Saturday
19 Oct 2019

സ്വാതന്ത്ര്യം തേടുന്ന ആവിഷ്‌ക്കാരം

By: Web Desk | Thursday 20 June 2019 12:42 AM IST


Mattoli

മനുഷ്യചിന്ത എന്നും നേരിടുന്ന വെല്ലുവിളിയാണ് സ്വാതന്ത്ര്യം. അമൂര്‍ത്തമായ ചിന്തകളെ കലകളിലോ സാഹിത്യത്തിലോ ആവിഷ്‌കൃതമാക്കി സ്വയം സ്വതന്ത്രനാകാന്‍ ശ്രമിക്കുന്നവരെ എതിരിടുന്നത്, എപ്പോഴും പരിമിത വിഭവന്‍മാരായിരിക്കും. മന്ദബുദ്ധി എന്ന പദമാണ് ഈ വിഭാഗത്തിന് കൂടുതല്‍ യോജിക്കുകയെങ്കിലും ശ്ലീലമല്ലാത്തതിനാല്‍ ഒഴിവാക്കപ്പെടുന്നുവെന്നേയുള്ളു. ചക്കിലെ കാളയെപോലെ മാത്രം നീങ്ങുന്ന ഇവരുടെ ബൗദ്ധിക വ്യാപാരത്തിന് വേറിട്ട വഴികള്‍ സ്വപ്‌നം കാണാന്‍ കഴിയില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് സദാചാരം പോലെ ഒരു സംഗതിയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ദിശയിലെ സദാചാര സംരക്ഷകര്‍ സ്വതന്ത്രചിന്തകള്‍ക്ക് പിന്നാലെ എപ്പോഴുമുണ്ട്. ഈ പിന്‍തുടരലിനാകട്ടെ മാനവ ചരിത്രത്തോളം പഴക്കവുമുണ്ട്. അവനവന് രുചിക്കുന്നതും രസിക്കുന്നതും വരെയേ ഏത് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഇക്കൂട്ടര്‍ അനുവദിക്കൂ. അതിനപ്പുറം കടന്നാല്‍ പിന്നെ വൈകാരികതോത് അനുസരിച്ചുള്ള അതിക്രമങ്ങളായി.
ലോകത്തെ മറ്റ് രാഷ്ട്രങ്ങളെപോലെ ഇന്ത്യയിലും പ്രതേ്യകിച്ച് കേരളത്തിലും എപ്പോഴും സജീവമായി നില്‍ക്കുന്ന വിഷയമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരമാണ് ഇപ്പോള്‍ കളം നിറഞ്ഞുനില്‍ക്കുന്നത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് അക്കാഡമി പുരസ്‌കാരം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മതവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. എന്നാല്‍ പുരസ്‌കാരത്തില്‍ മാറ്റമില്ലെന്നും ജൂറി തീരുമാനം അന്തിമമാണെന്നും അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കി. മന്ത്രിയുടെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്ന അഭിപ്രായത്തിലും അക്കാഡമിയുടെ നിര്‍വാഹക സമിതി ഉറച്ചുനില്‍ക്കുന്നു. ഇന്ത്യയിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അടങ്ങിയ ജൂറിയാണ് കെ കെ സുഭാഷിന്റെ സൃഷ്ടിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. എങ്കിലും വര്‍ഗീയ വോട്ടുബാങ്കുകളുടെ നീരസം അധികൃതരിലൂടെ പുറത്തുവരാനാണ് സാധ്യത. കേരളത്തിന്റെ ഉജ്ജ്വലമായ കാര്‍ട്ടൂണ്‍ പാരമ്പര്യത്തിനു തന്നെ അപമാനമാണ് ഇത്തരം വിവാദങ്ങള്‍.
കാര്‍ട്ടൂണ്‍ വിവാദത്തിന് മുന്‍പ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേരളത്തിലുണ്ടായത് ഒരു ‘മീശ’ വിവാദമായിരുന്നു. സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവായ എസ് ഹരീഷിന്റെ മീശയെന്ന നോവലില്‍ ഹാലിളകിയത് സംഘപരിവാറിനായിരുന്നു. ഹരീഷ് ആക്രമണ ഭീഷണി നേരിട്ടപ്പോള്‍, എഴുത്തുകാരന്‍ ഭീഷണിയുടെ മുന്നില്‍ അസ്വസ്ഥനാകേണ്ടതില്ലെന്നും എഴുത്തിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമല്ല, എഴുത്തിനൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി തോമസ് ഐസക്, എം എ ബേബി എംഎല്‍എ തുടങ്ങിയവരും പിന്തുണയുമായി എത്തിയിരുന്നു. എന്നിട്ടും ‘മീശ’ വാരികയില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. മതഭ്രാന്തരുടെ ഭീഷണിമൂലം അപ്രത്യക്ഷമായ മറ്റൊരു സാഹിത്യരചനയായിരുന്നു പവിത്രന്‍ തീക്കുനിയുടെ ‘പര്‍ദ’ എന്ന അഞ്ചുവരി കവിത. ‘പര്‍ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്’ എന്നു തുടങ്ങുന്ന കവിത ഭീഷണികളെ തുടര്‍ന്ന് രായ്ക്കുരാമാനം ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന സംജ്ഞ ഉപയോഗിച്ചതിന്റെ പേരിലാണ് തൊടുപുഴയില്‍ ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈപ്പത്തി മതതീവ്രവാദികള്‍ ഛേദിച്ചുകളഞ്ഞത്.
കസാന്ദ് സാക്കീസ് രചിച്ച ‘ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന നോവലിനെ ആസ്പദമാക്കി ദശാബ്ദങ്ങള്‍ക്ക് മുമ്പ് പി എം ആന്റണി രചിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ ക്രിസ്തീയ സഭയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ടതോടെയാണ് കേരളത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ സര്‍ഗാത്മകമാകുന്നത്. എന്നാല്‍ അന്തരീക്ഷം കൂടുതല്‍ സുതാര്യമാകുന്നതിനുപകരം സങ്കീര്‍ണമാകുന്ന കാഴ്ചകളാണ് തുടരുന്നത്.
ഉടലുകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരുകാലത്ത് പെണ്ണിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരുന്നത്. സ്ത്രീകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ലിംഗനീതി ഇപ്പോഴും വിദൂരമാണ്. പുരുഷന്‍ പറയാന്‍ മടിച്ച കാര്യങ്ങള്‍ തുറന്നെഴുതിയതിന് സാഹിത്യകാരി സരസ്വതിഅമ്മയെപോലെ സ്വയം ഹോമിക്കപ്പെട്ടവരുണ്ട്. തുറന്നെഴുത്തിന്റെ പേരില്‍ മാധവിക്കുട്ടി നേരിട്ട ആരോപണങ്ങള്‍ ഒട്ടും കുറവല്ല. അരുന്ധതിറോയ് ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്’ എഴുതിയ കാലത്ത് മലയാളിയുടെ കപടസദാചാരത്തിന് ദഹിക്കാത്ത രതി അതില്‍ വിവരിച്ചിരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഉത്തരാധുനിക കാലത്ത് തസ്ലീമ നസ്‌റിനെപോലെ വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരിയുമുണ്ടാകില്ല. ധീരവനിതയായ അവര്‍ ശിരസുയര്‍ത്തി തന്നെ നിലകൊള്ളുന്നു. ഗൗരിലങ്കേഷ് എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുടെ സ്വതന്ത്രചിന്താഭിവാഞ്ഛയാണ് അവര്‍ കൊല ചെയ്യപ്പെടാന്‍ വഴിവച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഫ്ദര്‍ ഹാഷ്മി എന്ന പ്രതിഭാശാലി കോണ്‍ഗ്രസുകാരുടെ കത്തിക്കിരയായി. ‘മാതൊരു ഭഗന്‍’ എന്ന കൃതിയുടെ പേരിലാണ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് സാഹിത്യകാരന് തൂലിക ഉപേക്ഷിക്കേണ്ടിവന്നത്.
കര്‍ണാടകയിലെ എഴുത്തുകാരനും ചിന്തകനുമായ കല്‍ബുര്‍ഗി, മഹാരാഷ്ട്രക്കാരനും ഗ്രന്ഥകാരനും കമ്മ്യൂണിസറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന ഗോവിന്ദ്പന്‍സാരെ എന്നിവരുടെ ജീവന്‍ കവര്‍ന്നതും അവരുടെ ചിന്താധാരകളുടെ ഔന്നത്യം ഉള്‍കൊള്ളാന്‍ കഴിയാത്തവരാലായിരുന്നു. സല്‍മാന്‍ റുഷ്ദിയുടെ ‘സാറ്റാനിക് വെര്‍സസ്’ ഇസ്‌ലാം രാഷ്ട്രങ്ങളില്‍ നിരോധിക്കുന്നതിന് മുമ്പേ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ആ സമയത്ത് ഈ കൃതിക്കെതിരെ മുസ്‌ലിം വികാരം ഉണര്‍ത്തിവിട്ട് വന്‍ പ്രതിഷേധം സംഘടിപ്പിച്ച ഷഹാബുദീന്‍ എന്ന അന്നത്തെ എംപിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച് ‘താങ്കള്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ? ഉത്തരം: ഹേയ് ഞാന്‍ വായിച്ചിട്ടില്ല, എന്തിനാണിതൊക്കെ വായിക്കുന്നത്? ‘മുന്‍പേ ഗമിക്കും ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന കവിവചനം പോലെ ആരോ പറയുന്നത് കേട്ട് ചാടി പുറപ്പെടുന്നവരാണ് സര്‍ഗ്ഗാത്മകതയുടെയും ശത്രുക്കള്‍’.
സംഗീതവും സാഹിത്യവും സരസ്വതിദേവിയുടെ സ്തനങ്ങളെന്നാണ് ഭാരതീയ സങ്കല്പം. അങ്ങനെയുള്ള സരസ്വതിയെ വിശ്രുത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ വരച്ചപ്പോള്‍ സംഘപരിവാറിന് സഹിക്കാനായില്ല. ഹുസൈന് രാജ്യം തന്നെ വിടേണ്ടിവന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിരോധനം നേരിട്ട കൃതി പാതിമലയാളിയായിരുന്ന ഓബ്രിമേനോന്റെ ‘രാമായണ റീടോള്‍ഡ്’ ആയിരുന്നു. ഹമീഷ് ഡൊണാള്‍ഡ് എഴുതിയ ധീരുഭായി അംബാനിയുടെ ജീവിതകഥ, വി എസ് നയ്പാളിന്റെ പുസ്തകം തുടങ്ങി നിരോധനം, വിലക്ക്, ഭീഷണി എന്നിവ നേരിട്ട എത്രയെങ്കിലും സാഹിത്യ സൃഷ്ടികള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എടുത്തു കാട്ടാനാകും.
മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘ചാര്‍ലി ഹെബ്‌ഡോ എന്ന മാഗസിന്‍ മുസ്‌ലീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടതും 17 പേരെ കൊന്നതും2015 ല്‍ ആയിരുന്നു. എന്നാല്‍ ഉന്നത ജനാധിപത്യ മൂല്യമുള്ള സ്വതന്ത്ര രാഷ്ട്രമായ ഫ്രാന്‍സ് തളര്‍ന്നില്ല. അവര്‍ മാഗസിന്‍ പുനരുജ്ജീവിപ്പിച്ചു. ഒരു കാരിക്കേച്ചര്‍ മത്സരം തന്നെ നടത്തിയാണ് ഇരുണ്ട ശക്തികളെ നേരിട്ടത്.
സെമിറ്റിക് വിമര്‍ശനം അതിരുകടക്കുന്നുവെന്ന പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്ന ന്യൂയോര്‍ക്ക് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഒഴിവാക്കി, പത്രധര്‍മ്മത്തില്‍ നിന്ന് ഒരു പടി പിന്നാക്കം പോയിരിക്കയാണ്.
പ്രകൃതിയില്‍ മനുഷ്യന് മാത്രമുള്ള കഴിവാണ് ചിന്തയും ചിരിയും സര്‍ഗാത്മകതയും, വെറും ഇരുകാലികളായി മാത്രം ജീവിക്കുന്ന മൃഗമാനസര്‍ ഇതൊക്കെ എന്നും ഭീഷണിയായി മാത്രം കാണുന്നു. അപ്പംകൊണ്ടു മാത്രം മനുഷ്യന് ജീവിക്കാനാകില്ലെന്ന് മതസംഹിതകള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ചിന്തയും ചിരിയും മറന്ന സൈദ്ധാന്തിക ലോകങ്ങളുടെ ദുരന്തമാണ് ജോര്‍ജ് ഓര്‍വല്‍ ‘1984’, ‘അനിമല്‍ ഫാം’ എന്നീകൃതികളിലൂടെ വരച്ചുകാട്ടിയത്.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് എതിര്‍ക്കേണ്ടത്. സാംസ്‌കാരികമായ എതിരിടലും കലഹവും സര്‍ഗാത്മകതയുടെ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മനുഷ്യര്‍ പരിഷ്‌കൃതിയുടെ മുന്നേറ്റം തുടരുന്നത്.

മറ്റൊലി: വിവാദങ്ങള്‍ സൃഷ്ടിക്കല്‍ കമ്പോളവല്‍ക്കരണ തന്ത്രത്തിന്റെ കുറുക്കുവഴി കൂടിയാണ്. ഉദാഹരണം: പത്മാവതി എന്ന ചലച്ചിത്രം.