29 March 2024, Friday

നിരോധനാജ്ഞയ്ക്ക് ‘നിരോധനം’ വേണമെന്ന് വിദഗ്ധർ

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
September 10, 2022 9:52 pm

ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ മൗലികാവകാശത്തിനെതിരാണെന്നും ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും വിദഗ്ധർ. സംസാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി സംഘം ചേരാനുള്ള സ്വാതന്ത്ര്യം, വ്യാപാര സ്വാതന്ത്ര്യം എന്നിവയിൽ ഭരണഘടന നല്കുന്ന ഉറപ്പുകളെ നേരിട്ട് ബാധിക്കുന്നു. കഴിഞ്ഞ മാസം മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ രണ്ട് മാസത്തെ കർഫ്യു ഏർപ്പെടുത്തിയത് യുക്തിസഹമായ കാര്യമില്ലാതെയാണെന്നും ഇത്തരം നിയമവിരുദ്ധ നയങ്ങൾ ആവർത്തിക്കാതിരിക്കാൻ സെക്ഷൻ 144 പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം. 

ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായ് മേഖലയിലും ചുരാചന്ദ്പൂർ ജില്ലയിലെ കാങ്വായ് മേഖലയിലും ഒരു സംഘം ആളുകൾ വാഹനം കത്തിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചത്. മലയോര മേഖലകൾക്ക് കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ട വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവങ്ങൾ ഉണ്ടായതെന്ന് സംസ്ഥാന അധികൃതർ പറയുന്നു. മാർച്ചിൽ, രാജസ്ഥാനിലെ കോട്ട ജില്ലയിൽ സെക്ഷൻ 144 പ്രകാരം ഒരു മാസത്തെ നീണ്ട കർഫ്യൂ ഏർപ്പെടുത്തി. കശ്മീർ ഫയൽസ് എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ പേരിലായിരുന്നു കർഫ്യൂ.
ജൂണിൽ ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് തയ്യൽക്കാരനെ തലയറുത്ത് കൊന്നതിനെത്തുടർന്ന് രാജസ്ഥാനിലും ഒരു മാസത്തെ കർഫ്യൂ ഏർപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ, അവയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരുകൾ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. കഴിഞ്ഞ മാസങ്ങളിൽ ബംഗളുരുവിലും മംഗളുരുവിലും യുപിയിലും നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. 

ബ്രിട്ടീഷ് കോളോണിയൽ കാലഘട്ടം മുതൽ തുടർന്നുപോരുന്ന നിയമമാണ് സിആർപിസി സെക്ഷൻ 144. കേന്ദ്ര‑സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഒരു ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവർക്ക് സെക്ഷൻ 144 ചുമത്താനുള്ള അധികാരമുണ്ട്. അക്രമത്തിലേക്കോ അപകടത്തിലേക്കോ നീങ്ങാവുന്ന പ്രത്യേക, അടിയന്തര സാഹചര്യങ്ങളിൽ അത് തടയാൻ ലക്ഷ്യമിട്ട് നിരോധനം നടപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ആളുകളുടെ പോക്കുവരവ്, ആയുധങ്ങൾ സൂക്ഷിക്കൽ, കൈമാറൽ, നിയമവിരുദ്ധമായ ഒത്തുചേരൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നു. എന്നാൽ ഒരു വ്യക്തിയെ നിയന്ത്രിക്കാൻ പോലും ഇത് ദുരുപയോഗിക്കാം. 

സെക്ഷൻ 144 പ്രകാരമുള്ള നിരോധനം രണ്ട് മാസത്തിൽ കൂടുതൽ പ്രാബല്യത്തിൽ തുടരാനാവില്ലെങ്കിലും സർക്കാർ അത് തുടരേണ്ടത് അനിവാര്യമാണെന്നു കരുതുന്ന സാഹചര്യത്തിൽ ആറു മാസം വരെ നീട്ടാം. ചില ഭൂപ്രദേശങ്ങളിൽ എസ്എംഎസ്, ശബ്ദ സന്ദേശം അല്ലെങ്കിൽ ഇന്റർനെറ്റ് ആശയവിനിമയങ്ങൾ തടയാൻ മൊബൈൽ ഫോൺ കമ്പനികളോട് ഉത്തരവിടുന്നതിനും സെക്ഷൻ 144 ഉദ്ധരിക്കാറുണ്ട്. ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ഒന്നിലധികം തവണ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. 1970‑ൽ, മധു ലിമായെ വേഴ്സസ് എസ്ഡിഎം, മോംഗിർ & ഓർസ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, നിയമം അനുസരിക്കാതിരുന്നാൽ മാത്രം പോരാ, തടസം, ശല്യം, മനുഷ്യജീവന് അപകടം, സുരക്ഷാ ഭീഷണി അല്ലെങ്കിൽ കലാപം തുടങ്ങി ഒരു സംഘർഷത്തിന് സാധ്യതയുണ്ടെങ്കിലേ ഈ വകുപ്പിൽ ഉത്തരവ് പാടുള്ളൂ എന്ന് ചൂണ്ടിക്കാട്ടി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ധനൗല മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട കേസിൽ, വകുപ്പ് 144 പ്രകാരമുള്ള ഓരോ ഉത്തരവും വസ്തുതകളുടെയും കണ്ടെത്തലുകളുടെയും ഉറച്ച അടിത്തറയോടെ ആയിരിക്കണമെന്ന് വിധിച്ചിരുന്നു. 

Eng­lish Summary:Experts say the injunc­tion should be ‘banned’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.