സ്വകാര്യത ലംഘനം: ആയിരക്കണക്കിന് ആപ്പുകള്‍ ഫെയ്‌സ്ബുക്ക് നിര്‍ത്തി

Web Desk
Posted on September 21, 2019, 11:15 am

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ആയിരക്കണക്കുകള്‍ ആപ്പുകള്‍ നിര്‍ത്തലാക്കി. കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ നടന്ന പുനഃപരിശോധനയ്ക്ക് ശേഷമാണ് നടപടി.

2018ലാണ് പുനഃപരിശോധന നടത്തിയത്. ലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി തട്ടിയെടുത്തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി തുടങ്ങിയത്. അഭിഭാഷകര്‍, അന്വേഷകര്‍, ഡേറ്റ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, നയകാര്യ വിദഗ്ധര്‍, തുടങ്ങിയവരുടേത് അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്.

അതേസമയം നിരോധിക്കപ്പെട്ടത് കൊണ്ട് മാത്രം ഈ ആപ്പുകള്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് അര്‍ഥമില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ചിലര്‍ വിവരങ്ങള്‍ നല്‍കാത്തത് കൊണ്ട് മാത്രമാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആപ്പുകളെ കുറിച്ച് അന്വേഷണം നടത്തി. അതില്‍ ചിലത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന വിവരം പുറത്ത് വന്നതോടെ ഫെയ്‌സ്ബുക്ക് സൂക്ഷ്മ നിരീക്ഷണം നടത്തി വരികയായിരുന്നു. സ്വകാര്യതാ നിയമങ്ങള്‍ പാലിച്ച് കൊണ്ടാണോ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന അന്വേഷണവും ഫെയ്‌സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നാനൂറോളം ആപ്പുകള്‍ ഫെയ്‌സ്ബുക്ക് നിരോധിച്ചിരുന്നു.