സംസ്ഥാന സർക്കാർ പ്രവാസികൾക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് സിപിഐ പാർലമെന്ററി പാർട്ടി നേതാവും പ്രവാസി ഫെഡറേഷൻ പ്രസിഡന്റുമായ ബിനോയ് വിശ്വം എംപി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് ഗുണകരമാവുന്ന ഒട്ടേറെ തീരുമാനങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുളളത്. സ്വന്തമായി ഓൺലൈൻ സൗകര്യം ഇല്ലാത്തവർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ലോക്ഡൗൺ കാരണം യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അവസാന തീയതി ഏപ്രിൽ 30 എന്നത് ലോക്ഡൗൺ കഴിഞ്ഞുള്ള രണ്ടാഴ്ച്ച എന്ന നിലയിലേക്ക് നീട്ടണമെന്ന് ബിനോയ് വിശ്വം ആവശ്യപെട്ടു.
മറ്റൊന്ന് അനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ യാത്രാ ടിക്കറ്റിന്റെ കോപ്പി കൂടി അപ്ലോഡ് ചെയ്യണമെന്ന നിർദ്ദേശവും പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. പലരും ടിക്കറ്റ് സൂക്ഷിക്കണമെന്നില്ല. പകരം യാത്ര ചെയ്ത പാസ്പോർട്ട് കോപ്പി ‑സീൽ ചെയ്ത പേജ് അപ്ലോഡ് ചെയ്യണമെന്നുള്ള നിർദ്ദേശം ഉൾപെടുത്തിയാൽ അപേക്ഷകർക്ക് ഏറെ സഹായകരമാവും.
ലോക്ഡൗൺ പ്രഖ്യാപിച്ചത് കാരണം യഥാസമയം യാത്ര ചെയ്യാൻ സാധിക്കാത്തത് കൊണ്ട് വിസ നഷ്ടമായ മുഴുവൻ പേർക്കും സമയപരിധി നിശ്ചയിക്കാതെ ആനുകൂല്യം നൽകണമെന്നും ബിനോയ് വിശ്വം എംപി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.