Friday
22 Feb 2019

പ്രളയമേഖലകളില്‍ നേത്ര ഡോക്ടര്‍മാര്‍ സൗജന്യ പരിശോധന ക്യാമ്പുകള്‍ നടത്തും 

By: Web Desk | Saturday 8 September 2018 10:08 PM IST

കണ്ണൂര്‍: നേത്ര ഡോക്ടര്‍മാരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെഎസ്ഒഎസ്) പ്രളയബാധിത മേഖലകളില്‍ സൗജന്യ നേത്രപരിശോധന ക്യാന്പുകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റിയും അതത് ജില്ലകളിലെ ജില്ലാകമ്മിറ്റിയും സഹകരിച്ച് പ്രളയ ബാധിത ജില്ലകളില്‍ ഒക്ടോബര്‍ ഏഴിനാണ് ക്യാന്പുകള്‍ നടത്തുന്നത്. ഒരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളിലായാണ് ക്യാന്പുകള്‍ സംഘടിപ്പിക്കുക. ക്യാന്പിലൂടെ മരുന്നുകളും കണ്ണട നഷ്ടപ്പെട്ടവര്‍ക്ക് കണ്ണടകളും സൗജന്യമായി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ശ്രീനി എടക്ലോന്‍ അറിയിച്ചു.
കെഎസ്ഒഎസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നായി സഹായങ്ങള്‍ ലഭ്യമായിട്ടുണ്ട്.  സംഘടനയുടെ അഭ്യര്‍ഥന പ്രകാരം ബംഗളൂരു ശങ്കര കണ്ണാശുപത്രി യംഗ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെ രണ്ട് ട്രക്ക് വഴിയും ഹെലികോപ്റ്റര്‍ വഴിയും സഹായങ്ങള്‍  എത്തിച്ചു. തമിഴ്‌നാട്ടിലുള്ള നേത്ര ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പുതപ്പുകളും എത്തിച്ചിരുന്നു. ഇതിനകം സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി  41,49,600 രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇത് ഇന്ന് കതിരൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡോ. ശ്രീനി എടക്ലോന്‍ മന്ത്രി കെ.കെ. ശൈലജയക്ക് കൈമാറും. പത്രസമ്മേളനത്തില്‍ ഡോ. ബി.വി. ഭട്ട്, ഡോ. എ.എം. റാവു എന്നിവരും പങ്കെടുത്തു.