ബഹ്‌റൈനില്‍ പ്രവാസിനികുതി

Web Desk
Posted on November 24, 2017, 10:21 pm

പ്രത്യേകലേഖകന്‍

മനാമ: പത്തുലക്ഷത്തിലേറെ വരുന്ന ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് വന്‍ പ്രഹരമായി നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതിവരുന്നു.
കുറഞ്ഞ തുക നാട്ടിലേയ്ക്ക് അയച്ചാല്‍പോലും 1750 രൂപ നികുതിയായി നല്‍കണം. തുക 50,000 രൂപ കവിഞ്ഞാല്‍ നികുതി പത്തിരട്ടിയായി 1750 രൂപയായി ഉയരും. പത്തു ലക്ഷത്തിലേറെ പ്രവാസികളുള്ള ബഹ്‌റൈനില്‍ നാലരലക്ഷത്തിലേറെ മലയാളികളാണ്. പ്രവാസി റമിറ്റന്‍സ് ഫീസ് എന്ന പേരിലുള്ള ഈ നികുതി വഴി പ്രതിമാസം 1700 കോടി രൂപ സമാഹരിക്കാമെന്നാണ് ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയ ജമാല്‍ ദാവൂദ് എം പിപറയുന്നുവെങ്കിലും ആ കണക്ക് പിന്നെയും ഉയരുമെന്നാണ് പ്രവാസി സംഘടനകളുടെ കണക്ക്. 175 രൂപയുടെ നികുതി പരിധിയില്‍ വരുന്ന തൊഴിലാളികളെ അപേക്ഷിച്ച് പ്രതിമാസം 50,000 ല്‍പരം രൂപയിലധികം നാട്ടിലേയ്ക്ക് അയക്കുന്ന വിദേശികളാണ് കൂടുതല്‍.
ഇതനുസരിച്ച് പ്രവാസി നികുതിയായി പ്രതിവര്‍ഷം 30,000 കോടി രൂപയെങ്കിലും വിദേശികളില്‍ നിന്നും പിഴിയുമെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ നികുതിനിര്‍ദ്ദേശമായ 175 രൂപ പ്രവാസികള്‍ക്ക് വലിയ തുകയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ ഭൂരിഭാഗം പേരും 1750 രൂപ വീതം പ്രതിമാസം അടയ്‌ക്കേണ്ടിവരുമെന്ന കണക്കിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നതും ശ്രദ്ധേയം. പാര്‍ലമെന്ററി — നിയമകാര്യ സമിതിയുടേയും സാമ്പത്തികകാര്യ സമിതിയുടേയും അനുമതിയോടെ നവവത്സരത്തില്‍ത്തന്നെ പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്ന ഈ നികുതി പ്രാബല്യത്തില്‍ വരുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ അരശതമാനം പ്രവാസി നികുതിയായി പിരിക്കണമെന്ന് രണ്ടുതവണ ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിനാലാണ് ഇത്തവണ നികുതി നിര്‍ദേശം നടപ്പാക്കാന്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജമാല്‍ ദാവൂദ് എം പി വ്യക്തമാക്കിയിട്ടുണ്ട്.