May 28, 2023 Sunday

പ്രതിസംസ്‌കാരം മൂല്യങ്ങളെ നശിപ്പിക്കും: ആനന്ദ്

Janayugom Webdesk
December 23, 2019 9:57 pm

തിരുവനന്തപുരം: സംസ്‌കാരത്തിനൊപ്പം സൃഷ്ടിക്കപ്പെടുന്ന പ്രതിസംസ്‌കാരം മൂല്യങ്ങളെ നശിപ്പിക്കുന്നതായി ആനന്ദ് പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എഴുത്തച്ഛൻ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആനന്ദ്. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങൾ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയർത്താൻ ശ്രമിക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാൻ വെളിച്ചത്തിനേ കഴിയൂ എന്ന് ഓർക്കണമെന്ന് ആനന്ദ് പറഞ്ഞു. നവോത്ഥാനം തുടർച്ചയായി സംഭവിക്കുന്നതാണ്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിർത്തേണ്ടതും നമ്മുടെ കർത്തവ്യമാണ്.

മൂല്യങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തുകയാണ് സംസ്‌കാരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് വേദനാജനകമായ സ്ഥിതിയാണ്. യഥാർത്ഥ ജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർധിക്കുന്നു. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. രാജ്യം വലിയ ആശങ്കയിൽ കഴിയുന്ന ഘട്ടത്തിൽ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണ്.

ഇത്തരം എഴുത്തുകൾ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കുകയെന്നത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ചരിത്രവുമായി ചേർന്നു നിൽക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ. കെ പി മോഹനൻ എന്നിവർ സംസാരിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.