Web Desk

ന്യൂഡൽഹി

February 03, 2020, 11:04 pm

ജാമിയ മിലിയയിൽ വീണ്ടും വെടിവയ്പ്പ്

Janayugom Online

സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ വീണ്ടും വെടിവയ്പ്പ്. ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പ് നടത്തിയശേഷം രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടു. ജാമിയ മിലിയയിലെ അഞ്ചാം നമ്പർ ഗേറ്റിന് സമീപത്താണ് വെടിവയ്പ്പ് നടന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവർക്ക് നേരെ ഇത് മൂന്നാം തവണയാണ് വെടിവയ്പ്പുണ്ടാകുന്നത്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പൊലീസ് നോക്കിനിൽക്കെ നടത്തിയ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. വെടിവയ്പ്പിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഡൽഹി ഷഹീൻ ബാഗിൽ വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡൽഹി സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാർ എന്ന അക്രമിയെ റിമാൻഡ് ചെയ്തത്. ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്. ഇയാളുടെ തോക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു.

Eng­lish Sum­ma­ry: Fir­ing again at Jamia Millia.

you may also like this video;