June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ദുരിതത്തിലും മുതലെടുപ്പ്; പൾസ് ഓക്സിമീറ്ററിന് കൊള്ള വില

By Janayugom Webdesk
May 8, 2021

പൾസ് ഓക്സിമീറ്ററിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം നിലനിൽക്കെ ഉപകരണം കൊള്ള വിലയ്ക്ക് കരിഞ്ചന്തയിൽ സുലഭം. സർക്കാർ നിർദ്ദേശങ്ങള്‍ കാറ്റിൽപ്പറത്തിയാണ് ചില സ്വകാര്യ മെഡിക്കൽ സ്റ്റോറുകളുടെ പകൽ കൊള്ള. പൾസ് ഓക്സി മീറ്റർ ഉൾപ്പെടെയുള്ളവയ്ക്ക് ഇത്തരത്തിൽ അമിത വില ഈടാക്കിയാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതോടെയാണ് പൾസ് ഓക്സിമീറ്ററിന് ക്ഷാമം നേരിടുന്ന സ്ഥിതി ഉണ്ടായത്. 700‑1000 രൂപയ്ക്കു പൊതുവിപണിയിൽ ലഭിച്ചിരുന്ന പൾസ് ഓക്സിമീറ്ററുകൾക്ക് ഇപ്പോൾ 3000 രൂപ വരെയായി വില ഉയർന്നു. 750 രൂപയ്ക്ക് സർക്കാർ മെഡിക്കൽ സ്റ്റോറുകളിൽ ഉപകരണം ലഭ്യമായിരുന്നു. നിലവില്‍ അവിടെയും സ്റ്റോക്കില്ലാതെ വന്ന സാഹചര്യത്തെയാണ് സ്വകാര്യ ഫാർമസികൾ മുതലെടുക്കാൻ ശ്രമിക്കുന്നത്.

ശരീരത്തിലെ ഓക്സിജൻ നില കണ്ടെത്താനായിട്ടാണ് പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നത്. കോവിഡ് ബാധിച്ചവർക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് മുന്നിൽക്കണ്ടാണ് വിരലുകളിൽ ഘടിപ്പിച്ച് ഓക്സിജൻ നില പരിശോധിക്കുന്ന പൾസ് ഓക്സിമീറ്റർ നല്ലതാണെന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതോടെ വില്പന കുതിച്ചുയർന്നു. ഉയർന്ന വിലയ്ക്കും പൾസ് ഓക്സിമീറ്റർ വാങ്ങാൻ ജനം തയ്യാറാണെങ്കിലും സാധനം വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്.

മുൻപില്ലാത്ത വിധം ക്ഷാമം ഉണ്ടാകുന്നതിനു പിന്നിൽ കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ആകാമെന്നുള്ള വിലയിരുത്തലിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിർദ്ദേശം നൽകിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ തുടങ്ങിയ മേഖലകളിൽ നിന്നാണു കേരളത്തിലേക്ക് പൾസ് ഓക്സിമീറ്റർ എത്തിയിരുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതും ആവശ്യകത ഉയർത്തി. ലോക്ഡൗണിനെ തുടർന്ന് സ്റ്റോക്കുകൾ എത്താത്തതും ഉപകരണത്തിന്റെ ദൗർലഭ്യത്തിന് പ്രധാന കാരണമായി.

പരാതി വ്യാപകമായതോടെ പൾസ് ഓക്സിമീറ്റർ കേരളത്തിലെത്തിക്കുന്ന നിർമ്മാതാക്കളെ കണ്ടെത്താൻ സംസ്ഥാനത്തെ മുഴുവൻ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർ സർക്കുലർ അയച്ചു. പൂഴ്ത്തി വയ്പ്പോ കരിഞ്ചന്തയോ നടക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും വരുന്ന പൾസ് ഓക്സിമീറ്ററുകൾക്ക് വിശ്വാസ്യത പോരെന്ന ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്ത് മുന്നേ വന്ന സ്റ്റോക്കുകൾ തിരിച്ചയച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ സ്റ്റോക്കുകൾ ലഭ്യമാകാത്ത അവസ്ഥയാണെന്നും ചില മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറയുന്നു.

ചെലവ് കുറവ്

കോവിഡ് ബാധിച്ച് രോഗിയുടെ ഓക്സിജൻ ലെവൽ താഴുന്നത് പലപ്പോഴും ജീവൻ നഷ്ടമാകുന്ന അവസ്ഥയിലെത്തിക്കാറുണ്ട്. എന്നാൽ കൃത്യമായി ഓക്സിജൻ ലെവൽ നിരീക്ഷിക്കുകയാണെങ്കിൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. ഇതിനു സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ.

താരതമ്യേന ചെലവ് കുറഞ്ഞതും കയ്യിലൊതുങ്ങുന്നതുമായ ഈ ഉപകരണം നിലവിലെ സാഹചര്യത്തിൽ ഒരു വീട്ടിൽ അത്യാവശ്യമായി തീർന്നിരിക്കുകയാണ്. രോഗിയുടെ വിരലുകളിലൊന്ന് ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അത് ശരീരത്തിലെ ഓക്സിജൻ ലെവൽ കൃത്യമായി കാണിക്കും. ചില സാഹചര്യങ്ങളിൽ, രോഗമുള്ള വ്യക്തിക്ക് ഓക്സിജൻ ലെവൽ 95 ശതമാനത്തിൽ താഴെ പോകാൻ സാധ്യത കൂടുതലാണ്. ഇത് 92 വരെ താഴുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കണം. പൂർണ ആരോഗ്യമുള്ള വ്യക്തിക്ക് മിനിറ്റിൽ 60 മുതൽ 100 വരെ ഹൃദയമിടിപ്പ് റീഡ് ചെയ്യാനും ഓക്സി മീറ്റർ ഉപകരിക്കും.

eng­lish summary:Exploitation in dis­tress and booty price for pulse oximeter
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.