12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 11, 2022
October 11, 2022
October 9, 2022
October 8, 2022
October 7, 2022
October 7, 2022
October 6, 2022
October 6, 2022

കൊക്കിലൊതുക്കാം വിനോദയാത്രകളെ

കെ കെ ശിവദാസൻ
October 9, 2022 5:45 am

അപകട മരണം നമുക്ക് പുതുമയുള്ളതല്ല. എന്നാൽ അത് ജാഗ്രതക്കുറവിന്റെ ഭാഗമായി സംഭവിക്കുന്നതാകുമ്പോൾ വേദന ഏറും. ഇര കുട്ടികളാകുമ്പോൾ വേദനയുടെ ആഴം ഇരട്ടിക്കും. അപകടം ഒരു സ്കൂൾ വിനോദയാത്രക്കിടയിലാകുമ്പോഴോ? ദുഃഖം താങ്ങാവുന്നതിലുമപ്പുറമാകും. വടക്കഞ്ചേരി അനുഭവം ഇക്കൂട്ടത്തിൽ അവസാനത്തേതാകട്ടെയെന്ന് കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നു. അച്ഛനമ്മമാരും ബന്ധുക്കളും കൂട്ടുകാരും മാത്രമല്ല ഈ സങ്കടക്കണ്ണീരിന്റെ ഭാഗമാകുന്നത്. ഒരുപാടു കാലം ജീവിച്ച് കുടുംബത്തിനും നാടിനും താങ്ങാവേണ്ടവരെ മരണത്തിന് വിട്ടു കൊടുക്കില്ലെന്ന് തീരുമാനമെടുക്കാൻ ഇനി വൈകിക്കൂട. സ്കൂളിൽ നിന്ന് കൂട്ടുകാർക്കൊപ്പമുള്ള യാത്രയ്ക്ക് കുട്ടികൾക്ക് താല്പര്യം ഏറെയാണ്. വിനോദയാത്രയ്ക്ക് വേണ്ടിയുള്ള ഒന്നുരണ്ടാഴ്ചക്കാലത്തെ ഒരുക്കങ്ങളും അതിന്റെ ആനന്ദവുമെല്ലാം കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും സന്തോഷിപ്പിക്കും. യാത്രയയക്കാൻ കുട്ടികൾക്കൊപ്പം അവരും സ്കൂളിലെത്തും. ഓരോരുത്തരും അധ്യാപകരെ പ്രത്യേകം കണ്ട് സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ചുമതല ഏല്പിക്കും. യാത്രക്കിടയിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് മക്കളുടെ ക്ഷേമം ഉറപ്പാക്കും. ചുരുക്കത്തിൽ മക്കൾ കൂട്ടുകാർക്കൊപ്പം തിമിർത്താടുമ്പോൾ വീട്ടിൽ രക്ഷിതാക്കൾ പിരിമുറുക്കത്തിലാവും. അപകടം ഭയന്ന് സ്കൂൾ യാത്രകൾ ഒഴിവാക്കണമെന്ന് ആരും പറയില്ല. എന്നാൽ വിനോദയാത്രകൾ ഇങ്ങനെ തന്നെയാണോ തുടരേണ്ടത് എന്ന് ചിന്തിക്കാനൊരവസരം കൂടിയാണിത്. വിനോദയാത്രകൾ ദുരന്തവാർത്തയായ അനുഭവങ്ങൾ നമുക്കു മുമ്പിൽ ഒരുപാടുണ്ട്.

സംഭവം നടന്ന് ഏതാനും ദിവസം ഇത്തിരി ജാഗ്രത കൂടും. പിന്നെയതങ്ങ് മറക്കും. ബന്ധപ്പെട്ട വകുപ്പുകൾ പുതുതായി സ്വീകരിക്കുന്ന നടപടികളും നിർദ്ദേശങ്ങളും വൈകാതെ കാറ്റിൽ പറത്തും. ഇതിനൊരു മാറ്റം വരണമെങ്കിൽ അടുത്ത ദുരന്തം വരെ കാത്തിരിക്കേണ്ടി വരും. സ്കൂൾ വിനോദയാത്രയ്ക്ക് മുൻകാലങ്ങളിൽ പ്രസക്തി ഏറെയുണ്ടായിരുന്നു. വീടും സ്കൂളും ബന്ധുവീടുകളും മാത്രം കാണാൻ അവസരമുള്ള കാലത്ത് കുട്ടികൾക്ക് ഒന്ന് പുറത്തിറങ്ങാൻ സ്കൂളുകൾ തന്നെ മുൻകൈ എടുക്കേണ്ടിയിരുന്നു. ഇന്ന് സ്ഥിതിമാറി. രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. കുടുംബ വിനോദയാത്രകളും കുറവല്ല. ഇത്തരം അനുഭവങ്ങൾ ഏറെ ലഭിക്കുന്ന കുട്ടികൾക്കു മുമ്പിലാണ് സ്കൂൾ വിനോദയാത്രയുടെ വാതിലും തുറന്നിടുന്നത്. നാലും അഞ്ചും ദിവസം നീളുന്ന യാത്രകളാണ് അധികവും നടക്കുന്നത്. പൊതുവെ സാമ്പത്തിക ശേഷിയുള്ളവർക്കേ ഇതിൽ പങ്കാളികളാകാൻ കഴിയൂ. സ്കൂൾവർഷാരംഭത്തിൽ തന്നെ ഒരു അധ്യാപകനെ ടൂർ ചുമതല ഏല്പിക്കുകയാണ് പതിവ്. ഇദ്ദേഹത്തെ തേടി ജൂൺ മാസം തന്നെ ടൂർ ഓപ്പറേറ്റർമാർ എത്തും. ഇതിൽ ഏറെയും അംഗീകാരമില്ലാത്തവയുമാണ്. യാത്രാസ്ഥലവും തീയതിയുമെല്ലാം തീരുമാനിക്കാൻ അവരുടെ സ്വാധീനമുണ്ടാകും. കുട്ടികളിൽ നിന്ന് സമാഹരിക്കുന്ന തുക അത്തരക്കാരെ ഏല്പിക്കേണ്ട ചുമതല മാത്രമേ സ്കൂൾ കൺവീനർക്ക് വരുന്നുള്ളു. കുട്ടികളുടെ സുരക്ഷാ ചുമതല സ്വാഭാവികമായും അധ്യാപകർ കൂട്ടുത്തരവാദിത്തത്തിൽ നിർവഹിക്കും. താമസം, വാഹനം, ഭക്ഷണം, സന്ദർശിക്കേണ്ട ഇടങ്ങൾ എന്നിവയെല്ലാം ഏജൻസിയുടെ നിയന്ത്രണത്തിലാണ്. വാഹന സുരക്ഷ ഉറപ്പുവരുത്താൻ പോലും അധ്യാപകർക്ക് അവസരം ലഭിക്കുന്നില്ല. യാത്ര പുറപ്പെടാൻ നേരമാണ് വാഹനം അധ്യാപകർ കാണുന്നത്. ഭൂരിപക്ഷം വിദ്യാലയങ്ങളും സൗകര്യം പരിഗണിച്ച് ഏജൻസികളുമായി ഇത്തരത്തിൽ കരാർ ഉറപ്പിക്കുകയാണ് പതിവ്.


ഇതുകൂടി വായിക്കൂ:പാലിക്കപ്പെടാത്ത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊലിയുന്ന ജീവിതങ്ങള്‍


രാത്രിയിലാണ് മിക്കവാറും വിനോദയാത്ര പുറപ്പെടുക. ദീർഘദൂര യാത്രയാകുമ്പോൾ ഒരു പകൽ ലാഭിക്കാമെന്ന സൗകര്യമുണ്ട്. ഒരു രാത്രി താമസത്തിന്റെ ചെലവു കുറയ്ക്കാമെന്നത് അതിലേറെ ആകർഷകമാണ്. യാത്രയിൽ പാട്ടും ആട്ടവുമായി കുറേ നേരം ചെലവിടുന്ന കുട്ടികൾ വൈകാതെ ബസിൽ തളർന്നു കിടക്കും. പിറ്റേ ദിവസം പകലത്തെ കാഴ്ചകൾ സ്വാഭാവികമായും ഈ ഉറക്കച്ചടപ്പിലും ക്ഷീണത്തിലും മങ്ങിപ്പോകും. മടക്കയാത്രയും മിക്കവാറും രാത്രിയിൽ തന്നെയാവും. യാത്രക്കിടയിലെ പകൽക്കാഴ്ചാനുഭവങ്ങൾ നിഷേധിക്കുന്നുവെന്നു മാത്രമല്ല രാത്രിയാത്ര അപകട സാധ്യതയും വർധിപ്പിക്കും. കുട്ടികൾക്ക് യാത്രയ്ക്കിടയിൽ ഉറക്കത്തിനും വിശ്രമത്തിനും മതിയായ സമയം ലഭിക്കണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയും മുൻകൂട്ടി കാണണം. നടത്തത്തിൽ പോലും മൊബൈൽ ഫോണിൽ കണ്ണുംനട്ട് കഴിയുന്ന കൗമാരക്കാരുടെ ശ്രദ്ധ സ്വയരക്ഷയിൽ കേന്ദ്രീകരിപ്പിക്കൽ എളുപ്പമല്ല. മാത്രമല്ല ചങ്ങാതിമാർ ചേരുമ്പോൾ അവർ പരിസരം മറക്കും. ഇപ്പോൾ രാത്രിയാത്ര വിലക്കിയത് നല്ല കാൽവയ്പായി. സ്കൂളിലെ വളരെ കുറച്ചു കുട്ടികൾ മാത്രമാണ് വിനോദയാത്രയിൽ പങ്കെടുക്കുക. ഇവർക്കു വേണ്ടി മറ്റുള്ളവർക്ക് പ്രവൃത്തിദിനം നഷ്ടമാകരുതെന്നും യാത്ര അവധി ദിനങ്ങളിലേ നടത്താവൂ എന്നും ഉത്തരവ് നിലവിലുണ്ട്. മാത്രമല്ല സാമ്പത്തിക ശേഷിക്കുറവിന്റെ ഭാഗമായി കുട്ടികളെ മാറ്റിനിർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളെ കൂടി ഉൾപ്പെടുത്താൻ കഴിയുമ്പോഴേ വിദ്യാലയത്തിന്റെ ലക്ഷ്യം സാർത്ഥകമാകുന്നുള്ളൂ.

ഇതിനായി സ്പോൺസർഷിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രോജക്ടുകൾ തുടങ്ങിയവയെ ആശ്രയിക്കാം. യഥാർത്ഥത്തിൽ സ്കൂളുകൾ ഏറ്റെടുക്കേണ്ടത് പഠനയാത്രകളാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെടുന്നതായാൽ ഏറെ ഗുണകരമാകും. നേരത്തെ ബന്ധപ്പെട്ട അധികൃതർ പുറത്തിറക്കിയ ഉത്തരവുകളിലും ഇക്കാര്യം നിഷ്കർഷിച്ചിട്ടുണ്ട്. മാത്രമല്ല പിടിഎ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിക്കണമെന്നും പറയുന്നു. രക്ഷിതാക്കളുടെ പ്രതിനിധി യാത്രാ സംഘത്തിൽ വേണമെന്ന നിർബന്ധവും ഉത്തരവ് മുന്നോട്ടുവയ്ക്കുന്നുണ്ട്. വാഹന സുരക്ഷയാണ് സമീപ ദിവസങ്ങളിൽ ഏറെ ചർച്ചയായത്. ഇത് പ്രധാനമാണ്. സാധ്യമാകുമെങ്കിൽ കെഎസ്ആർടിസി ബസ് യാത്രയ്ക്ക് ഉപയോഗിക്കണം. യാത്രാ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. ദീർഘദൂര യാത്രയാകുമ്പോൾ രണ്ട് ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കണം. എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്ന ചെറിയ പഠനയാത്രകളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. യാത്രയുടെ ആസൂത്രണത്തിലും നടത്തിപ്പിലും കുട്ടികൾക്കു കൂടി പങ്കാളിത്തം നൽകണം. ബന്ധപ്പെട്ട ആലോചനാ യോഗങ്ങളിൽ അവരെ പങ്കെടുപ്പിക്കുകയെങ്കിലും വേണം. നടത്തിയ യാത്ര ഒരു പഠനപ്രക്രിയയാക്കി വികസിപ്പിക്കുന്നതിനാവശ്യമായ തുടർപരിപാടികളും വേണം. കരിക്കുലം വിനിമയത്തിന്റെ ഭാഗമായാണ് സ്കൂൾ യാത്രകൾ നടക്കേണ്ടത് എന്ന ബോധ്യമാണ് പ്രധാനം. (വിരമിച്ച ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്ററായ ലേഖകന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗവും കെ ഡിസ്ക് നടത്തിവരുന്ന ‘മഞ്ചാടി‘യെന്ന വിദ്യാഭ്യാസ ഗവേഷണ പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്ററുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.