ആർഭാടകാലത്ത് ഉത്തമ കമ്മ്യുണിസ്റ്റുകളുടെ മാതൃക ഓര്‍മ്മിപ്പിച്ച്‌

Web Desk
Posted on February 05, 2018, 5:12 pm
      ആർഭാടങ്ങളുടെ കാലത്ത്  ലാളിത്യത്തിന്റെ മാതൃക ഓര്‍മ്മിപ്പിച്ച്‌ പഴയ രണ്ടു മുഖ്യമന്ത്രി മാരുടെ കഥകൾ  സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നു. ജനപ്രതിനിധികളുടെ ആർഭാട  വിവാദവും കമ്മ്യൂണിസ്റ് നേതാക്കളുടെ മക്കൾ മാഹാത്മ്യവും  കത്തിപ്പടരുന്നതിനിടയിലാണ് ഇത്തരം ഒരു പോസ്റ്റ്.
          1965ല്‍ ആയിരുന്നു അത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്‍റെ വരാന്തയില്‍ കൂടി അന്നത്തെ ജനകീയ ഡോക്ടര്‍ ആയിരുന്ന ഡോ. പി കെ ആര്‍ വാര്യര്‍ നടന്ന് പോകുമ്പോള്‍ മറ്റ് രോഗികള്‍ക്കൊപ്പം
മദ്ധ്യ വയസ്കരായ ദമ്പതികള്‍ ഇരുപ്പുണ്ടായിരുന്നു.
ആ ദമ്പതികളെ കണ്ടിട്ട് ഡോക്ടര്‍ക്ക് വിശ്വാസം വരുന്നില്ല.
 അത് മറ്റാരും ആയിരുന്നില്ല.
       തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ദത്ത് പുത്രനും മാര്‍ക്സിസ്റ്റ് ആചാര്യനുമായ
സഖാവ് ഇ.എം.എസും സഹധര്‍മ്മിണിയുമായിരുന്നു ആ ദമ്പതികള്‍.
അവരുടെ കയ്യില്‍ ഒരു ചോറ്റുപാത്രവും ഉണ്ടായിരുന്നു. ഡോക്ടര്‍ വിവരം തിരക്കിയപ്പോള്‍, മകന്‍ അനിയന്‍ എന്ന് വിളിക്കപ്പെടുന്ന ഇ എം ശ്രീധരന് ഒരു ഓപ്പറേഷന് വേണ്ടി വന്നതാണെന്ന് അറിയിച്ചു.
കേരളത്തിന്‍റെ ആദ്യത്തെ മുഖ്യമന്ത്രിയ്ക്ക് എല്ലാ പരിഗണനയും നല്‍കാമെന്ന് നിരവധി ഡോക്ടര്‍മാര്‍ അറിയിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. തൊഴിലാളി വര്‍ഗ്ഗ സംസ്കാരം ഉയര്‍ത്തിപ്പിടിച്ചു.
ഓപ്പറേഷന് ശേഷം ഡോക്ടര്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്ഇ എം എസിനേയും സഹധര്‍മ്മിണിയേയും ഊണിന് ക്ഷണിച്ചപ്പോള്‍, തങ്ങള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും സഖാവ് ഡോക്ടറെ അറിയിച്ചു.
ഡോക്ടര്‍ ആഹാരമൊക്കെ കഴിച്ച് വീട്ടില്‍ നിന്നും തിരിച്ച് വന്ന് ആശുപത്രി വരാന്തയില്‍ കൂടി നടന്ന് വരുമ്പോള്‍, വരാന്തയില്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത്  മുന്‍മുഖ്യമന്ത്രിയും ഭാര്യയും മറ്റ് സാധാരണക്കാരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടു.

മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകന്‍ ഡോ. വി രാമന്‍ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് മറ്റൊന്ന്‌.  

ഒരിക്കല്‍ അദ്ദേഹത്തിന്റെ (സി അച്യുതമേനോന്റെ) വാച്ചു ഡല്‍ഹിയില്‍ വച്ച്  കേടായി. പേഴ്സണല്‍ സ്റ്റാഫിനോട് നന്നാക്കാന്‍ സമയം കിട്ടാത്തതിനാല്‍ എച്ച്‌എംടിയുടെ മറ്റൊരു വാച്ചു വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണ ചെയിനോട് കൂടിയ 500 രൂപയുടെ മനോഹരമായ വാച്ചായിരുന്നു അദ്ദേഹം വാങ്ങി വന്നത്. ഇതു കണ്ട് ക്ഷോഭിച്ച അദ്ദേഹം ഈ വാച്ച്‌ തിരിച്ചയച്ച ശേഷം തന്റെ വരുമാനത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന വാച്ച്‌ വാങ്ങിവരാന്‍ ആവശ്യപ്പെടുകയും തിരിച്ചുപോയയാള്‍ നൂറു രുപയുടെ വാച്ചു വാങ്ങി വരികയും ചെയ്തെന്ന രാമന്‍കുട്ടി അനുസ്മരിക്കുന്നു. അന്നു മന്ത്രിമാര്‍ക്ക് 1000 രൂപ പോലും ശമ്പളമില്ലായിരുന്നെന്നും കുറിപ്പിൽ പറയുന്നു