Janayugom Online
ganja

കഞ്ചാവുമായി പിടിയിലായ വരുടെ ഫോണിലേക്ക് മണിക്കൂറുകള്‍ക്കകം വന്നത് നൂറോളം കോളുകള്‍; അന്തംവിട്ട് അധികൃതര്‍

Web Desk
Posted on April 17, 2019, 4:55 pm

കരുനാഗപള്ളിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൂട്ടാളിയും 3 കി.ഗ്രാം കഞ്ചാവുമായി വ്യാജ നമ്പര്‍ പ്ലെയ്റ്റ് ഘടിപ്പിച്ച ബൈക്കുമായി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മുമ്പില്‍ നിന്നും എക്‌സൈസിന്റെ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയെയും ഇതോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്തു.
ചവറ സുനാമി ഫഌറ്റ്, തേവലക്കര, കോയിവിള, കോവില്‍ത്തോട്ടം, അരിനല്ലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം നടത്തുകയും പ്രദേശവാസികളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന കോയിവിള നടയില്‍ പടിഞ്ഞാറ്റതില്‍ ജിജോ ജോണ്‍സണ്‍(21), കോയിവിള മൊട്ടയ്ക്കാവിള വീട്ടില്‍ സച്ചിന്‍ ജാക്‌സണ്‍(21) എന്നിവരെയാണ് കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇവര്‍ ഉള്‍പ്പെട്ട മൂവര്‍ സംഘത്തെപ്പറ്റി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജോസ് പ്രതാപിന് 2 ആഴ്ച മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെട്ട മൂവര്‍ സംഘം പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മൂവരെയും നിരീക്ഷിക്കുന്നതറിഞ്ഞു മൂവര്‍ സംഘം എക്‌സൈസ് സംഘത്തിനെതിരെതിരഞ്ഞു. പിടികൂടാന്‍ ശ്രമിച്ചാല്‍ വെട്ടിതുണ്ടമാക്കുമെന്ന് പലരോടും ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം മൂവരുടെയും നീക്കങ്ങള്‍ രഹസ്യത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇവരുടെ കൈവശമിരുന്ന കഞ്ചാവ് വിറ്റുതീര്‍ന്നതായും മനസ്സിലാക്കിയ എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ അരുണ്‍ ആന്റണി,വിജു,ശ്യാംകുമാര്‍,സജീവ്കുമാര്‍,ജിനു തങ്കച്ചന്‍,അഭിലാഷ്,ദിലീപ് എന്നിവര്‍ പല സംഘങ്ങളായി രഹസ്യത്തില്‍ മൂവരെയും പിന്തുടരുകെയും തുടര്‍ന്ന് ഒരാഴ്ചത്തേക്ക് വില്‍പ്പനയ്ക്കായി വാങ്ങിയ 3 കി.ഗ്രാം കഞ്ചാവുമായി മൂവരെയും മാരാരിത്തോട്ടം ബിവറേജസിനു മുന്നില്‍ വച്ച് എക്‌സൈസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. ജിജോജോണ്‍സണ്‍ അങ്കമാലിയില്‍ നിന്നും കഞ്ചാവും,എംഡിഎംഎ,എല്‍എസ്ഡി(സ്റ്റാമ്പ്) എന്നീ മുന്തിയ ഇനത്തില്‍പ്പെട്ട മയക്കുമരുന്നുകളും എത്തിച്ച് അരിനല്ലൂര്‍ മഞ്ഞിപ്പുഴമുക്ക് ബോട്ട്‌ജെട്ടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു സംഘടിതമായി മയക്കുമരുന്ന് വിതരണവും മറ്റും നടത്തുന്നതായി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് വിവരം കിട്ടിയിരുന്നു.

പിടിയിലായ വിദ്യാര്‍ത്ഥിയുടെ ബന്ധുവാണ് സച്ചിന്‍ ജാക്‌സണ്‍ ഇരുവരും കഴിഞ്ഞ ആഴ്ച കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത അച്ഛനെയും മുത്തച്ഛനെയും ആക്രമിക്കുകെയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായും ഇരുവരും ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു.

അരിനല്ലൂര്‍ മഞ്ഞിപ്പുഴമുക്ക്, ബോട്ട്‌ജെട്ടി, അരിനല്ലൂര്‍ പള്ളി, കോയിവിള പള്ളി, ചവറ സുനാമി ഫഌറ്റ് എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിരന്തരം ശല്യവും ഭീഷണിയുമായിരുന്നു. പിടിയിലായവരുടെ മൊബൈലില്‍ നൂറിലധികം കാളുകള്‍ ആണ് ഈ പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് ആവശ്യപ്പെട്ടുകോണ്ട് വന്നത്. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി സൂക്ഷിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിശദമായ വിവരം ചോദ്യം ചെയ്യലില്‍ ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. തേവലക്കര പട്ടകടവിലുള്ള ഐടിഐയിലും കഞ്ചാവ് കച്ചവടത്തിനു ഇവര്‍ക്ക് ഏജന്റ് ഉള്ളതായി മൂവരും വെളിപ്പെടുത്തി.

എക്‌സൈസ് സംഘത്തില്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജോസ്പ്രതാപിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ എം.സുരേഷ് കുമാര്‍, ഷാഡോ ഉദ്യോഗസ്ഥരായ വിജു,ശ്യാംകുമാര്‍,അരുണ്‍ ആന്റണി,സജീവ്കുമാര്‍, ജിനുതങ്കച്ചന്‍, ദിലീപ്കുമാര്‍, അഭിലാഷ്,വനിതാ എക്‌സൈസ് ഓഫീസര്‍ ശ്രീമോള്‍ എന്നിവര്‍ ഉണ്ടായിരുന്നു. ജിജോ ജോണ്‍സണ്‍, സച്ചിന്‍ ജാക്‌സണ്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വിദ്യാര്‍ത്ഥിയെ ചാത്തന്നൂരുള്ള ലഹരിവിമോചന കേന്ദ്രത്തിലാക്കി.