ഗർഭച്ഛിദ്രം: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

Web Desk
Posted on May 26, 2018, 11:51 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തില്‍ കാര്യമായ ഭേദഗതി വേണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന നൽകുന്നു. ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്‌സിറ്റ് പോളില്‍ 69% പേരും കര്‍ക്കശമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വരുന്ന ജനഹിത പരിശോധന ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ഗര്‍ഭഛിദ്ര അവകാശത്തിനായി വാദിക്കുന്ന വിഭാഗം.

നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കൊണ്ടുവന്ന ജനഹിത പരിശോധനയുടെ ഫലം പുറത്തുവരാനിരിക്കേയാണ് എക്‌സിറ്റ് പോള്‍ ഫലം അറിയുന്നത്.

കടുത്ത യഥാസ്ഥിതിക റോമന്‍ കത്തോലിക്കാ വിശ്വാസം പാലിക്കുന്ന അയര്‍ലണ്ടില്‍ എന്ത് സാഹചര്യം വന്നാലും ഗര്‍ഭഛിദ്രം അനുവദിക്കില്ല. ഈ കടുത്ത നിയമത്തിന്റെ ഇരയായിരുന്നു ആറു വര്‍ഷം മുന്‍പ് മരിച്ച ഇന്ത്യക്കാരിയായ ദന്തഡോക്ടര്‍ അസവിത ഹലപ്പനാവര്‍ (31). ഇവരുടെ ഗര്‍ഭം അലസിപ്പോയെങ്കിലും ഗഭര്‍പാത്രത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അയര്‍ലണ്ടിലെ നിയമം അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഗാല്‍വേ ആശുപത്രിയില്‍ ചികിത്സയിലരിക്കേ ഇവര്‍ മരണമടയുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യം അന്ന് മുതല്‍ സജീവമാണ്.