കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കയറ്റുമതി മേഖല വൻ തകര്‍ച്ചയില്‍. 25 വര്‍ഷത്തിനിടയില്‍ കയറ്റുമതിയില്‍ ഇത്രയേറെ ഇടിവ് നേരിടുന്നത് ഇതാദ്യമായിട്ടാണെന്ന് കണക്കുകൾ തെളിയിക്കുന്നു. മാര്‍ച്ച് മാസത്തിൽ 34.57 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019–20 വര്‍ഷത്തെ വാര്‍ഷിക കയറ്റുമതി മുന്‍ വര്‍ഷത്തെ 331 ദശലക്ഷം ഡോളറില്‍ നിന്ന് 314 ദശലക്ഷം ഡോളറിലേക്കും താഴ്ന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വാര്‍ഷിക കയറ്റുമതിയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 21.4 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് മാര്‍ച്ച് മാസത്തില്‍ നടന്നത്. പെട്രോളിയം ഉല്പന്നങ്ങൾ, ജെംസ് ആന്റ് ജൂവലറി, എന്‍ജിനീയറിംഗ് ഗുഡ്സ്, തുകൽ ഉല്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി നീട്ടിവച്ചതോ ഉപേക്ഷിച്ചതോ ആണ് മാര്‍ച്ചിലെ ഇടിവിന് പ്രധാന കാരണമായത്. നേരത്തെ ഉണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തിന് പുറമെ കോവിഡ് വ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു. നേരത്തെ 2009 ല്‍ കയറ്റുമതിയില്‍ 34.22 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1995 ലാണ് നിലവിലെ സ്ഥിതിക്ക് സമാനമായ സാഹചര്യം ഇന്ത്യന്‍ കയറ്റുമതി മേഖല നേരിട്ടിരുന്നത്. ഇറക്കുമതിയിലും ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ 28.72 ശതമാനം ഇടിവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. ചൈനയിലെയും യൂറോപ്പിലേയും തുറമുഖങ്ങള്‍ അടച്ചിട്ടതാണ് ഇതിന് പ്രധാന കാരണം. 2019–20 വാര്‍ഷികാടിസ്ഥാനത്തില്‍ എട്ടു ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. 152.9 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയാണ് 2019–20 സാമ്പത്തിക വര്‍ഷം രാജ്യം നടത്തിയത്. തൊട്ടു മുന്‍വര്‍ഷം 176.4 ദശലക്ഷം ഡോളറിന്റെ ഇറക്കുമതി നടത്തിയിരുന്നു. എണ്ണ ഉല്പന്നങ്ങളുടെ ഇറക്കുമതിയിൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ ഇറക്കുമതിയിൽ 62 ശതമാനവും കുറവ് മാർച്ച് മാസത്തിൽ രേഖപ്പെടുത്തി. 30 ഇന കയറ്റുമതി-ഇറക്കുമതി പട്ടികയിൽ ഇരുമ്പ് അയിരിന്റെ കയറ്റുമതിയിലും ഗതാഗത ഉപകരണങ്ങളുടെ ഇറക്കുമതിയിലും മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി. സമീപചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് കയറ്റുമതി രംഗം നേരിടുന്നതെന്നും 2021 സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ മാത്രമേ കരകയറാനാകൂ എന്നാണ് വിലയിരുത്തലെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.