ഭക്ഷണ സാധനമാണെന്ന് കരുതി വഴിയിൽ കിടന്ന സാധനം കടിച്ച എട്ടുവയസുകാരന്റെ താടിയെല്ല് തകർന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ചെംഗത്തിന് സമീപം കരിയാമംഗലം ഗ്രാമത്തിൽ ഞായറാഴ്ച ഉണ്ടായ സംഭവത്തിൽ ദീപക് എന്ന എട്ടു വയസ്സുകാരന്റെ താടിയെല്ലാണ് തകർന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിലേക്കും മാറ്റി.
വന്യമൃഗങ്ങളെ കൊല്ലാൻ വെച്ചിരുന്ന നാടൻബോംബ് കടിച്ചതിനെ തുടർന്നാണ് സ്ഫോടനം നടന്നത്. ആടു മേയ്ക്കാൻ കാട്ടിലേക്ക് പോയ മുത്തച്ഛനുള്ള ഉച്ചഭക്ഷണവുമായി ഒരു കൂട്ടുകാരനൊപ്പമാണ് ദീപക് പോയത്. കുറച്ച് നേരം അവിടെ കളിച്ച ശേഷം വീട്ടിലേക്ക് തിരിച്ചുപോകുമ്ബോഴായിരുന്നു കാട്ടിൽ നിന്നും നാടൻബോംബ് കണ്ടെത്തിയത്.
ഇറച്ചിക്ക് വേണ്ടി കാട്ടുമൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ബോംബ് കണ്ട് കൗതുകം തോന്നിയ കുട്ടി ഇതെടുക്കുകയായിരുന്നു. അസാധാരണ വസ്തുവായതിനാലും നല്ല മണം ഉണ്ടായിരുന്നതിനാലും വഴിയാത്രയ്ക്കിടയിൽ തന്നെ കുട്ടി ഇതിന്റെ കെട്ടഴിക്കാൻ ശ്രമം നടത്തി.
എന്നാൽ കുടുക്ക് അഴിയാതെ വന്നതോടെ വായിൽ വെച്ച് അയയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ആയിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം നടന്നയുടൻ കുട്ടി നിലത്ത് വീണുപോയി. കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ വിവരം പ്രദേശവാസികളെ അറിയിക്കുകയും ഇവർ ചെംഗത്തെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു. തിന്നാൻ കഴിയുന്ന വസ്തുവാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി കെട്ടഴിക്കാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ വന്യമൃഗങ്ങളെ വേണ്ടയാടാൻ നാടൻബോംബ് വെച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോംബ് നിർമിച്ച ആൾക്കെതിരേ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദേശം.
you may also like this video