October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 27, 2022

പ്രവാസി, കുടിയേറ്റ തൊഴിലാളി തിരിച്ചൊഴുക്ക്; കേന്ദ്രം ഉത്തരവാദിത്തം നിറവേറ്റണം

Janayugom Webdesk
May 28, 2020 2:15 am

കൊറോണവെെറസ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന മാനുഷിക അടിയന്തര പ്രശ്നമായി നിരന്തരം ചൂണ്ടിക്കാട്ടിപ്പോന്നിരുന്ന വിഷയമാണ് കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചൊഴുക്ക്. രാജ്യത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് തൊഴിലാളികളും മറ്റ് പണിയെടുക്കുന്നവരുമാണ് സ്വന്തം നാടുകളിലേക്ക് കൂട്ടപ്പലായനം നടത്തുന്നത്. സമാനമായ രീതിയില്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലിലും പഠനത്തിലും ബിസിനസ് സംരംഭങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള പതിനായിരങ്ങളും സ്വന്തം നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷിതത്വം തേടി തിരികെ വരുന്നു. ഈ തിരിച്ചൊഴുക്കുകള്‍ ക്രമാനുഗതമായും സുരക്ഷിതമായും നിയന്ത്രിച്ച് നിര്‍വഹിക്കുന്നതില്‍ വലിയ വീഴ്ചയാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

തിരിച്ചുവരവിന് വഴിയൊരുക്കിയത് തന്നെ ഏറെ വൈകിയാണ്. രാജ്യത്തിനുള്ളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടപ്പലായനത്തിന്റെ ദുരന്തങ്ങളും ദുരിതങ്ങളും നാം ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. നാളിതുവരെ അക്കാര്യത്തില്‍ നിസംഗ നിശബ്ദത പുലര്‍ത്തിപ്പോന്ന നീതിപീഠത്തിനു പോലും കണ്ണടയ്ക്കാന്‍ വയ്യന്നായി. കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കണമെന്ന അഭിപ്രായ പ്രകടനത്തിനെങ്കിലും സുപ്രീംകോടതി മുതിര്‍ന്നിരിക്കുന്നു. ഭക്ഷണവും താമസവും രോഗപ്രതിരോധ‑ചികിത്സാ നടപടികള്‍ക്കും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായാല്‍ ദുരന്തപൂര്‍ണ്ണവും ലജ്ജാകരവുമായ ഈ കൂട്ടപ്പലായനത്തിന് തല്‍ക്കാലത്തേക്കെങ്കിലും അറുതിയാവും. കേരളത്തില്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ തുടക്കത്തിലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്.

കേരളത്തില്‍ അത് തുടര്‍ന്നുപോകുന്നതിനും ഇതര സംസ്ഥാനങ്ങളില്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ സര്‍ക്കാരുകളെ പ്രാപ്തരാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ക്കും അപ്പുറം സംസ്ഥാനങ്ങള്‍ക്ക് അടിയന്തര, നേരിട്ടുള്ള സാമ്പത്തിക സഹായം കൂടിയേ തീരൂ. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ വാക്കാലുള്ള നിര്‍ദ്ദേശങ്ങൾക്കും നിരീക്ഷണങ്ങള്‍ക്കും അ­പ്പുറം സു­പ്രീംകോടതി ഇടപെടല്‍ അനി­വാ­ര്യമാണ്. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ മനംമാറ്റത്തിന് പ്രമുഖ അഭിഭാഷകരുടെ രൂക്ഷമായ ഭാഷയിലുള്ള ഇടപെടല്‍ തന്നെ വേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ പ്ര­വാ­സികളുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കേരളവും പ്രവാസി സംഘടനകളും ആപത്ഘട്ടത്തിലുള്ള അവരുടെ മടക്കയാത്രയ്ക്ക് കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ഏതെങ്കിലും തരത്തിലുള്ള ഔദാര്യമായിരുന്നില്ല അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വിവിധ സേവനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്നും ഈടാക്കി സമാഹരിച്ച ‘ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടി‘ല്‍ നിന്നും അര്‍ഹരായവര്‍ക്ക് മടക്കയാത്രയ്ക്ക് സഹായം നല്‍കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതിനോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും സഹായം നിഷേധിക്കുകയുമായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേരള ഹെെക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി അക്കാര്യത്തിൽ പ്രവാസികള്‍ക്ക് അനുകൂലമായത് ഏറെ ആശ്വാസകരമാണ്. മറ്റ് പല കാര്യങ്ങളിലും എന്നതുപോലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടും അവകാശങ്ങളോടുമുള്ള മോഡി സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമാണ് പ്രശ്നത്തില്‍ കോടതിയെ സമീപിക്കാന്‍ പ്രവാസി ഇന്ത്യക്കാരുടെ ഉറ്റവരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിര്‍ബന്ധിതമാക്കിയത്.

ഈ വിധിയുടെ വെളിച്ചത്തില്‍ അനാവശ്യമായ സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാതെ അര്‍ഹരായ യാത്രക്കാര്‍ക്ക് സഹായം നല്‍കാന്‍ എംബസികളും കോണ്‍സുലേറ്റുകളും തയ്യാറാവണം. അതിന് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു നല്‍കാന്‍ മോഡി ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണം. ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസികളുടെയും തിരിച്ചുവരവ് സംസ്ഥാന ഭരണകൂടങ്ങള്‍ക്കും സമൂഹത്തിനും കനത്ത വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

രോഗബാധ ഏറെയുള്ള പ്രദേശങ്ങളില്‍ നിന്നും തിരികെയെത്തുന്ന നിര്‍ധനരായ പൗരന്മാര്‍ക്ക് ആവശ്യമായ ക്വാറന്റെെന്‍, ചികിത്സ എന്നിവ ഒരുക്കി നല്‍കുക എന്നത് അതിനുവേണ്ടി പണം ചിലവിടേണ്ട സംസ്ഥാന സര്‍ക്കാരുകളെ വല്ലാത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് ഗണ്യമായ സംഭാവന നല്‍കിവരുന്ന കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസികളുടെയും സംരക്ഷണത്തിന് ആവശ്യമായി വരുന്ന പണം നല്‍കി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നാളിതുവരെ സംസ്ഥാനങ്ങളും രാജ്യവും രോഗപ്രതിരോധത്തിലും ചികിത്സയിലും കെെവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും കൊറോണ വെെറസ് മഹാമാരിയുടെ ഭീഷണിയെ മറികടക്കാനും കേന്ദ്രസര്‍ക്കാരിന്റെ സജീവവും പ്രത്യക്ഷവുമായ പങ്കാളിത്തം കൂടിയെ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.