February 8, 2023 Wednesday

കേരള മാതൃക പകർത്താൻ ആഴത്തിലുള്ള പഠനങ്ങൾ വേണമെന്ന് വിദഗ്ധർ

Janayugom Webdesk
ന്യൂഡൽഹി
April 21, 2020 8:24 pm

കൊറോണ വ്യാപനം തടയുന്നതിൽ കേരളം അനുവർത്തിച്ച മാതൃക മറ്റ് സംസ്ഥാനങ്ങൾക്കോ രാജ്യങ്ങൾക്കോ എളുപ്പത്തിൽ മാതൃകയാക്കാൻ കഴിയുന്നതല്ലെന്ന് റിപ്പോർട്ട്. സംസ്ഥാനം രൂപീകരിച്ച ശേഷം കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുടെ പ്രവർത്തനങ്ങളുടെ ഫലമാണ് കോറോണ മഹാമാരിയെ പോലും അനായാസം നേരിടാൻ കേരളത്തെ പ്രാപ്തമാക്കുന്നതെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ആരോഗ്യ പരിപാലന മേഖലയിൽ ദശാബ്ദങ്ങളായി സർക്കാരുകൾ നടത്തിയ സാമ്പത്തിക- മാനവവിഭവശേഷി നിക്ഷേപമാണ് മഹാമാരിക്കിടയിലും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതെത്തുന്നതിന് കാരണമായത്.

ആരോഗ്യ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനൊപ്പം പൊതുമേഖലയിലെ ആശുപത്രികളെ ലോകോത്തര നിലവാരത്തിലുള്ളതാക്കാനും സർക്കാരുകൾ ഏറെ ശ്രദ്ധിച്ചിരുന്നു. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തിലെ ഒരു കൂട്ടം സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടത്തിയ ക്യൂബൻ മോഡൽ പരിഷ്കാരങ്ങൾ. കേരളത്തിലെ ഉന്നത സാക്ഷരതാ നിരക്കും ആരോഗ്യ പരിപാലന സംവിധാനങ്ങൾ മികവുറ്റതാക്കാൻ സഹായിച്ചുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ബജറ്റുകളിലും അർഹമായ വിഹിതം ആരോഗ്യ മേഖലയ്ക്കായി സർക്കാരുകൾ അനുവദിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച ക്വാറന്റൈൻ, ദ്രുത പരിശോധനാ സംവിധാനങ്ങൾ, രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയുള്ള പ്രതിരോധ നടപടികൾ, രോഗം വന്നാൽ നിരക്ഷരരായ ജനവിഭാഗങ്ങൾ പോലും ആശുപത്രികളിൽ പോകാൻ കാണിക്കുന്ന വ്യഗ്രത, ആശുപത്രികളുടെ ലഭ്യത എന്നിവ മൂലമാണ് മഹാമാരിയെപോലും കൈപ്പിടിയിലൊതുക്കാൻ കേരളത്തിന് കഴിഞ്ഞത്.

ഇപ്പോഴത്തെ മാഹാമാരി വ്യാപനം അവസാനിച്ചാൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ എത്തുമെന്നത് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ പ്രസക്തിയുടെ അളവുകോലാണ്. ഇറ്റലി, യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ കേരള മോഡൽ പഠിക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചതായി ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ മാതൃക ഒരു ദിവസം കൊണ്ട് പകർത്താനും പഠിക്കാനും കഴിയില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിന് ആദ്യം ആവശ്യമായത് ഇടതുപക്ഷ രാഷ്ട്രീയവും അതിന്റെ സാമൂഹ്യ‑ആരോഗ്യ വീക്ഷണവും ഉൾക്കൊള്ളുക എന്നതാണെന്ന് വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ വീക് റിപ്പോർട്ട് ചെയ്യുന്നു. കേവലം കട്ട് ആന്റ് പേസ്റ്റ് രൂപത്തിൽ കേരളത്തിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ മറ്റൊരു രാജ്യത്ത് നടപ്പാക്കാൻ കഴിയില്ല. കേരളത്തിലെ ഇടതുസർക്കാരുകൾ നടപ്പാക്കിയ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭുപരിഷ്കാരങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ വികസനങ്ങൾക്ക് ആധാരമാകുന്നത്.

1957ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയ നടപടികളുടെ ഫലമാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നത്. കൊറോണ ബാധിച്ച് കേരളത്തിൽ ചികിത്സ തേടിയ ബ്രിട്ടീഷ് പൗരനെ ഉദ്ധരിച്ച് ഇക്കാര്യം യുകെ ദിനപത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കേരള മാതൃകയിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. കേരളത്തിലെ എൽഡിഎഫ് സ്വീകരിക്കുന്ന പ്രാതിനിധ്യ ജനാധിപത്യ വികസന രീതികൾ നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കാണിക്കുന്ന വിമുഖതയാണ് കൊറോണയുമായി ബന്ധപ്പെട്ട് അവർ നേരിടുന്ന പ്രതിസന്ധികൾക്കുള്ള കാരണം. ലക്ഷ്യ ബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഒരു മഹാമാരിയെ തടയാൻ കഴിയുമെന്നാണ് കൊറോണകാലത്ത് കേരളം ലോകത്തെ ഓർമ്മിപ്പിക്കുന്നതെന്ന് എഷ്യാ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സമൂഹത്തിലെ എല്ലാ ജനങ്ങളും തുല്യരാണ് എന്ന ബോധമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും എന്നാൽ എല്ലാ ജനങ്ങളും തുല്യരാണ് എന്ന കേരളത്തിലെ എൽഡിഫ് സർക്കാരും തമ്മിലുള്ള വ്യത്യാസവുമാണ് ഈ കൊറോണ കാലത്ത് കേരളം ലോകത്തെ ഓർമ്മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.