September 26, 2022 Monday

Related news

September 24, 2022
September 24, 2022
September 22, 2022
September 20, 2022
September 20, 2022
September 18, 2022
September 18, 2022
September 17, 2022
September 16, 2022
September 15, 2022

നിതാന്ത ജാഗ്രത തന്നെ സ്വാതന്ത്ര്യത്തിന്റെ വില

കാനം രാജേന്ദ്രൻ
August 14, 2022 5:15 am

സ്വാതന്ത്ര്യമെന്നാൽ ഒരിക്കൽ നേടിയെടുത്തതു കൊണ്ടുമാത്രം നിലനിൽക്കുന്നതല്ല. ജനങ്ങളുടെ ജീവിതത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ട് വളരേണ്ടതും സർവമേഖലകളെയും പ്രകാശപൂർണമാക്കേണ്ടതുമായ സർഗാത്മകതയാണത്. നിരന്തരമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിനു നാം കൊടുക്കേണ്ട വില. വീണ്ടുമൊരു സ്വാതന്ത്ര്യ ദിനാഘോഷത്തെ വരവേൽക്കാൻ തയാറെടുക്കുമ്പോൾ സംഭവ ബഹുലമായ ഒരു ഭൂതകാലത്തെ നമുക്ക് ഒരിക്കലും വിസ്മരിക്കാൻ പറ്റില്ല. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയാവുന്നത് വളരെ സവിശേഷതകളുള്ള ഒരു സാർവദേശീയ പശ്ചാത്തലത്തിലായിരുന്നു. കൊളോണിയൽ മേധാവിത്വത്തിനും അടിച്ചമർത്തലുകൾക്കും ഫാസിസ്റ്റു ഭീകരതകൾക്കുമെതിരെ ലോകത്താകെ ആളിപ്പടർന്ന യുദ്ധങ്ങളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും രാഷ്ട്രീയ പരിസരത്തിലാണ് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം കരുത്താർജ്ജിക്കുന്നത്. രണ്ടാം ലോകയുദ്ധം ഫാസിസ്റ്റു ഭരണകൂടങ്ങളെ തകർത്തെറിയുകയും കൊളോണിയൽ ശക്തികൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിൽ ഡസൻകണക്കിനു രാജ്യങ്ങൾ വിമോചിതരാവുകയും സ്വതന്ത്ര ഭരണകൂടങ്ങൾ സ്ഥാപിതമാവുകയും ചെയ്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സോഷ്യലിസം, ജനാധിപത്യം, പരമാധികാരം തുടങ്ങിയ ആധുനിക രാഷ്ട്രീയ ആശയാദർശങ്ങൾ ലോകമാകെ മാറ്റൊലിക്കൊണ്ട ആവേശഭരിതമായ ഒരു കാലഘട്ടമായിരുന്നു അത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് സുദീര്‍ഘവും വളരെ സങ്കീർണവും ബഹുമുഖ സ്വഭാവമാർന്നതുമായ ചരിത്രമാണുള്ളത്. ഔപചാരികമായി പറയുമ്പോൾ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമാരംഭിക്കുന്നത് 1857ലാണെങ്കിൽ അതിനു മുമ്പുതന്നെ കൊളോണിയൽ ഭരണത്തിനും ജാതിവ്യവസ്ഥയ്ക്കും ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരായ ഒറ്റപ്പെട്ടവയെങ്കിലും വീറുറ്റ പോരാട്ടങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നിരുന്നു. ആദിവാസി കലാപങ്ങൾ, പഴശ്ശിരാജയുടെ നേതൃത്വത്തിൽ നടന്ന യുദ്ധം തുടങ്ങി അനേകം സംഭവങ്ങളിലാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത്. ആധുനിക നവോത്ഥാന, സ്വദേശി, മതപരിഷ്കരണ പ്രസ്ഥാനങ്ങൾ, അടിമത്ത നിരോധനത്തിനും വഴിനടക്കാനുള്ള അവകാശത്തിനും ഉത്തരവാദ ഭരണത്തിനും വേണ്ടിയുള്ള സമരങ്ങൾ, അയിത്താചരണത്തിനെതിരായ പ്രക്ഷോഭങ്ങൾ, തൊഴിലാളി വർഗ-കർഷക സമരങ്ങൾ, നാവിക കലാപം തുടങ്ങി എണ്ണമറ്റ പ്രക്ഷോഭപരമ്പരകളുടെ ഫലമായിട്ടാണ് ഇന്ത്യ സ്വതന്ത്രയാവുന്നതും ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമായി മാറുന്നതും.


ഇതുകൂടി വായിക്കൂ: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു


ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങി വിരലിലെണ്ണാവുന്ന രാഷ്ട്രീയ പാർട്ടികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും പില്ക്കാലത്ത് വ്യത്യസ്ത രാഷ്ട്രീയാശയങ്ങൾ ഉൾക്കൊണ്ട് നിരവധി പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ രൂപം കൊണ്ടു. സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐഎൻഎ, ഭഗത്‌സിങ്ങിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, നവ്ജവാൻ സഭ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നിവയെല്ലാം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ അതിന്റേതായ അഭിമാനകരമായ പങ്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ നിർവഹിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ വളർന്നുവന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ സമരത്തിൽ നിസ്തുലമായ പങ്കുവഹിച്ചു. എന്നാൽ ഇന്ത്യയിലാദ്യമായി പൂർണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആ സന്ദർഭത്തിൽ അത്തരമൊരു പ്രമേയത്തെ കോൺഗ്രസ് എതിർക്കുകയായിരുന്നു എന്നതാണ് ചരിത്രസത്യം.
നൂറ്റാണ്ടുകളായി ജാതീയവും വർണപരവുമായി അടിച്ചമർത്തപ്പെട്ടും മൃഗങ്ങൾക്കുപോലും സഞ്ചരിക്കാനും പ്രവേശിക്കാനുമുള്ള ക്ഷേത്രങ്ങളിലും മറ്റും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടും അപമാനവീകരിക്കപ്പെട്ട ലക്ഷോപലക്ഷം അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചനമായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. ശ്രീനാരായണഗുരു, വൈകുണ്ഠസ്വാമികൾ, അയ്യന്‍കാളി, പെരിയാർ രാമസ്വാമി നായ്ക്കർ തുടങ്ങിയ നവോത്ഥാന നായകരുടെയും അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളുടെയും വളർച്ചയുടെ പശ്ചാത്തലത്തിലാണ് വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ നടന്നതും അത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായതും. അതുപോലെ നിർണായകമായ ഒന്നായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി, കർഷക ജനവിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭ സമരങ്ങൾ. പുന്നപ്ര വയലാർ, കയ്യൂർ, കരിവള്ളൂർ, മൊറാഴ, കാവുമ്പായി, തെലങ്കാന തുടങ്ങി എണ്ണമറ്റ വിപ്ലവ പോരാട്ടങ്ങളെല്ലാം ഇന്ത്യൻ കർഷക ജനതയുടെയും കമ്മ്യൂണിസ്റ്റുകാരുടെയും സമാനതകളില്ലാത്ത ത്യാഗനിർഭരവും പോരാട്ടത്തിന്റെ വർണാഭവുമായ ചരിത്രമായിരുന്നു.

 

ഈ പോരാട്ടങ്ങളിൽ ചിലത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പായിരുന്നു നടന്നതെങ്കിൽ ചിലത് സ്വാതന്ത്ര്യാനന്തര കാലത്ത് നടന്നതും ആയിരക്കണക്കിന് പോരാളികളുടെ രക്തസാക്ഷിത്വത്തിൽ കലാശിച്ചതുമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, വിദേശവസ്ത്ര ബഹിഷ്കരണം, സ്വദേശി പ്രസ്ഥാനം, ക്വിറ്റിന്ത്യാസമരം തുടങ്ങിയ മുഖ്യധാരാ ദേശീയ സമരങ്ങൾക്കൊപ്പം നൂറുകണക്കിനു ജനങ്ങൾ രക്തസാക്ഷിത്വം വരിച്ച ജാലിയൻവാലാബാഗ് സംഭവം, മലബാർ കലാപം, വാഗൺട്രാജഡി, ആൻഡമാൻ നിക്കോബർ സെല്ലുലാർ ജയിലിലെ ധീരദേശാഭിമാനികൾ അനുഭവിച്ച ദീർഘമായ പീഡനങ്ങൾ, ഭഗത്‌സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവർ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രകമ്പനം കൊള്ളിച്ചതിന് ഏറ്റുവാങ്ങേണ്ടി വന്ന ധീരരക്തസാക്ഷിത്വം-ഇവയെല്ലാം ചേർന്ന് ആർത്തിരമ്പിയ ബഹുജന പ്രക്ഷോഭങ്ങളാണ് ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യലബ്ധിയിലേക്ക് നയിച്ചത്. എന്നാൽ സ്വാതന്ത്ര്യ പൂർവകാലത്ത് തന്നെ ബ്രിട്ടീഷുകാർ നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിരോധനവും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടലും സ്വതന്ത്ര ഇന്ത്യയിലും തുടർന്നു.
1952ൽ തിരുവിതാംകൂർ‑കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. എസ് വി ഘാട്ടെ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി), എം എൻ റോയ്, എസ് എ ഡാങ്കെ, മുസഫർ അഹമ്മദ്, സുന്ദരയ്യ, അജയഘോഷ്, പി സി ജോഷി, പി കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളെല്ലാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളായിരുന്നു. ഇതിനിടയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ വേട്ടയാടാനും പാർട്ടിയെ നിരോധിക്കാനുമായി ബ്രിട്ടീഷ് ഭരണകൂടം നിരവധി ഗൂഢാലോചനാ കേസുകൾ ഉണ്ടാക്കി. പെഷവാർ ഗൂഢാലോചനാ കേസ്, മീററ്റ് ഗൂഢാലോചനാ കേസ് എന്നിവയായിരുന്നു അവ. നിരവധി നേതാക്കളെ കരിനിയമം ഉപയോഗിച്ച് തടവറയിലാക്കുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തു. സഖാക്കള്‍ അപ്പുവും ചിരുകണ്ഠനും അബൂബക്കറും കുഞ്ഞമ്പുനായരും തുടങ്ങി നിരവധിപേര്‍ തൂക്കിലേറ്റപ്പെട്ടു. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളെ സേവിക്കുകയും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നെല്ലാം മാറിനിന്ന് ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന് അടിത്തറ പാകുകയുമായിരുന്നു ആർഎസ്എസും ഹിന്ദുമഹാസഭയും അതിന്റെ നേതാക്കളായ ഡോ. ഹെഡ്ഗെവാറും ഗോൾവാൾക്കറും വിനായക ദാമോദര സവർക്കറുമെല്ലാം.


ഇതുകൂടി വായിക്കൂ: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു


ഒട്ടേറെ വിഷയങ്ങളിലും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളിലും കൃത്യമായ വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ അസാധാരണമായ നേതൃപാടവത്തെയും അദ്ദേഹം ആവിഷ്ക്കരിച്ച മൂല്യങ്ങളെയും ധാർമ്മികതയെയും ത്യാഗപൂർണമായ ജീവിതത്തെയും എല്ലാറ്റിനുമുപരി ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിനുവേണ്ടി ഹൃദയരക്തം ചൊരിഞ്ഞ ആ അചഞ്ചലമായ ആത്മാർപ്പണത്തെയും സിപിഐ എക്കാലവും ആദരിക്കും.
ബഹുസ്വരതയുടെ സംസ്കാരംകൊണ്ട് സമ്പന്നമായ ഇന്ത്യ ലോകത്തിനു മുഴുവൻ പ്രചോദനവും പാഠപുസ്തകവുമാണ്. ഒരു ഭാഗത്ത് കൊടിയ സാമൂഹിക തിന്മകൾ നടമാടിയപ്പോഴും മറുഭാഗത്ത് ഉന്നതമായ ദർശനങ്ങൾക്കും ഉത്കൃഷ്ടമായ സാഹിത്യകൃതികൾക്കും മഹത്തായ ജീവിതമാതൃകകൾക്കും പിറവി നൽകിയ ചരിത്രപാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ചക്രവർത്തിമാരേക്കാൾ സർവസംഗപരിത്യാഗികളായ ഭിക്ഷുക്കളെ ആരാധിച്ച നാട്. എന്നാൽ സമഗ്രാധിപത്യഭരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മോഡിഭരണകൂടം ഈ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട് ഹിന്ദുത്വ ഫാസിസം ഇന്ത്യയിൽ അടിച്ചേൽപ്പിക്കുകയാണ്. ശാസ്ത്രചിന്തയെയും യുക്തിവിചാരത്തെയും അട്ടിമറിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും നിഗൂഢവാദങ്ങളും മിഥോളജികളും ഇടകലർത്തി പ്രാകൃതാചാരങ്ങളുടെ പുനഃസ്ഥാപനം നടപ്പാക്കിക്കൊണ്ടാണ് ഹിന്ദുത്വ ഫാസിസം സമൂഹത്തിൽ പിടിമുറുക്കുന്നത്. ഇതാണ് സാംസ്കാരിക ഫാസിസത്തിന്റെ രീതി. പാർലമെന്റ്, ജുഡീഷ്യറി, കുറ്റാന്വേഷണ ഏജൻസികൾ, പൊലീസ്, സൈന്യം, സാംസ്കാരിക‑അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയെയെല്ലാം ഒരേസമയം അവസരോചിതമായി നിർജീവമാക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിനനുകൂലമാക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആഗോള കോർപറേറ്റ് ശക്തികളുമായി അതിരറ്റ ആത്മബന്ധം സ്ഥാപിക്കുന്ന മോഡി സർക്കാർ ഇന്ത്യയുടെ ഏറ്റവും മഹിമയേറിയതെന്ന് ലോകം വാഴ്ത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തെയും മതനിരപേക്ഷതയെയും ഭരണഘടനാ മൂല്യങ്ങളിലധിഷ്ഠിതമായ ഭരണക്രമത്തെയും ചവിട്ടി മെതിച്ചുകൊണ്ടാണ് ഇന്ത്യയെ ഭരിക്കുന്നത്. ബാബറി മസ്ജിദ് ധ്വംസനം, ഗോധ്ര സംഭവം, ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം തുടങ്ങി ഒട്ടേറെ ആഴത്തിലുള്ള മുറിവുകൾ ഇന്ത്യയുടെ രാഷ്ട്രശരീരത്തിൽ ഏൽപ്പിച്ച സംഘപരിവാർ ശക്തികൾ സ്പഷ്ടമാക്കുന്നത് ജനാധിപത്യ വാഴ്ചയെയും ഭരണഘടനയെയും അവർ ഭയപ്പെടുന്നുവെന്നതാണ്. പൗരാവകാശങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടും പൗരാവകാശ‑മനുഷ്യാവകാശ പ്രവർത്തകരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയിലിട്ടും ഉന്മൂലനം ചെയ്തും താണ്ഡവമാടുന്ന ഭരണകൂടമാണ് മോഡിയുടേത്. അത് പ്രതിപക്ഷശബ്ദത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.


ഇതുകൂടി വായിക്കൂ: ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം


സ്വാതന്ത്ര്യം സഫലമാവുന്നത് അത് രാഷ്ട്രത്തിലെ ഓരോ പൗരനിലും നിർഭയത്വത്തോടെയും സമാധാനത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുമ്പോഴാണ്. ഗിരിശൃംഗങ്ങൾ മുതൽ ദരിദ്രന്റെ കുടിലുകൾ വരെ സ്വാതന്ത്ര്യത്തിന്റെ മണിമുഴക്കം ഉയരുമ്പോഴാണ് അത് സാക്ഷാത്ക്കരിക്കപ്പെടുന്നത്. വർഗ, വർണ, ജാതി, വംശ, ഭാഷാ, രാഷ്ട്രീയ, ലിംഗവ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും തുല്യതയും നീതിയും ജീവിതോപാധികളും ലഭ്യമാവുന്ന ഐശ്വര്യപൂർണമായ ഒരു രാഷ്ട്രീയ ജീവിതത്തെയാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എല്ലാവിധ അടിച്ചമർത്തലുകളുടെയും വിവേചനങ്ങളുടെയും സംഘർഷങ്ങളുടെയും അന്ത്യത്തിൽ നിന്നാണ് സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടം പ്രസരിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയിൽ കോറിയിട്ട മതനിരപേക്ഷരതയെന്ന ദീപ്തമായ ആശയങ്ങളെ നഗ്നമായി തമസ്കരിക്കുന്ന ഭരണകൂടമാണ് ഇന്ത്യാരാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മഹാത്മാഗാന്ധിയടക്കമുള്ള അനേകായിരം സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ട മതസൗഹാർദ്ദവും മതസാഹോദര്യവും ജീവിതാഭ്യുന്നതിയും കൊണ്ടു നിറവാർന്ന ഒരിന്ത്യയെ പുനർനിർമ്മിക്കാൻ നമുക്ക് കഠിനമായി പോരാടുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
അതുതന്നെയാണ് അവനവനുവേണ്ടിയല്ലാതെ മറ്റുള്ളവർക്കായി സ്വജീവിതം ബലിയർപ്പിച്ച അസംഖ്യം രക്തസാക്ഷികൾക്കായി നമുക്ക് സമർപ്പിക്കാനുള്ള രക്തപുഷ്പങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.