20 April 2024, Saturday

Related news

December 7, 2023
October 19, 2023
September 23, 2023
September 9, 2023
March 18, 2023
March 12, 2023
February 3, 2023
January 16, 2023
July 9, 2022
June 7, 2022

തീവ്രഹിന്ദുത്വം വയറുനിറയ്ക്കില്ല

ടി കെ പ്രഭാകരകുമാർ
October 24, 2021 4:58 am

ഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 2020ലെ 94-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്ത് എത്തിനിൽക്കുകയാണെന്ന വിവരം നമ്മുടെ രാജ്യം അനുദിനം അധോഗതിയിലേക്കാണ് പോകുന്നതെന്ന സൂചനയാണ് നല്കുന്നത്. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ അത്ര ദാരിദ്ര്യം ഇന്ത്യയിലില്ല എന്ന് ഇനി പറയാൻ പറ്റാത്ത വിധത്തിൽ ദയനീയമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ദാരിദ്യത്തിന്റെ കാര്യത്തിൽ ഈ രാജ്യങ്ങളൊക്കെ ഏറെ പിന്നിലാക്കിക്കൊണ്ടാണ് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ നില തുടർന്നാൽ ഇന്ത്യ സൊമാലിയയുടെ അവസ്ഥയിലേക്ക് എത്തിച്ചേരുമോയെന്ന് ഏതെങ്കിലും ഒരു പൗരൻ ഉത്കണ്ഠപ്പെട്ടാൽ അത് അതിശയോക്തിയാണെന്ന് പറയാനാകില്ല. കാരണം രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഇന്ത്യയെ നൂറ്റാണ്ടുകൾ പിറകിലേക്കാണ് വലിച്ചുകൊണ്ടുപോയിരിക്കുന്നത്.

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം പോലും കിട്ടുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭ നിയോഗിച്ച സംഘടനകള്‍ നടത്തിയ പഠനത്തിൽ വ്യക്തമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യയും അഛാദിനും ഒക്കെ പൊള്ളയായ വാചകക്കസർത്തുകൾ മാത്രമാണെന്ന് തെളിയുമ്പോഴും കേന്ദ്രം ഭരിക്കുന്നവരുടെ തള്ളലുകൾക്ക് യാതൊരു കുറവുമില്ല. വർഗീയതയും തീവ്രഹിന്ദുത്വവും അതിദേശീയതയും രാജ്യസ്നേഹവുമൊക്കെ പറഞ്ഞ് വാക്കുകൾ കൊണ്ട് അമ്മാനമാടിയാൽ രാജ്യത്തെ ജനങ്ങളുടെ വയറുനിറയ്ക്കാൻ കഴിയുമെന്നാണോ ബിജെപി ഭരണകൂടം കണക്കുകൂട്ടുന്നത്. വിശക്കുന്നവന് വേണ്ടത് ആഹാരം തന്നെയാണ്. അതുകഴിഞ്ഞ് മാത്രമേ മറ്റെന്തുമുള്ളൂ.

 

 

പട്ടിണികൊണ്ട് കഷ്ടപ്പെടുന്നവർക്ക് ആഹാരവും ഉടുക്കാൻ വസ്ത്രവും കിടക്കാൻ വീടും ഉപജീവനമാർഗവും നല്കാൻ കഴിയുന്ന തരത്തിൽ മികച്ച ഭരണം നടത്താൻ കഴിയുന്ന ആൾക്ക് മാത്രമേ മികച്ച ഭരണാധികാരിയാണെന്ന വിശേഷണത്തിന് അർഹതയുള്ളൂ. അല്ലാതെ വർഗീയ അജണ്ടയോടെ നടപ്പാക്കുന്ന പദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ബഹുരാഷ്ട്ര കുത്തകകളോടുള്ള ഉദാരമായ സമീപനവുമല്ല ഉത്തമമായ ഭരണത്തിന്റെ ലക്ഷണങ്ങൾ. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വനിയമവും കാർഷിക ബില്ലും അയോധ്യയിലെ രാമക്ഷേത്രവുമാണ് പ്രധാനഭരണനേട്ടങ്ങളായി ബിജെപി സർക്കാർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ രാജ്യത്തെ തെരുവുകളിൽ ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുന്ന എല്ലുന്തിയ പട്ടിണിപ്പാവങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല. വിദേശരാഷ്ട്രത്തലവൻമാർ ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്യം മെച്ചപ്പെട്ട സാമ്പത്തികനിലയിലാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാൻ തെരുവിന്റെ മക്കളെ തല്ലിയോടിച്ച് ശീലമുള്ളവർക്ക് അവരുടെ വിശപ്പിനെക്കുറിച്ച് ചിന്തിക്കാൻ നേരമുണ്ടാകാറില്ലെന്നതാണ് വസ്തുത. ലക്ഷോപലക്ഷം ജനങ്ങളാണ് യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ ചേരികളിൽ വസിക്കുന്നത്. മോഡിസർക്കാർ വികസനമാതൃകകളായി ഉയർത്തിക്കാണിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് അതിദരിദ്രരായ ഭൂരിഭാഗം ജനങ്ങളുമുള്ളത്. അത്യാവശ്യമരുന്നുകളോ ഡോക്ടർമാരോ ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് അവിടങ്ങളിലുള്ളത്. ഓക്സിജൻ പോലും കിട്ടാതെ കൂട്ടമരണങ്ങൾ സംഭവിക്കുന്നതും ഉത്തരേന്ത്യയിലെ ആശുപത്രികളിലാണ്.

 


ഇതുകൂടു വായിക്കൂ: ലോകത്ത് കോടീശ്വരൻമാരും പട്ടിണിപ്പാവങ്ങളും പെരുകുന്നു


 

ദരിദ്രരെ പിന്നെയും ദരിദ്രരാക്കുന്ന സാമ്പത്തികനയങ്ങളായിരുന്നു കേന്ദ്രത്തിൽ മാറി മാറി അധികാരത്തിലിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ സ്വീകരിച്ചിരുന്നത്. നരേന്ദ്രമോഡിയുടെ ഒന്നാംഭരണവും പിന്നെ വന്ന രണ്ടാംഭരണവും ദരിദ്രരെ കുത്തുപാളയെടുപ്പിക്കാനും അതിസമ്പന്നരെ പിന്നെയും സമ്പന്നരാക്കാനും സാമ്പത്തികനയങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ബഹുരാഷ്ട്രകുത്തകകൾക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നാംമോഡി സർക്കാർ നോട്ടുനിരോധനവും ജിഎസ്‌ടിയും അടക്കമുള്ള ജനവിരുദ്ധ പദ്ധതികൾ നടപ്പിലാക്കിയത്. രാജ്യത്ത് ബിജെപി സർക്കാരിന് പ്രയോജനമുള്ള അതിസമ്പന്നരുടെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം നടപ്പിൽ വരുത്തിയ നോട്ടുനിരോധനവും ജിഎസ്‌ടിയും ഇന്ത്യയിലെ ഇടത്തരക്കാരുടെയും അടിസ്ഥാനജനവിഭാഗങ്ങളുടെയും ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. രാജ്യത്തിന്റെ താഴെത്തട്ടിലുള്ള വിവിധ തൊഴിൽ മേഖലകളെ താങ്ങിനിർത്തിയിരുന്ന സമ്പദ്‌വ്യവസ്ഥകളെല്ലാം തകർത്ത് തരിപ്പണമാക്കാനാണ് നോട്ടുനിരോധനവും ജിഎസ്‌ടിയും ഇടവരുത്തിയത്. ലക്ഷക്കണക്കിനാളുകൾ തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമായി. പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണവും എണ്ണിയാലൊടുങ്ങാത്തതാണ്. രണ്ടാംമോഡി സർക്കാർ നടപ്പാക്കിയ കാർഷികനിയമം രാജ്യത്തെ ചെറുകിടകർഷകരുടെ ജീവിതത്തെയാണ് കടപുഴക്കിയെറിഞ്ഞിരിക്കുന്നത്. വൻകിട കുത്തകകൾക്ക് വിപണിയിൽ ഇടപെട്ട് കൊള്ളലാഭമുണ്ടാക്കാൻ അവസരം നൽകുന്നതിന് വേണ്ടിയാണ് ഒരു തരത്തിലുള്ള പ്രതിഷേധവും വകവയ്ക്കാതെ ചെറുകിടകർഷകരുടെ കഴുത്തിന് പിടിച്ച് ബലപ്രയോഗത്തിലൂടെ കാർഷികബിൽ കൊണ്ടുവന്നത്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി രാജ്യത്ത് കർഷകർ ആരംഭിച്ച സമരപരമ്പരകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. സമരക്കാർക്ക് നേരെ വണ്ടിയോടിച്ച് കയറ്റി കൂട്ടക്കൊലപാതകങ്ങൾ നടത്തിയിട്ടും കർഷകപോരാട്ടത്തെ തളർത്താൻ കേന്ദ്രഭരണക്കാർക്ക് സാധിച്ചിട്ടില്ല. ഇതിനിടയിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ദിവസവും വിലകൂട്ടി പൊതുവെ പ്രതിസന്ധി നേരിടുന്ന ജനങ്ങളിൽ കൂടുതൽ ആഘാതങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു.

 

 

കോവിഡ് മൂലം തകർന്നുപോയ ജീവിതം എങ്ങനെ പൂർവസ്ഥിതിയിലാക്കുമെന്നറിയാതെ ഉഴറുന്ന ജനതയ്ക്ക് മേലെയാണ് അശനിപാതം പോലെ കേന്ദ്രസർക്കാർ ഒന്നിന് പിറകെ ഒന്നായി ദുരിതങ്ങൾ വർഷിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ തൊഴിൽസംബന്ധമായി ഇത്രയും അരക്ഷിതാവസ്ഥ നേരിടുന്ന കാലഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളെപ്പോലും അട്ടിമറിച്ചത് മോഡിസർക്കാരാണ്. തൊഴിൽനിയമങ്ങളെല്ലാം മുതലാളിത്തവർഗത്തിന് അനുകൂലമായി കേന്ദ്രം പരിഷ്കരിച്ചിരിക്കുകയാണ്. സ്വകാര്യതൊഴിൽ മേഖലകളിൽ ഈ നയം ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതം അതിഭീകരം തന്നെയാണ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവകാശം മുതലാളിക്കുണ്ടെന്നും അതിന് പ്രത്യേകം കാരണങ്ങളൊന്നും വേണ്ടെന്നുമുള്ള നിലപാടിനാണ് ഈ നയം പ്രോത്സാഹനം നല്കുന്നത്. ഒരുപാട് വർഷങ്ങൾ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കീഴിൽ ജോലി ചെയ്യുന്ന ആൾക്ക് ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യവും ഇപ്പോൾ രൂപപ്പെട്ടുകഴിഞ്ഞു. സർക്കാർ ജോലിയില്ലാത്തവർക്ക് ജീവിതമില്ലാത്ത അത്യന്തം പ്രതിലോമകരമായ അവസ്ഥയുടെ തടവുകാരായി രാജ്യത്തെ ജനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ:  2020 ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-മത്


 

സകലമേഖലകളിലും സ്വകാര്യവത്കരണം നടപ്പാക്കി ജനങ്ങളെയെല്ലാം ഭിക്ഷയെടുപ്പിച്ചേ അടങ്ങൂവെന്ന ദുർവാശിയോടെ ഭരണം നടത്തുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാനാകില്ല. കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെല്ലാം കുത്തകകൾക്ക് വിൽക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എയർലൈൻസും റയിൽവേയും തപാൽ മേഖലയും എൽഐസിയും എന്നുവേണ്ട കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സംരംഭങ്ങളെല്ലാം കുത്തകകൾക്ക് കൈമാറി ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു സ്വകാര്യ മൊബൈൽ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം പോലും തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. എല്ലാ വിധത്തിലും ജനജീവിതം കുത്തകകളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കാൻ ഇത്രയും സമർത്ഥനായ ഒരു ഭരണാധികാരി ഇതുവരെ രാജ്യത്തിന് കിട്ടിയിട്ടില്ല. രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനം ഇന്ന് അടിമച്ചന്തയിൽ ലേലം വിളിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ദുര്യോഗം എന്നല്ലാതെ മറ്റെന്ത് പറയാൻ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.