20 April 2024, Saturday

Related news

January 20, 2023
June 5, 2022
June 3, 2022
June 3, 2022
June 2, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022

തൃക്കാക്കരയിലെ പണക്കിഴി വിതരണം : കോൺഗ്രസിലും പൊട്ടിത്തെറി ; കൗൺസിലർമാർക്ക്‌ നൽകിയത്‌ 10000 രൂപ വീതം

Janayugom Webdesk
August 20, 2021 11:19 am

തൃക്കാക്കര നഗരസഭാ അധ്യക്ഷ കൗൺസിലർമാർക്ക്‌ 10000 രൂപയുടെ പണക്കിഴി നൽകിയത്‌ വിവാദമായതിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിലും പൊട്ടിത്തെറി. ഇത്രയേറെ പണം എവിടെനിന്ന്‌ വന്നുവെന്ന്‌ അന്വേഷിക്കണമെന്ന്‌ കോൺഗ്രസ്‌ കൗൺസിലർ വി ഡി സുരേഷ്‌ ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം കണ്ടെത്താനാവശ്യപ്പെട്ട്‌ 18 എൽഡിഎഫ്‌ കൗൺസിലർമാർ വിജിലൻസിന്‌ പരാതിയും നൽകി. ഒരു വിഭാഗം കോൺഗ്രസ്‌ കൗൺസിലർമാരും വ്യാഴാഴ്‌ച കവർ തിരിച്ചുനൽകി. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ ചൊവ്വാഴ്‌ചയാണ്‌ 10,000 രൂപവീതം കൗൺസിലർമാർക്ക്‌ നൽകിയത്‌. വാർഡുകളിലെ മുതിർന്ന പൗരർക്കുള്ള ഓണക്കോടി നൽകിയതിനൊപ്പം പേരെഴുതിയ കവറിൽ പണം നൽകുകയായിരുന്നു. 

വീട്ടിലെത്തി കവർ തുറന്നുനോക്കിയ എൽഡിഎഫ്‌ കൗൺസിലർമാർ രാത്രിതന്നെ പണം തിരിച്ചുനൽകി. വാർഡുകളിലേക്കുള്ള നോട്ടീസാണെന്ന്‌ ധരിച്ചാണ്‌ കവർ വാങ്ങിയതെന്നും അഴിമതിപ്പണത്തിന്റെ പങ്ക്‌ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചതാണെന്നു മനസ്സിലായ ഉടൻ തിരിച്ചേൽപ്പിച്ച്‌ വിജിലൻസിന്‌ പരാതി നൽകിയെന്നും കൗൺസിലർമാർ പറഞ്ഞു. പണക്കിഴി വിവാദത്തിനുപിന്നാലെ, നഗരസഭ നൽകിയ ഓണക്കോടി ആശാ വർക്കർമാർ തിരിച്ചുനൽകി. 28–-ാംവാർഡിലെ ആശാ വർക്കർക്ക്‌ വ്യക്തിവിരോധത്തിന്റെ പേരിൽ നഗരസഭ ഓണക്കോടി നൽകാത്തതിൽ പ്രതിഷേധിച്ചാണിത്‌. 

അതിനിടെ പണം നൽകിയെന്നത്‌ നുണപ്രചാരണമാണെന്ന്‌ അജിത തങ്കപ്പൻ പറഞ്ഞു. വിഷയം അവിടെത്തന്നെ അന്വേഷിക്കട്ടെയെന്നും കെപിസിസി അഭിപ്രായം പറയേണ്ടതില്ലെന്നും തൃക്കാക്കര എംഎൽഎ പി ടി തോമസ്‌ പറഞ്ഞു. മണ്ഡലത്തിലെ ഓണാഘോഷത്തിന്റെ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച്‌ ആവർത്തിച്ച്‌ ചോദിച്ചിട്ടും പി ടി തോമസ്‌ ഒഴിഞ്ഞുമാറി.
eng­lish summary;Explosion in Con­gress about the Dis­tri­b­u­tion of cash in Thrikkakara
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.