കെ രംഗനാഥ്

ദുബായ്:

June 06, 2020, 10:00 pm

പ്രവാസിരോഷം പുകയുന്നു: ബന്ദികളാക്കാന്‍ വിസാ നിയമ ഭേദഗതിയും

Janayugom Online

യുഎഇ സര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളോടു കാട്ടിയ മഹാമനസ്കതയും കാരുണ്യത്തിനുമെതിരെ തടയണ തീര്‍‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിസാ നിയമഭേദഗതിയില്‍ പ്രവാസിരോഷം പുകയുന്നു. കൊറോണയെത്തുടര്‍ന്നുണ്ടായ വിമാനവിലക്കില്‍ മൂന്നരലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ രണ്ട് ലക്ഷത്തോളം മലയാളികളാണ്. മിക്കവരുടേയും താമസ വിസകളുടെ കാലാവധി ഇന്ത്യയില്‍ കുടുങ്ങിയ കാലയളവിനുള്ളില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കു തിരിച്ച് യുഎഇയിലെത്താന്‍ വേണ്ടി റദ്ദായ വിസകളുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടി നൽകി സര്‍ക്കാര്‍ കരുണ കാട്ടുകയായിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ ഇപ്രകാരം വിസാ കാലാവധി നീട്ടിക്കിട്ടിയവര്‍ക്ക് യുഎഇയില്‍ എത്താമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവനുസരിച്ച് വിവിധ രാജ്യങ്ങള്‍ യുഎഇയിലേയ്ക്ക് തിരിച്ചെത്തുന്നതിനിടെയാണ് ഇന്ത്യന്‍ പ്രവാസികളെ മാതൃരാജ്യത്ത് ബന്ദികളാക്കാന്‍ ജൂണ്‍ ഒന്നാം തീയതി വച്ചുതന്നെ വിസാനിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. താമസവിസയ്ക്ക് ചുരുങ്ങിയതു മൂന്നു മാസക്കാലത്തെ സാധുതയെങ്കിലുമുണ്ടായിരക്കണമെന്നാണ് പുതിയ വിസാ ഭേദഗതിനിയമം. മൂന്നു മാസമെങ്കിലും താമസവിസ കാലാവധി ബാക്കിയില്ലാത്തവരെ തിരികെ അവരുടെ ജോലി സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ അനുവദിക്കേണ്ടെന്ന പുതിയ ഉത്തരവുമൂലം ഇന്ത്യയില്‍ തങ്ങിയതിനാല്‍ വിസ നഷ്ടപ്പെട്ട മൂന്ന് ലക്ഷത്തോളം പേര്‍ക്കെങ്കിലും തിരികെപ്പോക്ക് അസാധ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രവാസികളെ തിരികെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തില്‍ മടങ്ങിയെത്തുന്ന ഇന്ത്യക്കാരില്‍ 2.6 ലക്ഷവും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരാണെന്ന് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് മൂന്ന് ലക്ഷത്തോളം പേരെയെങ്കിലും പ്രവാസ ലോകത്തെ തങ്ങളുടെ പണിയിടങ്ങളിലേക്ക് പോകാന്‍ അനുമതി നിഷേധിക്കുന്ന പുതിയ വിസാനിയമം. പുതുതായി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ചവരുടെ നിയമനപത്രം പോലും നിരാകരിച്ച് ഈ ഗണത്തില്‍ പെട്ടവരുടെ ഗള്‍ഫ് സ്വപ്നങ്ങളാണ് കേന്ദ്രം തല്ലിക്കൊഴിക്കുന്നത്. ഇപ്രകാം തിരികെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിരികെയെത്താനാവാതെ ഇന്ത്യയില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളുടെ കുടുംബങ്ങള്‍ ഗള്‍ഫ് മേഖലയിലുണ്ട്. താങ്ങായ കുടുംബനാഥന്‍ മാതൃരാജ്യത്ത് ബന്ദിയാകുമ്പോള്‍ പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുടെ കണ്ണീര്‍ കാണാന്‍പോലും കഴിയാത്ത ക്രൂരമായ പ്രവാസി ദ്രോഹ നടപടിയാണ് വിസാനിയമ ഭേദഗതിയെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

കുടുംബങ്ങളെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലാക്കിയിട്ട് അടിയന്തിരാവശ്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കും അവധിക്കും നാട്ടില്‍ പോയവര്‍ക്ക് തിരികെപ്പോകാന്‍ അനുമതി നിഷേധിക്കുന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും കലശലായുണ്ട്. വന്ദേഭാരത് മിഷനില്‍ പ്രവാസികളെ നാട്ടിലേക്കു കൊണ്ടുപോയ ശേഷം തിരിച്ചു ഗള്‍ഫിലേക്ക് കാലിയായി പറക്കുന്ന വിമാനങ്ങളില്‍ ഗള്‍ഫിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ടുവരണമെന്ന ആവശ്യവും കേന്ദ്രം മനുഷ്യപ്പറ്റില്ലാതെ നിരസിച്ചിരിക്കുന്നു. മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികളോ ഗള്‍ഫില്‍ നിന്നടക്കമുള്ള വിദേശ വിമാനക്കമ്പനികളോ ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതിയും കേന്ദ്രം നിഷേധിച്ചിരിക്കുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഒരു വിമാന കമ്പനിക്കും ജൂണ്‍ അവസാനം വരെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുന്നു.

ENGLISH SUMMARY: Expa­tri­ates issue: Visa law amend­ments to hostages

YOU MAY ALSO LIKE THIS VIDEO