Web Desk

January 08, 2020, 1:36 pm

നിർഭയ കേസ്: ആരാച്ചാർ തയ്യാർ, ഡമ്മിപരീക്ഷണത്തിനൊരുങ്ങി തിഹാർ ജയിൽ

Janayugom Online

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാര്‍ ഉത്തർപ്രദേശില്‍ നിന്ന്. ഇതിനായി ഉത്തര്‍പ്രദേശ് ജയിൽ വകുപ്പ് ആരാച്ചാരെ വിട്ടുനൽകും. ആരാച്ചാർക്ക് വേണ്ടി തീഹാർ ജയിലധികൃതർ ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചിരുന്നു. വധസിക്ഷ നടപ്പാക്കുന്നതിന് ആരാചാരെ കിട്ടാനില്ല എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരവധി പേര്‍  തിഹാർ ജയിലിന്‍റെ ഡയറക്ടർ ജനറലിനും കത്തയച്ചിരുന്നു. ഈ മാസം 22 ന് രാവിലെ ഏഴുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. അക്ഷയ്സിംഗ്, പവന്‍ ഗുപ്ത, വിനയ് സിംഗ്, മുകേഷ് സിംഗ് എന്നീ പ്രതികളെയാണ്  തൂക്കിലേറ്റുന്നത്.

മൂന്നുമണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവിലായിരുന്നു കോടതിയുടെ നിര്‍ണ്ണായക വിധി വന്നത് . കൂടാതെ നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു. ”തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തിൽ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തിൽ തൂക്കിയാണ് ഡമ്മി എക്സിക്യൂഷൻ നടത്തുന്നത്. വധശ‌ിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും പരീക്ഷണവും നടത്തുക.” ഇപ്പോഴല്ല, വരുംദിവസങ്ങളിൽ ഈ പരീക്ഷണം നടത്തുമെന്ന് തീഹാർ ജയിൽ അധികൃതർ ദേശീയ മാധ്യമമായ എഎൻഐയോട് പറ‍ഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് പൊതുമരാമത്ത് വകുപ്പ്, ജയിൽ സൂപ്രണ്ട്, മറ്റ് ഔദ്യോ​ഗിക വ്യക്തികൾ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടാകും.

ജയിൽ സെൽ 3 ലാണ് വധശിക്ഷ നടപ്പാക്കുന്നത്. പാർലമെന്റ് അക്രമണത്തിലെ കുറ്റവാളിയായ അഫ്സൽ ​ഗുരുവിനെ 2013 ൽ  തൂക്കിലേറ്റിയതും സെൽ 3യിൽ വച്ചായിരുന്നു. തൂക്കിലേറ്റപ്പെടുന്നത് വരെ ഇവർ ഏകാന്ത തടവിലായിരിക്കും. അവസാന നിമിഷം മാത്രം കുടുംബത്തിലെ ഏതെങ്കിലും ഒരം​ഗവുമായി സംസാരിക്കാൻ അവസരം നൽകും. ഇന്ത്യ കണ്ട ഏറ്റവും പൈശാചികവും ക്രൂരവുമായ സംഭവമായിരുന്നു നിർഭയ കേസ്. 2012 ഡിസംബർ 16 നാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി ബലാത്സം​ഗത്തിനും ശാരീരിക പീഡനങ്ങൾക്കും ഇരയാക്കിയത്. കൃത്യത്തിന് ശേഷം ഇവർ പെൺകുട്ടിയെ റോഡിലുപേക്ഷിച്ചു. ഡിസംബർ 26 ന് പെൺകുട്ടി മരിച്ചു.

Eng­lish sum­ma­ry: exe­cu­tion­er is from up in nirb­haya case and arrange dum­my execution

you may also like this video