Thursday
21 Feb 2019

വിശ്വാസങ്ങളുടെ പേരില്‍ ചൂഷണവും വഞ്ചനയും കുറ്റകൃത്യങ്ങളും അരങ്ങുതകര്‍ക്കുന്നു

By: Web Desk | Sunday 1 July 2018 10:45 PM IST

കേരളത്തിലെ രണ്ട് പ്രമുഖ ക്രിസ്തുസഭകള്‍ ഉള്‍പ്പെട്ട ലൈംഗിക അപവാദങ്ങള്‍ മാധ്യമങ്ങളിലും സമൂഹ ചര്‍ച്ചകളിലും പ്രമുഖസ്ഥാനം കൈവരിച്ചിരിക്കുന്നു. ഇരു സംഭവങ്ങളെപ്പറ്റിയും വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍’തുടങ്ങിയ ഔദേ്യാഗിക അവകാശ സംരക്ഷണ സ്ഥാപനങ്ങളും പൊലീസ് ഏജന്‍സികളും അനേ്വഷണം ആരംഭിച്ചതായാണ് വാര്‍ത്തകള്‍. ഇരുസഭകളുടെയും ഔദേ്യാഗിക സംവിധാനങ്ങളും തങ്ങളുടേതായ അനേ്വഷണം ആരംഭിച്ചതായാണ് അറിയുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ആരോപണവിധേയരായ പുരോഹിതരെ അവരുടെ ഔദേ്യാഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും വാര്‍ത്തയുണ്ട്. അതേസമയം പൗരോഹിത്യത്തെയും സ്ഥാപനവല്‍കൃതസഭകളെയും അതുവഴി കുറ്റാരോപിതരെ തന്നെയും സംരക്ഷിക്കാനുള്ള വ്യഗ്രതയും ഔദേ്യാഗിക പ്രതികരണം വ്യക്തമാക്കുന്നുണ്ട്. വിശ്വാസികള്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് സഭകളെ സംബന്ധിച്ച് ഒട്ടും പുതുമയുള്ള കാര്യമല്ല. അതു ക്രൈസ്തഭസഭകളെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട ഒരു പ്രതിഭാസവുമല്ല. മതവിശ്വാസങ്ങളും പൗരോഹിത്യവുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്നു മാത്രമല്ല അവയില്‍ പലതും പുറത്തുവരാത്തവിധം ഒതുക്കാന്‍ വിശ്വാസ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നതിലേറെ വിജയിക്കുന്നുമുണ്ട്. ഇത് മതവിശ്വാസങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒന്നു മാത്രമല്ല, എല്ലാത്തരം മനുഷ്യസംഘടനകള്‍ക്കും അവയുടെ അധികാരശ്രേണികള്‍ക്കും ബാധകമായ ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അത്തരം മാനുഷിക ദൗര്‍ബല്യങ്ങളും അപഭ്രംശങ്ങളും സമൂഹത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്നത് അവയില്‍ ഉള്‍പ്പെട്ട സാധാരണ മനുഷ്യര്‍ സ്വയം എടുത്തണിയുന്ന കപട ധാര്‍മികതയുടെയും സദാചാര കാപട്യത്തിന്റെയും മുഖംമൂടികള്‍ പിച്ചിചീന്തപ്പെടുമ്പോഴാണ്, അതില്‍ ഉള്‍പ്പെട്ട വഞ്ചനയും കുറ്റവാസനയും ഗൂഢാലോചനകളും തുറന്നുകാട്ടപ്പെടുമ്പോഴാണ്.

പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ ഉഭയസമ്മതപ്രകാരം സ്വതന്ത്രമായി ഏര്‍പ്പെടുന്ന ഒരു ബന്ധത്തെയും ഒരു നിയമത്തിനും നിഷേധിക്കാനാവില്ല. അത് സമൂഹത്തിന്റെ മൗലികവും നൈസര്‍ഗികവുമായ പുരോഗതിക്കും നിലനില്‍പിന്തന്നെയും ഭീഷണിയാകുന്നെങ്കില്‍ മാത്രമേ അതിനെ നിയമത്തിന്റെ മുന്നില്‍ കുറ്റകൃത്യമായി കാണേണ്ടതുള്ളു. എന്നാല്‍ മനുഷ്യനിര്‍മിതമായ മതവിശ്വാസങ്ങളെയും അതിന്റെ ആചാരക്രമങ്ങളെയും ലൈംഗിക അഭിലാഷ പൂര്‍ത്തീകരണത്തിനുവേണ്ടി വിശ്വാസത്തിന്റെ മറവില്‍ ദുരുപയോഗം ചെയ്യുന്നത് തികഞ്ഞ വഞ്ചനയും അധികാരം ഉപയോഗിച്ചുള്ള ചൂഷണവും ഇരകളുടെ മനുഷ്യാവകാശ ലംഘനവും കുടുംബ-സാമൂഹ്യ ബന്ധങ്ങളെയും അവസ്ഥകളെയും അതിനുള്ളില്‍നിന്നു തകര്‍ക്കലുമാണ്. അതുകൊണ്ടാണ് അവ നിയമത്തിന്റെ മുന്നിലും സമൂഹത്തിന്റെ മുന്നിലും കുറ്റകൃത്യങ്ങളായി മാറുന്നത്. അത്തരത്തില്‍ വിശ്വാസങ്ങളെ വഞ്ചനയ്ക്കും ചൂഷണത്തിനും കുടുംബ-സാമൂഹ്യ ബന്ധങ്ങളെ തകര്‍ക്കുന്നതിനും ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നേ മതിയാവൂ. അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. മതത്തിന്റെ അധികാര ശക്തിയും സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനവും അളവറ്റ സമ്പത്തിന്റെ പിന്‍ബലവുമുപയോഗിച്ച് അനേ്വഷണങ്ങളെയും നീതിനിര്‍വഹണത്തെയും അട്ടിമറിക്കാന്‍ ശ്രമമുണ്ടാവുമെന്നത് ഉറപ്പാണ്. ഇപ്പോള്‍തന്നെ പരാതികളിന്മേല്‍ നടപടിയെടുക്കാനുണ്ടായ കാലവിളംബത്തിന്റെ കാരണവും മറ്റൊന്നല്ല. മതം അതിശക്തവും പലപ്പോഴും പ്രതിലോമകരവുമായ സാമൂഹ്യപ്രതിഭാസമാണ്. അവയുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും പ്രതിലോമതയ്ക്കുമെതിരെ ഉയര്‍ന്നുവരുന്ന എന്തിനെയും തകര്‍ക്കാമെന്നും ഏത് അനേ്വഷണങ്ങളെയും നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. അത്തരം സംരംഭങ്ങളില്‍ അവര്‍ പലപ്പോഴും വിജയിച്ചിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ജനകീയ ഭരണകൂടത്തിനു കഴിയുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

മതവിശ്വാസങ്ങളെയും ആചാരക്രമങ്ങളെയും അപ്പാടെ തുടച്ചുനീക്കുക അസാധ്യമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിന്റെ മറവില്‍ നടക്കുന്ന അവകാശ ലംഘനങ്ങളും അതിക്രമങ്ങളും കൊടിയ വഞ്ചനകളും തുറന്നുകാട്ടുകയാണ് സാധ്യമായത്. അതിനുള്ള അവസരമാണ് കേരള സമൂഹത്തിന് കൈവന്നിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അനാശാസ്യപ്രവണതകള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും എതിരെ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പുകള്‍ക്കും പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കും സമൂഹവും ഭരണകൂടവും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തണം. അനാചാരങ്ങള്‍ക്കും ചൂഷണോപാധികളായ വിശ്വാസപ്രമാണങ്ങള്‍ക്കുമെതിരെ കരുത്തുറ്റ പ്രസ്ഥാനങ്ങള്‍ക്ക് സമൂഹവും സര്‍ക്കാരും നേതൃത്വം നല്‍കണം. ഇത്തരം പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണം എത്രത്തോളം സാധ്യമാണെന്നും പരിശോധിക്കപ്പെടണം.