കെ രംഗനാഥ്

തിരുവനന്തപുരം

July 16, 2021, 10:18 pm

പ്രവാസി പുനരധിവാസം സംസ്ഥാനങ്ങള്‍ക്കെന്ന് കേന്ദ്രം

Janayugom Online

കോവിഡും സാമ്പത്തികമാന്ദ്യവുംമൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ച് കേന്ദ്രം തലയൂരുന്നു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 12 ലക്ഷത്തോളം മലയാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലിടങ്ങളിലേ‌ക്ക് മടങ്ങിപ്പോകാനാകാതെ സംസ്ഥാനത്തെ തൊഴിലില്ലാ പട്ടാളത്തിലേക്ക് അണിചേര്‍ന്നിരിക്കുന്നതെന്നാണ് ഔദ്യോഗികമായ കണക്ക്.

കോവിഡുമൂലം തകര്‍ന്നുതരിപ്പണമായ കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സമ്പദ്‌വ്യവസ്ഥകള്‍ക്കും താങ്ങാവുന്നതിലപ്പുറമാണ് പ്രവാസി പുനരുദ്ധാരണം. ഈ പുനരധിവാസ പദ്ധതികള്‍ക്കുനേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതിനുള്ള വ്യവസ്ഥകളാണ് കഴിഞ്ഞ മാസം 30ന് വിജ്ഞാപനം ചെയ്ത പ്രവാസി ബില്‍ 2021ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് പ്രവാസികളെ പുനരധിവസിപ്പിക്കണമെങ്കില്‍ ശതകോടികളാണു വേണ്ടിവരിക. ലോകത്ത് ഏറ്റവുമധികം പ്രവാസികള്‍ മലയാളികളായതിനാല്‍ ഇതിന്റെ ഭാരം ഏറ്റവുമധികം താങ്ങേണ്ടിവരിക കേരളമാണ്. തൊഴില്‍രഹിതരായ പ്രവാസികളുടെ പുനരധിവാസം, പുതിയ പ്രവാസ ഇടനാഴികള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു മാത്രമായിരിക്കുമെന്നാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ ബാധ്യതകള്‍ മുഴുവന്‍ സംസ്ഥാന നോഡല്‍ സമിതികള്‍ക്കായിരിക്കും. പുനരധിവാസ പദ്ധതികള്‍ കേന്ദ്ര പദ്ധതികളായി നടപ്പാക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാലാവശ്യമാണ് കേന്ദ്രം നിരാകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ പുനരധിവാസ പദ്ധതികളുടെ പൂര്‍ണനിയന്ത്രണം കേന്ദ്രസര്‍ക്കാരിനായിരിക്കുമെന്ന ‘കെെ നനയാതെ മീന്‍ പിടിക്കുന്ന’തിനു സമാനമായ വ്യവസ്ഥയിലുണ്ട്. മനുഷ്യക്കടത്തു മാഫിയകള്‍ക്കു കുടചൂടുന്ന വ്യവസ്ഥകളടങ്ങുന്ന ബില്ലിലെ പ്രവാസി പുനരധിവാസം കയ്യൊഴിയുന്ന വ്യവസ്ഥ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണുളവാക്കിയിരിക്കുന്നത്.

മാഫിയകളുടെ ഇരയായി പ്രവാസലോകത്ത് കുടുങ്ങിപ്പോയവരുടെ താല്‍‌ക്കാലിക താമസ സൗകര്യമൊരുക്കല്‍, നിയമസഹായം എന്നീ വിദേശകാര്യബന്ധിയായ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന വ്യവസ്ഥ കടുത്ത പ്രവാസിദ്രോഹമായി. ജോലിയിലിരിക്കെ പിരിച്ചുവിടപ്പെടുന്നവരുടെ ശമ്പളം, ഗ്രാറ്റുവിറ്റി, അവധിക്കാല ശമ്പളം എന്നിവ തൊഴിലുടമകള്‍ നല്കാതിരുന്നാല്‍ അതു വാങ്ങി നല്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്ര നിയമം ആ ബാധ്യതയും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുുന്നു.

പ്രവാസികളുടെ മിനിമം വേതനം മിനിമം റഫറല്‍ വേതന സംവിധാനത്തിലൂടെ അതാതു രാജ്യങ്ങളാണു നിശ്ചയിക്കുന്നത്. ഇതു നടപ്പാക്കാന്‍ പ്രവാസ ലോകത്തെ തൊഴിലുടമകള്‍ ബാധ്യസ്ഥരുമാണ്. മറ്റെല്ലാ രാജ്യങ്ങളും മിനിമം റഫറല്‍ വേജ് നിര്‍ണയിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നു തൊഴില്‍ ലഭിച്ചുപോകുന്ന പ്രവാസികളുടെ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറക്കിയ ഉത്തരവു പ്രകാരം 30 മുതല്‍ 50 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതപോലും പരിഗണിക്കാതെ വെറും 15,000 രൂപ ഫ്ലാറ്റ് മിനിമം റഫറല്‍ വേജ് ആയി നിര്‍ണയിച്ചിരിക്കുന്നതിനാല്‍ 45,000 മുതല്‍ 60,000 രൂപ വരെ പ്രതിമാസ വേതനമുള്ള തസ്തികകളില്‍പ്പോലും 15,000 രൂപയ്ക്കു പണിയെടുക്കേണ്ടിവരും. എന്നാല്‍ മിനിമം റഫറല്‍ വേജ് പുതുക്കാനും നിശ്ചയിക്കാനുമുള്ള വ്യവസ്ഥകളും നിര്‍ദ്ദിഷ്ട നിയമത്തിലില്ല. മാഫിയകളുടെ കെണിയില്‍പ്പെട്ട് വിദേശത്ത് എത്തി അനധികൃത കുടിയേറ്റക്കാരായി മാറിയ പ്രവാസികളെ രക്ഷിക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ ഇല്ല.

ഗാര്‍ഹിക ജോലികളടക്കമുള്ള താണ വേതനമുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളാണ് വിദേശത്തുള്ളത്. ഗള്‍ഫില്‍ പണിയെടുക്കുന്ന ഈ വിഭാഗം തൊഴിലാളികള്‍ വിവിധ ചൂഷണങ്ങള്‍ക്കിടയാവുന്നു. ഇവരുടെ സുരക്ഷിതത്വവും സേവന വേതനവും ഉറപ്പാക്കാനുള്ള യാതൊരു വ്യവസ്ഥയും നിലവിലില്ലാത്തതുമൂലം ഈ പുതിയ പ്രവാസി നിയമം സ്ത്രീവിരുദ്ധ നിയമമായി മാറിയിരിക്കുന്നുവെന്ന ആരോപണവും ശക്തം.

Eng­lish Sum­ma­ry: cen­ter gives the respon­si­bil­i­ty of Expa­tri­ate Reha­bil­i­ta­tion to States

You may like this video also