.സുരേഷ് കുമാര്‍ , സി.സി. സാഗര്‍, സ്‌ക്വാഡ് അംഗങ്ങളായ ബി രാജ്കുമാര്‍ , ടി.എ.അനീഷ്, തങ്കമണി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.ഡി. സജീവ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജഗന്‍ കുമാര്‍ , അജേഷ് ടി ഫിലിപ്പ്, സുനില്‍കുമാര്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീനാ തോമസ് എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:Excise team seized liquor
You may also like this video