കെ ജി ശിവാനന്ദൻ

September 14, 2021, 6:23 am

ഒരു വിദഗ്ധ കമ്മിറ്റി റിപ്പോർട്ടും വരാൻ പോകുന്ന വിപത്തും

Janayugom Online

1965ൽ പാർലമെന്റ് പാസാക്കിയ ബാങ്കിങ് റെഗുലേഷൻ ആക്ട് ഭേദഗതിയെ തുടർന്നാണ് സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരം റിസർവ് ബാങ്കിന് കൈവന്നത്. ബാങ്കിങ് ഇടപാടുകളിൽ മാത്രമായിരുന്നു നിയന്ത്രണാധികാരം. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമായതിനാൽ സഹകരണ നിയമങ്ങൾക്കായിരുന്നു പ്രാമുഖ്യം. സംസ്ഥാന സഹകരണ നിയമങ്ങൾക്കു കീഴിലുള്ള സഹകരണ ബാങ്കുകൾ എന്ന തത്വം അംഗീകരിച്ചുകൊണ്ട്, ആർബിഐ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ചുമതലയാണ് റിസർവ് ബാങ്ക് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അതിലൊരു മാറ്റം ഉണ്ടായത് സംസ്ഥാന സർക്കാരുമായി 2010ൽ ധാരണാപത്രം ഒപ്പുവച്ചതോടുകൂടിയാണ്. ബാങ്കുകളുടെ പ്രവർത്തനം പ്രൊഫഷണൽ രീതിയിൽ ആക്കുക, ഇലക്ട്രോണിക് ബാങ്കിങ് സംവിധാനം, ഭരണസമിതിയിൽ രണ്ട് പ്രൊഫഷണൽ ഡയറക്ടർമാർ തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. ഓഡിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അധികാരം നിലനിർത്തുകയും ചെയ്തു.

 

അതിനുശേഷം 2012ൽ ബാങ്കുകളിൽ പ്രൊഫഷണലിസം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി, പാർലമെന്റിൽ 97-ാം ഭരണഘടന ഭേദഗതി നിയമം പാസാക്കി. ഇതിലൂടെ ‘പാർട്ട്-9 ബി’ എന്ന വകുപ്പ് കൂട്ടിച്ചേർത്തു. അതിനുശേഷം കേന്ദ്ര നിയമത്തിന്റെ അധികാരപരിധിയിൽ നിന്നുകൊണ്ട് സഹകരണ ബാങ്കുകളിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾക്ക് ആർബിഐ അതിവേഗത്തിൽ തുടക്കമിട്ടു. നവ ലിബറൽ നയങ്ങൾ ഉൾക്കൊള്ളുന്ന പുത്തൻ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ് പരിഷ്ക്കാരങ്ങൾക്ക് ആർബിഐ നേതൃത്വം നൽകുന്നത്. ഈ നടപടികള്‍ സഹകരണ മേഖലയുടെ പ്രഭാവത്തിന് മങ്ങലേല്പിക്കുകയും ചെയ്തു. അതിനിടയിൽ 2013 ‑ൽ 97-ാം ഭരണഘടന ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ‘പാർട്ട്-9 ബി’ വകുപ്പിന് സ്റ്റേ കൊടുക്കുകയും ചെയ്തു. അതിനെതുടർന്ന് ഈ മേഖലയിലുള്ള ആർബിഐയുടെ പരിഷ്ക്കരണ നടപടികൾ മന്ദഗതിയിലായി.

 

സമ്പൂർണ സ്വകാര്യവല്‍ക്കരണവും കോർപ്പറേറ്റ്‌വല്‍ക്കരണവും ലക്ഷ്യംവച്ച് നയങ്ങളും നടപടികളും ആസൂത്രണം ചെയ്തുകൊണ്ടിരിയ്ക്കുന്ന മോഡി സർക്കാർ, 2020‑ൽ ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതി അവതരിപ്പിച്ച് പാസാക്കിയെടുത്തു. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള ഭേദഗതിയെന്നാണ് അവകാശവാദം ഉന്നയിച്ചത്. ഭേദഗതി നിയമത്തിൽ പ്രധാനമായും ബാങ്കുകളെ സംബന്ധിക്കുന്ന നാല് നിയമങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 1949 ‑ലെ ബാങ്കിങ് റെഗുലേഷൻ ആക്ട്, 1981 ‑ലെ നബാർഡ് ആക്ട്, റിസർവ് ബാങ്ക് ആക്ട് എന്നിവ കൂടാതെ ബാങ്കിങ് മേഖലയിൽ വാണിജ്യ ബാങ്കുകൾക്ക് മാത്രം ബാധകമായിട്ടുള്ള 1956‑ലെ കമ്പനീസ് ആക്ട് എന്നിവയാണ് മാറ്റത്തിന് വിധേയമായ ഘടകങ്ങൾ. ഈ നിയമഭേദഗതി നിലവിൽ വന്നശേഷം ത്വരിതഗതിയിൽ പരിഷ്ക്കരണ നടപടികളുമായി ആർബിഐ മുന്നോട്ട് വന്നു. ഉത്തരവുകളായും സർക്കുലറുകളിറക്കിയും വിജ്ഞാപനത്തിലൂടെയും ആർബിഐ അവരുടെ നടപടികൾ വേഗത്തിലാക്കി. സഹകരണമേഖലയുടെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു പല നടപടികളും. ഇത് സഹകാരികളിൽ ആശങ്കയുണ്ടാക്കി. ദേശീയതലത്തിൽ തന്നെ ചർച്ചകൾ ഉണ്ടായി. അർബൻ സഹകരണബാങ്കുകളുടെ ടാസ്ക് ഫോഴ്സ് (ടഫ്കബ്) കമ്മിറ്റിയും ആർബിഐ മേധാവികളുമായി ആശയവിനിമയം നടത്തി, അഭിപ്രായങ്ങൾ പങ്കുവച്ചു.


ഇതുകൂടി വായിക്കൂ: സഹകരണ ബാങ്കുകൾക്കുമേൽ കേന്ദ്രം പിടി മുറുക്കുന്നു


 

നിക്ഷേപ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർബിഐയുടെ നിലപാടുകളോട് യോജിക്കുമ്പോൾ തന്നെ, സഹകരണ തത്വങ്ങളെ മറികടന്നുകൊണ്ട് ജോയിന്റ് സ്റ്റോക്ക് കമ്പനിനിയമങ്ങൾക്ക് വിധേയമായിക്കൊണ്ടുള്ള പരിഷ്ക്കാരങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു. ഈ അഭിപ്രായങ്ങളാണ് പ്രധാനമായും പങ്കുവച്ചത്. ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്ക്കാരങ്ങൾ കോർപറേറ്റ് വല്‍ക്കരണത്തേയും സ്വകാര്യവല്‍ക്കരണത്തേയും സഹായിക്കുന്ന തരത്തിലുള്ളതാണ്. ഈ നടപടികൾ മൂലം സഹകരണ പ്രസ്ഥാനം ദുർബലപ്പെടുകയും ഒരു ഘട്ടം പിന്നിടുമ്പോൾ സഹകരണ സ്ഥാപനങ്ങൾ നാശത്തിലെത്തുകയും ചെയ്യും.

ഈ ആശങ്കയുടെ ഒടുിവല്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാൻ ആർബിഐ തയാറായി. കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് 2021 ഫെബ്രുവരി 15ന് ഇറക്കി. റിസർവ് ബാങ്കിന്റെ മുൻ ഡപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ ചെയർമാനും വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരും പരിചയ സമ്പന്നരുമായ ഹർഷകുമാർ ബൻവാല, മുകുന്ദ്. എം ചിറ്റാലെ, എൻ സി മുനിയപ്പ, ആർ എൻ ജോഷി, എം എസ് ശ്രീറാം, ജോതീന്ദ്ര എം മേത്ത, ശ്രീരാജ് നിഗം എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. സമയബന്ധിതമായിതന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ബി ആർ ആക്ട് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ അർബൻ സഹകരണ ബാങ്കുകളിൽ നടപ്പിലാക്കേണ്ട ഭരണപരവും ധനകാര്യസംബന്ധവുമായ പരിഷ്ക്കാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള റിപ്പോർട്ട്, വിദഗ്ധ കമ്മിറ്റി ആർബിഐക്ക് സമർപ്പിച്ചത് 2021 ജൂലൈ 31 നാണ്. സഹകാരികളെ സംബന്ധിച്ചിടത്തോളം റിപ്പോർട്ട് നിരാശാജനകമാണ്. ആർബിഐ നടപ്പിലാക്കിക്കൊണ്ടിരുന്ന പരിഷ്ക്കരണനടപടികൾ അടിവരയിട്ട് അംഗീകരിക്കുന്ന സമീപനമാണ് വിദഗ്ധ സമിതി സ്വീകരിച്ചിട്ടുള്ളത്. ഒരിടത്തുപോലും ഒരു മാറ്റവും പ്രതിഫലിപ്പിച്ചിട്ടില്ല. സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് ശക്തിപ്പെടുത്തിക്കൊണ്ട് ബാങ്കുകളുടെ ലയനത്തിന് നിർബന്ധിത സാഹചര്യം ഒരുക്കുകയാണ് വിദഗ്ധ കമ്മിറ്റി റിപ്പോർട്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതിനു മുമ്പും അർബൻ ബാങ്കുകളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനും വേണ്ടി ആർബിഐ നിരവധി കമ്മി­റ്റികളെ നിയോഗിക്കുകയുണ്ടായിട്ടുണ്ട്. കെ മാധവ റാവു ചെയർമാനായിട്ടുള്ള 1999ലെ ഉന്നതാധികാര കമ്മിറ്റി, 2011 ലെ വൈ എച്ച് മലേഗാൻ ചെയർമാനായിട്ടുള്ള വിദഗ്ധ കമ്മിറ്റി, ആർ ഗാന്ധി ചെയർമാനായിട്ടുള്ള ഉന്നതാധികാര കമ്മിറ്റി തുടങ്ങിയ പ്രധാനപ്പെട്ട കമ്മിറ്റികളാണ് നവലിബറൽ നയങ്ങളുടെ പരിപോഷണം ലക്ഷ്യം വച്ചുള്ള റിപ്പോർട്ടുകളാണ് ഈ കമ്മിറ്റികളെല്ലാം സമർപ്പിച്ചിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: കോവി‍ഡ് ആഘാതത്തിൽ നിന്ന് കരകയറാനാകാതെ ലെെംഗീകത്തൊഴിലാളികളുടെ സഹകരണബാങ്ക്


 

ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് എൻ എസ് വിശ്വനാഥൻ കമ്മിറ്റി റിപ്പോർട്ടാണ്. റിപ്പോർട്ടിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള മിക്ക കാര്യങ്ങളും സർക്കുലറുകളിലൂടെയും വിജ്ഞാപനമായും സഹകരണ ബാങ്കുകളോട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളവയാണ്. റിപ്പോർട്ട് സഹകാരി സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. വിമർശനാത്മകമായ ചർച്ച അനിവാര്യമാണെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. എങ്കിൽ മാത്രമെ സഹകരണ സ്ഥാപനങ്ങളുടെ നിലനില്പിനാവശ്യമായ ബദൽ നിർദ്ദേശങ്ങൾ ഉയർന്നു വരികയുള്ളൂ.

വിദഗ്ധ കമ്മിറ്റി ചരിത്രപരമായ പാശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. 1966 മാർച്ച് ഒന്നുമുതൽ അർബൻ സഹകരണ ബാങ്കുകളിൽ ആർബിഐ ഇടപെടാൻ തുടങ്ങി. അപ്പോൾ അഭിമുഖീകരിച്ച പ്രധാന പ്രശ്നം സഹകരണ ബാങ്കുകളിലെ നിക്ഷേപ‑വായ്പാ അനുപാതം സംബന്ധിച്ചുള്ളതായിരുന്നു. നിക്ഷേപത്തെക്കാൾ കൂടുതൽ തുക മിക്ക ബാങ്കുകളും വായ്പയായി നൽകിയിരുന്നു. അന്നുണ്ടായിരുന്ന 1106 അർബൻ ബാങ്കുകളിൽ ആകെ നിക്ഷേപം 153 കോടി രൂപയായിരുന്നു. അംഗങ്ങൾക്ക് വായ്‌പ നൽകിയതാകട്ടെ 167 കോടി രൂപയും. ആർബിഐയുടെ ഇടപെടൽ പ്രശ്നം പരിഹരിക്കാൻ സഹായകരമായിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1990ൽ അർബൻ സഹകരണ ബാങ്കുകളുടെ എണ്ണം 1390 ആയി വർധിച്ചിരുന്നു. നിക്ഷേപതുക 8660 കോടിയായി ഉയർന്നു. വായ്‌പാസംഖ്യ 6800 കോടി രൂപയായി. നിക്ഷേപ‑വായ്‌പാ അനുപാതം ആർബിഐ പറയും പ്രകാരം ഒട്ടുമിക്ക ബാങ്കുകളും പാലിച്ചു. ക്യാഷ് റിസർവ് റേഷ്യോയും സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയും നിർബന്ധിതമാക്കി. 2020ൽ പരിശോധിക്കുമ്പോ­ൾ ബാങ്കുകളുടെ എണ്ണം 1539 ആണ്. നിക്ഷേപതുക 5011.8 ബില്യൺ രൂപയായി ഉയർന്നു. വായ്‌പയായി നൽകിയിട്ടുള്ള സംഖ്യ 3053.7 ബില്യൺ രൂപയാണ്. സഹകരണ മേഖലയിലുള്ള ബാങ്കുകളുടെ കൈ പിടിച്ചുയർത്തുന്നതിൽ ആർബിഐ വഹിച്ച പങ്കിനെ സർവരും ശ്ലാഘിച്ചിരുന്നു. അവരുടെ ഇടപെടലുകളിൽ അതാത് കാലത്തെ കേന്ദ്രസർക്കാരുകളുടെ നയങ്ങളും പ്രതിഫലിച്ചിരുന്നു.

 

 

2020ലെ ബി ആർ ആക്ട് ഭേദഗതിയിൽ സെ­ക്ഷൻ 45നൊപ്പം, സെക്ഷൻ 56 കൂടി കൂട്ടിചേർത്തിട്ടുണ്ട്. കമ്പനീസ് ആക്ട് പ്രകാരം ഓഹരികൾ കൈമാറ്റവിധേയമാണ്. ഓഹരി മൂല്യത്തിനനുസരിച്ചായിരിക്കും വോട്ടിന്റെ മൂല്യവും നിർണയിക്കപ്പെടുന്നത്. സഹകരണ തത്വങ്ങളിൽ പറയും പ്രകാരമുള്ള ‘ഒരംഗത്തിന് ഒരു വോട്ട്’ എന്ന തത്വം എങ്ങനെ പാലിക്കപ്പെടും എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. ഈ അവ്യക്തത ബോധപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുള്ള നിലപാടിനെ ബാഹ്യമായ ഭാവപ്രകടനം മാത്രമായി കാണാനേ കഴിയുകയുള്ളൂ. ബാങ്കുകളുടെ സംയോജനം സംഭവിച്ചാൽ അംഗങ്ങളുടെ വോട്ടവകാശത്തിന് എന്ത് സംഭവിക്കുമെന്നതിൽ റിപ്പോർട്ട് മൗനം പാലിക്കുകയാണ്.

സഹകരണ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യമുഖമാണ് അംഗങ്ങളുടെ ജനറൽബോഡിക്കുള്ള അവകാശാധികാരങ്ങളും തീരുമാനങ്ങളും. ഇതിനുനേരെയും കൈയേറ്റശ്രമം ഉണ്ടായിരിക്കുന്നു. ബൈലോദേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനറൽബോഡിയെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും, അത് അസാധുവായിരിക്കുമെന്നുമാണ് ബാങ്കുകളെ ആർബിഐ അറിയിച്ചിരിക്കുന്നത്, ഇക്കാര്യത്തിൽ വിദഗ്ധ സമിതി മൗനം പാലിച്ചിരിക്കുകയാണ്.

ബാങ്കിന്റെ മാനേജ്മെന്റ് ഏതുവിധത്തിലുള്ളതായിരിക്കണമെന്ന് ആർബിഐ മുൻകൂട്ടി പ്രഖ്യാപിക്കുന്നു. സഹകരണ വകുപ്പിന്റെ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ഒട്ടും തന്നെ ബാധകമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ആർബിഐ. ഇതു സംബന്ധമായി നിരവധി ഉത്തരവുകൾ ഇതിനകം ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നിയമം ഭരണസമിതി എന്ന ആശയത്തിൽ ഒതുങ്ങുമെന്ന് ചുരുക്കം. ഇക്കാര്യത്തിലും ആർബിഐക്ക് ഒപ്പം നിൽക്കുന്ന സമീപനമാണ് വിദഗ്ധ സമിതി സ്വീകരിച്ചിട്ടുള്ളത്. മുഴുവന്‍ സമയ ചെയർമാൻ അല്ലെങ്കിൽ മുഴുവന്‍ സമയ ഡയറക്ടർ പദവിയോടുകൂടിയുള്ള മാനേജിങ് ഡയറക്ടർ എല്ലാ യുസി ബികൾക്കും ഉണ്ടായിരിക്കണമെന്നാണ് ആർബിഐ മുന്നോട്ട് വയ്ക്കുന്ന നിബന്ധന. അതിനൊപ്പം 51 ശതമാനം പ്രൊഫഷണലുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറക്ടർ ബോർഡ് ഉണ്ടാകണം.

 


ഇതുകൂടി വായിക്കൂ: സഹകരണത്തെ വരുതിയിലാക്കാനുള്ള കേന്ദ്രനീക്കവും കോടതിവിധിയും


 

2021 ജൂൺ 25ന് ആർബിഐ ഇറക്കിയ പ്രത്യേക ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി ‘സ്റ്റേ’ ചെയ്തിരിക്കുകയാണ്. സഹകരണം സംസ്ഥാന വിഷയമാണ് എന്ന നിലപാടിൽ നിന്നുകൊണ്ടാണ് റിസർവ് ബാങ്കിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. പരമോന്നത നീതിപീഠത്തിൽ നിന്നും സഹകരണമേഖലയുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ രണ്ട് വിധികൾ സഹകരണമേഖലയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നവയാണ്. അതിലൊന്ന് 97-ാം ഭരണഘടന ഭേദഗതിയിലൂടെ പാസാക്കിയെടുത്ത ‘പാർട്ട് 9 ബി’ വകുപ്പ് ഭാഗികമായി റദ്ദ് ചെയ്തു കൊണ്ടുള്ള വിധിയാണ്. മറ്റൊന്ന് സഹകരണ വായ്പാ സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി കൊണ്ടുള്ളതും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സ്ഥിതി പരിശോധിച്ചാൽ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്ന നിർവചനത്തിൽ വരുന്നതും റിസർവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ ബാങ്കുകൾ പരിമിതമാണ്. കേരള ബാങ്ക് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന സംസ്ഥാന സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണബാങ്കുകളുടെ ഗണത്തിൽപ്പെടുന്ന അർബൻ സഹകരണ ബാങ്കുകളുമാണ് ഈ ഇനത്തിൽ ഉള്ളത്. 20,000 കോടി രൂപയ്ക്കുമേൽ നിക്ഷേപമുള്ള സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളായി രൂപാന്തരപ്പെടുമെന്ന് ആർ ഗാന്ധി കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള വിവരം വിശ്വനാഥൻ കമ്മിറ്റി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ഈ സൂചന സംസ്ഥാന സഹകരണ ബാങ്കിനെ സംബന്ധിച്ചിടത്തോളം സഹകാരികളിൽ ആശങ്ക ഉണ്ടാക്കുന്നതാണ്.

 


ഇതുകൂടി വായിക്കൂ: ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് : മുഖ്യമന്ത്രി


 

ഭരണഘടന മൂല്യങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരം ചോർന്ന് പോകാതിരിക്കാനും, കവർന്നെടുക്കാൻ അനുവദിക്കാതെ കാത്തു സൂക്ഷിക്കുന്നതിനും ഫെഡറലിസത്തിന്റെ കാവൽക്കാരാകുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്. സഹകരണമേഖലയുടെ കാര്യത്തിൽ സർക്കാര്‍ ഉണർന്ന് പ്രവർത്തിക്കേണ്ടതായ സമയമാണിത്.

ബാങ്കിങ് റെഗുലേഷൻ (ഭേദഗതി) നിയമം 2020­ന്റെ പശ്ചാത്തലത്തിൽ സഹകരണബാങ്കുകൾക്ക് മേൽ സ്വീകരിക്കേണ്ടതായ നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നിലപാടുകളെ അതേപടി സാധൂകരിക്കുന്ന എൻ എസ് വിശ്വനാഥൻ കമ്മിറ്റിയുടെ ആപൽക്കരമായ നിർദ്ദേശങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

അതോടൊപ്പം റിസർവ് ബാങ്കിനെയും ആദായ നികുതി വകുപ്പുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമത്തേയും നേരിടേണ്ടതുണ്ട്. ആ നീക്കത്തിനുനേരെ കയ്യുംകെട്ടി നോക്കിയിരിക്കുന്നത് അപകടമാണ്. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയർന്നുവരണം. നിയമപരമായ പോരാട്ടവും ഉണ്ടാകണം.