October 2, 2022 Sunday

ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്ത് കണ്ണുകളുടെ സംരക്ഷണത്തിന് നേത്ര വ്യായാമങ്ങൾ

ഡോ. അജീഷ് പി ടി
റിസർച്ച് ഓഫീസർ, എസ്‌സിഇആർടി
July 25, 2021 10:24 pm

നേരിട്ട് നിർവഹണം നടന്നുവന്നിരുന്ന പ്രവർത്തനങ്ങളെല്ലാം കോവിഡു കാരണം ഡിജിറ്റൽ രീതിയിലാകുകയും ജനങ്ങൾ ആശയവിനിമയത്തിനായി ഡിജിറ്റൽ ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പഠനം, മീറ്റിങ്ങുകൾ, സംവാദങ്ങൾ, കോൺഫറൻസുകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ തുടങ്ങി നേരിട്ട് നടന്നുകൊണ്ടിരുന്ന പ്രവർത്തനങ്ങളെല്ലാം വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സഹായത്താൽ നടന്നുവരുന്നു. അതിനാൽ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കൂടുതൽ സമയവും മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ മുന്നിൽ ദീർഘനേരം ചെലവഴിക്കേണ്ടതായി വരുന്നു. ഓരോ പ്രവർത്തനവും പ്രാധാന്യമുള്ളതായതിനാൽ തുടർച്ചയായ ഡിജിറ്റൽ ഉപകരണ ഉപയോഗം ദിനംപ്രതി കൂടിവരുന്നുണ്ട്. ഓരോ ദിവസവും അധിക സമയവും ഒരു സ്ക്രീനിൽത്തന്നെ നോക്കിയിരിക്കുന്നതിലൂടെ നേത്രസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെക്കൂടുതലാണ്. “കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല’ എന്ന പഴമൊഴി വളരെ പ്രസക്തമാണല്ലോ. കാഴ്ചക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ പിടിപെടുന്നതുവരെ ആരും കണ്ണിന്റെ സംരക്ഷണത്തെപ്പറ്റി ചിന്തിക്കാറില്ല. നിരന്തരമായി ഡിജിറ്റൽ ഉപകരണങ്ങളുടെ സ്ക്രീൻ കാണുന്നതിലൂടെ കുട്ടികൾക്കിടയിൽ ഷോർട്ട് സൈറ്റ്, ഡിജിറ്റൽ ഐ സ്ട്രെയിൻ തുടങ്ങിയ നേത്രസംബന്ധമായ അസുഖങ്ങൾ കൂടിവരുന്നുണ്ട്. പലപ്പോഴും കണ്ണിൽനിന്നും വെള്ളം വരിക, വസ്തുക്കളെ രണ്ടായി കാണുക, കാഴ്ചമങ്ങൽ, തലവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ട്.

തുടർച്ചയായി സ്ക്രീൻ ഇമവെട്ടാതെ നോക്കിയിരിക്കേണ്ടിവരുമ്പോൾ കണ്ണിലെ മൃദുപേശികൾക്ക് വരൾച്ച (dry­ness) അനുഭവപ്പെടുന്നു. അതിലൂടെ കണ്ണിനുള്ളിലെ ഈർപ്പത്തിന്റെ തോത് കുറയുന്നു. അതിനാൽ ഇടയ്ക്കിടക്ക് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഇതിലൂടെ കണ്ണുനീർ കൂടുതലായി കണ്ണിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുകയും സുഖകരമായ അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. നേത്രസംബന്ധമായ അസുഖങ്ങൾ വരാതിരിക്കുവാനും കണ്ണുകളുടെ ആയാസം കുറയ്ക്കുവാനും നേത്രവ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് നല്ലതാണ്. കണ്ണിലെ സൂക്ഷ്മപേശികളെ ശക്തിപ്പെടുത്തുവാനും ക്ഷമത നിലനിർത്തുവാനും ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ സാധിക്കുന്നു. വ്യക്തിഗതമായിത്തന്നെ പരിശീലിക്കുവാൻ സാധിക്കുന്ന ഏതാനും ലഘു നേത്രവ്യായാമമുറകൾ പരിചയപ്പെടാം.

1. കൃഷ്ണമണി വ്യായാമങ്ങൾ

കൃഷ്ണമണി മുകളിലേക്കും താഴേക്കും ഒന്നിടവിട്ട രീതിയിൽ വളരെ സാവധാനം ചലിപ്പിക്കുന്നത് കണ്ണിന് ഗുണകരമാണ്.

കൃഷ്ണമണി വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും ഒന്നിടവിട്ട രീതിയിൽ വളരെ സാവധാനം വൃത്താകൃതിയിൽ ചലിപ്പിക്കുക.

ഇരു കൃഷ്ണമണികളും ഒരുമിച്ച് മൂക്കിന്റെ അഗ്രത്തിലേക്ക് നിശ്ചിത സമയം നോക്കി ശ്രദ്ധപതിപ്പിക്കുക. തുടർന്ന് കൺപീലികളിലേക്കും നോട്ടം തുടർന്നശേഷം പൂർവസ്ഥിതിയിൽ എത്തിച്ചേരണം.

2. ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കൽ

വലതുകൈ നിവർത്തി കൈമുഷ്ടി ചുരുട്ടി പെരുവിരൽ നിവർത്തി മുഖത്തിനുനേരെ വയ്ക്കുക. തുടർന്ന് നോട്ടം വിരലിന്റെ ഏറ്റവും മുകളറ്റം മാത്രം കേന്ദ്രീകരിക്കുക. നിശ്ചിത നേരത്തിനുശേഷം (20 സെക്കന്റ് മുതൽ 30 സെക്കന്റ് വരെ) റിലാക്സ് ചെയ്യണം. ഈ പ്രവർത്തനം ഒരു കണ്ണടച്ച് ആദ്യം തുടങ്ങുകയും തുടർന്ന് മറ്റേകണ്ണടച്ചും പരിശീലിക്കണം.

3. ക്ലാസുകൾക്കിടയ്ക്ക് കണ്ണ് വേഗത്തിൽ ചിമ്മുക, തണുത്ത വെള്ളത്തിൽ കണ്ണു കഴുകുക, ഇടവേളകളിൽ വീടിന് പുറത്തേക്ക് ഇറങ്ങി ചുറ്റുമുള്ള ഓരോ വസ്തുവിലും പ്രത്യേകം ശ്രദ്ധിച്ചു നോക്കണം.

4. ഇരു കൈപ്പത്തികളും ചേർത്തുരുമ്മിയശേഷം ഉണ്ടാകുന്ന ഉള്ളംകയ്യിലെ ചൂട് കണ്ണിലേക്ക് പകരുന്നത് നല്ലതാണ്.

5. കണ്ണുകൾ ശക്തമായി മുറുക്കി അടയ്ക്കുക. തുടർന്ന് കണ്ണുകൾ തന്നായി തുറന്ന് പിടിക്കുകയും വേണം.

6. കണ്ണുകളുടെ പരിപാലനത്തിനും നേത്രസംരക്ഷണത്തിനും യോഗയിലെ ത്രാടകം എന്ന ക്രിയ പരിശീലിക്കുന്നത് നല്ലതാണ്.

7. പുരികത്തിലും നെറ്റിത്തടത്തിലും രക്തയോട്ടം വർധിപ്പിക്കുവാൻ വളരെ മൃദുവായ രീതിയിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.

 

Eng­lish Sum­ma­ry: Eye exer­cis­es for eye care dur­ing online education

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.