പി എസ് രശ്‌‌മി

December 09, 2019, 12:44 pm

വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് മികച്ച വരുമാനമുണ്ടാക്കാൻ എക്സ്പീരിയൻസ് എത്തിനിക് ക്യൂസിൻ

Janayugom Online

തിരുവനന്തപുരം: വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയിരുന്ന വീട്ടമ്മമാരുടെ കൈപ്പുണ്യം.അവരുണ്ടാക്കുന്ന നാടൻ വിഭവങ്ങളുടെ കൊതിയൂറുന്ന രുചി.ഇതെല്ലാം ഇനി ലോകമറിയും. കേരളത്തിന്റെ തനത് വിഭവങ്ങളെ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പുതിയ പദ്ധതി എക്സ്പീരിയൻസ് എത്തിനിക് ക്യൂസിൻ ആണ് വീട്ടമ്മമാർക്കും തൊഴിലവസരത്തിന്റെയും വരുമാനത്തിന്റെയും ഒരു പുതു ലോകം തുറക്കുന്നത്. പാചകത്തിൽ മിടുക്കരായ വീട്ടമ്മമാർക്ക് വരുമാന മാർഗം കൂടിയാണ് പദ്ധതി.

ആദ്യഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് വീട്ടമ്മമാരിൽ നിന്നും ലഭിക്കുന്നത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളുടെ രുചി വിദേശ സഞ്ചാരികളടക്കമുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ഈ പദ്ധതി വഴി കഴിയും. സഞ്ചാരികൾക്ക് സംസ്ഥാനത്തിന്റെ ഏത് കോണിലും രുചിയും വൃത്തിയുമുള്ള ഭക്ഷണം കൂടി ഉറപ്പാക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു. എല്ലാ ജില്ലകളിൽ നിന്നുമായി 2088 അപേക്ഷകരാണ് പദ്ധതിയിൽ ഇത് വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത യൂണിറ്റുകൾക്കുള്ള ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. രണ്ടാംഘട്ടം ഈ മാസം ആരംഭിക്കും. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടവരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ചിലയിടങ്ങളിൽ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. വിദേശ ടൂറിസ്റ്റുകൾക്ക് പ്രാധാന്യം കൊടുക്കുന്നുവെങ്കിലും എല്ലാ സഞ്ചാരികൾക്കും ഏത് സ്ഥലത്ത് യാത്ര പോകുമ്പോഴും ആ പ്രദേശത്ത് രുചികരമായ നാടൻ ഭക്ഷണം ലഭ്യമാകും.

you may also like this video

നേരത്തെ ബുക്ക് ചെയ്യണം എന്ന് മാത്രം. എത്ര ദിവസം മുൻപ് ബുക്ക് ചെയ്യണം എന്നത് ഭക്ഷണം ഉണ്ടാക്കുന്ന വീട്ടുകാർക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം. അന്ന് രാവിലെ ബുക്ക് ചെയ്താലും നൽകാൻ കഴിയുന്നവരും അല്ലാത്തവരും ഉണ്ടാകും. ഇതെല്ലാം സൈറ്റിൽ രേഖപ്പെടുത്താം. ഇതിനുള്ള സോഫ്റ്റ്‌വേർ ഇപ്പോൾ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ രുചി സംസ്ക്കാരത്തിൽ നിന്നും അന്യം നിന്നു പോകുന്ന നാടൻ തനിമ നിലനിർത്താനും പദ്ധതി പ്രയോജനകരമാകുമെന്നതാണ് മറ്റൊരു മേൻമ. 2021 ൽ ൽ 6000 വീടുകളിൽ പദ്ധതി നടപ്പാക്കുക വഴി 30000 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവാദിത്തടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ രൂപേഷ്‌ കുമാർ ജനയുഗത്തോട് പറഞ്ഞു.

നാട്ടിൻ പുറങ്ങളിൽ ഓണമുണ്ണാം എന്ന പദ്ധതിയിലൂടെ കഴി‍‍ഞ്ഞ ഓണക്കാലത്ത് ഈ പദ്ധതിയെ മറ്റൊരു രൂപത്തിൽ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ചിരുന്നു. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത് എന്നതു കൂടിയാണ് എത്തിനിക് ക്യൂസിന് വഴികാട്ടിയാകുന്നത്. അന്ന് ആ പാക്കേജിൽ ഉൾപ്പെട്ടിരുന്ന കുടുംബങ്ങളും എത്തിനിക് ക്യൂസിന്റെ ഭാഗമായി ചേരുന്നുണ്ട്. അവർക്ക് നിലവിൽ ടൂറിസ്റ്റുകളിൽ നിന്നു ബുക്കിംഗുകൾ ലഭിക്കുന്നുമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കമ്മ്യുണിറ്റി ടൂർ പാക്കേജുകൾ ഉണ്ട്. അവയുടെ ഭാഗമായും ഈ പാക്കേജിൽപെടുത്തി സഞ്ചാരികൾക്ക് ഭക്ഷണം നൽകുന്നുണ്ട്. തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ പേർ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.