Saturday
19 Oct 2019

ഗഡ്ബന്ധന്‍ രാഷ്ട്രീയം നല്‍കുന്ന അനുഭവപാഠങ്ങള്‍

By: Web Desk | Tuesday 25 June 2019 10:49 PM IST


തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുക എന്ന തങ്ങളുടെ പഴയതന്ത്രത്തിലേക്ക് മടങ്ങുന്നുവെന്ന ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ബിജെപി ഉത്തര്‍പ്രദേശിലെ സിംഹഭാഗം സീറ്റുകളും കയ്യടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്പിക്ക് ഒപ്പം ചേര്‍ന്ന് ‘മഹാഗഡ്ബന്ധന്’ രൂപം നല്‍കാന്‍ മായാവതിയെ പ്രേരിപ്പിച്ചത്. അവസരം ഒത്തുവന്നാല്‍ സ്വയം പ്രധാനമന്ത്രി ആവുന്നതിനും അവര്‍ സന്നദ്ധയായിരുന്നു. ആ രണ്ട് ലക്ഷ്യങ്ങളും പരാജയപ്പെട്ടതോടെ മഹാസഖ്യമെന്ന ആശയത്തിനു തന്നെ പ്രസക്തി ഇല്ലാതായി. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് അപ്പുറം നിക്ഷിപ്ത വ്യക്തിതാല്‍പര്യങ്ങളില്‍ മാത്രം അധിഷ്ഠിതമായ അവസരവാദ കൂട്ടുകെട്ടിനാണ് അറുതി ആയിരിക്കുന്നത്. ബിജെപി പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ-വര്‍ഗീയ രാഷ്ട്രീയത്തെ ജാതീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യംകൊണ്ട് നേരിടാനാവുമെന്ന കണക്കുകൂട്ടലിന്റെ പരാജയമാണ് മഹാഗഡ്ബന്ധന്റെ തകര്‍ച്ച അടയാളപ്പെടുത്തുന്നത്. ഇത് ഉത്തര്‍പ്രദേശിന്റെ മാത്രം ഒറ്റപ്പെട്ട കഥയല്ല. സമാനമായ രീതിയില്‍ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ രൂപംകൊണ്ട മഹാസഖ്യവും തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക കാഴ്ചപ്പാടും അഭിപ്രായ സമന്വയവും കൂടാതെ അധികാരത്തിനു വേണ്ടി മാത്രം തല്ലിക്കൂട്ടിയ സഖ്യങ്ങളാണ് ചീട്ടുകൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നുവീഴുന്നത്. ഇത് ഇന്ത്യന്‍ രഷ്ട്രീയത്തില്‍ ഒരു ബദല്‍ രാഷ്ട്രീയ പാന്ഥാവ് വെട്ടിത്തെളിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം അനുഭവപാഠമാകണം.

ബിജെപി പ്രതിനിധാനം ചെയ്യുന്നത് കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്നതും അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയതയെ കൂട്ടുപിടിച്ചുമുള്ള രാഷ്ട്രീയത്തെയാണ്. യുപിയിലും ബിഹാറിലും അതേ സാമ്പത്തിക താല്‍പര്യത്തെ സംരക്ഷിക്കുന്ന, തീവ്ര ഹിന്ദുവര്‍ഗീയതയ്ക്ക് പകരം ജാതി-സമുദായ കൂട്ടുകെട്ടില്‍ അധിഷ്ഠിതവുമായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് ബിജെപിക്ക് ബദലായി ഉയര്‍ന്നുവരാന്‍ ശ്രമിച്ചത്. ഇത്തരം സഖ്യശ്രമങ്ങള്‍ക്ക് ജാതി-സമുദായ കേന്ദ്രീകരണ ലക്ഷ്യങ്ങള്‍ക്ക് അപ്പുറം ജനങ്ങളുടെ ജീവിത-സാമ്പത്തിക പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും പ്രതിനിധാനം ചെയ്യാനും തെല്ലും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനെ കേവലം അധികാര വടംവലി മാത്രമാക്കി മാറ്റുന്നതിനപ്പുറം ക്രിയാത്മക ബദല്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നതില്‍ അത്തരം സഖ്യശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തോടെ ഘടകക്ഷികള്‍ തങ്ങളുടെ വോട്ടുകള്‍ മുന്നണിയിലെ പങ്കാളികള്‍ക്ക് പരസ്പരം മാറ്റി നല്‍കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ ബദല്‍ എന്ന പ്രതിഛായ വളര്‍ത്തുന്നതിനൊ നിര്‍ണായക സ്വാധീന ശക്തിയായി മാറുമായിരുന്ന മതന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതിനോ അവരുടെ വോട്ടുകള്‍ അര്‍ഹിക്കുന്ന അളവില്‍ നേടുന്നതിനോ മുന്നണിക്കും ഘടകകക്ഷികള്‍ക്കും കഴിഞ്ഞില്ല. ഈ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ട്ടികളടക്കം സംഘ്പരിവാറിനെ എതിര്‍ക്കുന്ന ഇതര പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതിലും അവരുടെ വോട്ടുകള്‍ രാഷ്ട്രീയമായി ഏകീകരിക്കുന്നതിലും ‘മഹാഗഡ്ബന്ധന്‍’ പരീക്ഷണം പരാജയപ്പെട്ടു. തീവ്രഹിന്ദുത്വത്തെ എതിര്‍ക്കുമ്പോഴും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കും ഇംഗിതത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാനും അവര്‍ വിമുഖത കാട്ടിയില്ല. ബിഹാറിലെ ബഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ ആര്‍ജെഡി കൈക്കൊണ്ട നിലപാടുതന്നെ ഇതിന് ഉത്തമോദാഹരണമാണ്.

ബിജെപിയും സംഘ്പരിവാറും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും നയപരിപാടികളും എതിര്‍ക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ അവരെ അധികാരത്തില്‍ നിന്നും പുറത്താക്കി പ്രതിലോമ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും വര്‍ഗീയതയെ ജാതി-സാമുദായികതകള്‍കൊണ്ട് പകരം വയ്ക്കുകയും ചെയ്യുക എന്നത് ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ജാതി-സാമുദായികതകളെ മതാധിഷ്ഠിത വര്‍ഗീയതകൊണ്ട് മറികടക്കാനാകുമെന്ന സൂചനയാണ് പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കുന്നത്. അതിനുപോലും വോട്ടര്‍മാരുടെ ഭൂരിപക്ഷ പിന്തുണ ഇല്ലെന്നുതന്നെയാണ് ബിജെപിക്കും എന്‍ഡിഎക്കും എതിരെ വോട്ട് ചെയ്ത 55 ശതമാനം വരുന്ന പൗരന്‍മാര്‍ നല്‍കുന്ന സന്ദേശം. വ്യക്തമായ രാഷ്ട്രീയ – സാമൂഹിക കാഴ്ചപ്പാടും സാമ്പത്തിക നീതി ഉറപ്പുനല്‍കുന്ന ഒരു ബദലിനു മാത്രമെ ജനപിന്തുണ ആര്‍ജിക്കാനാവൂ. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും പ്രാദേശികവാദത്തിനും ഉപരിയായി ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന രാഷ്ട്രീയത്തിന് മാത്രമേ സുസംഘടിതവും സുസ്ഥിരവുമായ ഒരു ബദല്‍ ഉറപ്പു നല്‍കാനാവൂ. അതാണ് യുപിയിലെയും ബിഹാറിലെയും മഹാഗഡ്ബന്ധന്‍ രാഷ്ട്രീയത്തിന്റെ തകര്‍ച്ച നല്‍കുന്ന പാഠം.