ഗള്‍ഫില്‍ പ്രവാസി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കി കേന്ദ്രം

കെ രംഗനാഥ്

ദുബായ്

Posted on July 02, 2020, 11:06 pm

വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തിയ ശേഷം കൊറോണമൂലം ഇന്ത്യയില്‍ കുടുങ്ങിപ്പോയ മൂന്നേമുക്കാല്‍ ലക്ഷത്തോളം പ്രവാസികളുടെ കുടുംബങ്ങള്‍ ഗള്‍ഫിലടക്കമുള്ള വിദേശനാടുകളില്‍ ദുരിതക്കയത്തിലേക്ക്.
മാര്‍ച്ചുമുതല്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയവര്‍ക്കു തിരികെ പോകാന്‍ കഴിയാതെ ബന്ദികളെപ്പോലെ കഴിയുന്നതുമൂലം അവരുടെ കുടുംബങ്ങള്‍ നാഥരില്ലാതെ അനാഥരായ അവസ്ഥ.

വിദേശത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകാനുള്ള വിമാനസര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂലെെ 30 വരെ തുടരുമെന്ന പ്രഖ്യാപനവും കേന്ദ്രം നടത്തിയതോടെ വിദേശത്തുള്ള കുടുംബങ്ങളുടെ ദുരിതം പിന്നെയും നീളുന്നു. ഗൃഹനാഥനെ കുട്ടികളെ ഏല്പിച്ച ശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി അവിടെ മാസങ്ങളായി കുടുങ്ങിയ ഗൃഹനാഥമാരുടെ പ്രവാസലോകത്തെ കുടുംബങ്ങളുടെ കാര്യവും ദയനീയം. മാര്‍ച്ച് മുതല്‍ ഇപ്രകാരം പ്രവാസലോകത്തെ കുടുംബങ്ങളില്‍ നിന്നു വേര്‍പെടുത്തപ്പെട്ട മൂന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരില്‍ രണ്ടരലക്ഷത്തോളം മലയാളികളാണെന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളില്‍ നിന്നു ലഭിക്കുന്ന കണക്ക്.

ഉറ്റ ബന്ധുക്കളുടെ വിയോഗം, വിവാഹങ്ങള്‍, ഗൃഹപ്രവേശം, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് നാട്ടിലെത്തിയത് ഉടന്‍ തിരിച്ചെത്താമെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ പൊടുന്നനേ വ്യോമഗതാഗത വിലക്കും കൊറോണയും ഇവരുടെ യാത്ര മുടക്കിയപ്പോഴാണ് അവരുടെ കുടുംബങ്ങള്‍ അനാഥാവസ്ഥയില്‍ സാമ്പത്തിക ദുരിതങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടത്. ഭര്‍ത്താവ് നാട്ടില്‍. അമ്മയും മക്കളും പ്രവാസലോകത്ത് ഒരു വരുമാനവുമില്ലാതെ കൊടുംയാതന അനുഭവിക്കേണ്ട അവസ്ഥ.

നാട്ടില്‍ കുടുങ്ങിപ്പോയവരില്‍ മിക്കവര്‍ക്കും പ്രവാസലോകത്തു കുടുങ്ങിപ്പോയ കുടുംബങ്ങള്‍ക്കു പണം അയച്ചുകൊടുക്കാനുള്ള സാമ്പത്തികവുമില്ല. നാട്ടില്‍ കുടുങ്ങിയവരുടെ ഗള്‍ഫ് നാടുകളിലെ പണി തന്നെ പോകുമെന്ന അവസ്ഥയും കേന്ദ്രത്തിന്റെ ക്രൂരമായ കാരുണ്യരാഹിത്യത്തില്‍ സംജാതമായിരിക്കുന്നു. നാട്ടില്‍ കുടുങ്ങിയവരും ഗള്‍ഫ് രാജ്യങ്ങളിലുള്ള കുടുംബങ്ങളും ഈ സാഹചര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് ഗള്‍ഫിലെ ഭരണാധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്കിയിട്ടും കേന്ദ്രം കനിയുന്നില്ല.

ഇന്ത്യയില്‍ കുടുങ്ങിപ്പോയവരുടെ വിസാകാലാവധി ഡിസംബര്‍ വരെ നീട്ടിക്കൊടുത്ത ഗള്‍ഫ് രാജ്യങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രവാസികള്‍ക്കു തിരിച്ചുവരാമെന്ന് അറിയിക്കുകയും ചെയ്തു. ഒരു മാസമായിട്ടും ഇന്ത്യയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചയയ്ക്കാന്‍ നടപടികളൊന്നും സ്വീകരിക്കാത്ത കേന്ദ്രത്തിന്റെ പ്രകോപനത്തിനെതിരെ തിരിച്ചടിച്ച യുഎഇ സര്‍ക്കാരാകട്ടെ വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ ഒരൊറ്റ പ്രവാസിയെയോ യുഎഇ സ്വദേശികളെപ്പോലുമോ കൊണ്ടുവരരുതെന്ന് താക്കീതു നല്കിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യോമവിലക്ക് ലംഘിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ വിമാനങ്ങള്‍ തങ്ങളുടെ പൗരന്മാരെക്കൊണ്ടുവരാന്‍ അനുമതി തേടുമെന്ന സൂചനകളുമുണ്ട്. ഇന്ത്യയുടെ പ്രകോപനത്തിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടായാലും കേന്ദ്രത്തിന്റെ ദയാശൂന്യമായ നയമായാലും ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളും പ്രവാസലോകത്തു കുടുങ്ങിയ അവരുടെ കുടുംബങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിയിലും മാനസിക പീഡനത്തിലേക്കും എടുത്തെറിയപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

eng­lish summary:Expat Fam­i­ly in the Gulf face suf­fer­ing by cen­ter­al govt
You may aslo like this video