രാജ്യത്തെ കയറ്റുമതിമേഖല തകരുന്നു

Web Desk
Posted on May 16, 2019, 11:00 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ കയറ്റുമതിമേഖല തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം കയറ്റുമതി 0.64 ശതമാനം കുറഞ്ഞു. എന്‍ജിനീയറിംഗ് സാമഗ്രികള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഗണ്യമായി കുറഞ്ഞത്. ഇതിന്റെ ഭാഗമായി വാണിജ്യക്കമ്മി ഗണ്യമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഇറക്കുമതി 4.5 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയിലാണ് വന്‍ വര്‍ധനയുണ്ടായത്.
ആഭ്യന്തര എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറയ്ക്കണമെന്ന് പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ എണ്ണ വില വര്‍ധിക്കുകയും ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന്റെ ഭാഗമായാണ് ധനക്കമ്മിയും വാണിജ്യ കമ്മിയും കുത്തനെ ഉയരാനുള്ള കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം 26 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഉണ്ടായപ്പോള്‍ 41.1 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിമാണ് നടന്നത്. രാജ്യത്തെ നിലവിലെ ഇറക്കുമതി 41.4 ബില്യണ്‍ ഡോളറാണ്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം പത്ത് ബില്യണ്‍ ഡോളര്‍വരെ അനുവദനീയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ നിലവിലുള്ള കണക്കുകള്‍ 15.33 ബില്യണ്‍ ഡോളറിന്റെ അന്തരമാണ് ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ളത്. ഇതിനുമുമ്പ് കയറ്റുമതി നിരക്ക് കുറഞ്ഞത് 2018 ഡിസംബറില്‍ മാത്രമാണ്.
ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം എണ്ണ ഇറക്കുമതിയില്‍ 9.26 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണ ഇറക്കുമതി 54 ശതമാനം ഉയര്‍ന്നു. ഇപ്പോഴത്തെ വളര്‍ച്ചാ നിരക്കുകള്‍ ആശാവഹമല്ലെന്നാണ് ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഇറക്കുമതി വര്‍ധിക്കുമ്പോഴും കയറ്റുമതിയില്‍ ആശാവഹമായ പുരോഗതി ഉണ്ടാകുന്നില്ല. മോഡി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന തൊഴില്‍, സാമ്പത്തിക നയങ്ങളാണ് കയറ്റുമതി മേഖല പുര്‍ണമായും തകരാനുള്ള കാരണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ ഗണേഷ് കുമാര്‍ ഗുപ്ത വ്യക്തമാക്കി.

YOU MAY LIKE THIS VIDEO