Web Desk

March 04, 2020, 4:33 pm

പാമ്പുകടിയേറ്റ കുഞ്ഞിന്റെ ജീവനാണ് നാല് മണി കുരുമുളകിൽ ഒതുക്കിയത്; ആവർത്തിക്കുന്ന നാടൻ ചികിത്സ കൊലപാതകങ്ങൾ!

Janayugom Online

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടക്കുമ്പോൾ പാമ്പു കടിയേറ്റ മരിച്ച ശിവജിത്തിന്റെ മരണത്തെ ആസ്‌പദമാക്കി ഡോ ഷിംന അസിസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാമ്പു കടിയേറ്റാൽ, കടിയേറ്റ ഭാഗം അനക്കാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. എന്നാൽ, ശിവജിത്തിനെ നടത്തിച്ചാണ് ബസ് കിട്ടുന്നിടം വരെ കൊണ്ട് പോയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷിംന ആസിസിന്റെ മുന്നറിയിപ്പ്. കടിയേറ്റ ഭാഗം ഒരു കാരണവശാലും അനങ്ങാൻ പാടില്ല. ശരീരത്തിൽ വിഷം കലരുന്ന പ്രക്രിയയുടെ വേഗം കൂടാൻ ഇത് കാരണമാകുമെന്ന് ഷിംന അസിസ് ഫേസ്ബുക്കിൽ കുറിച്ചു.

ശിവജിത്തിനെ ചികിൽസിച്ച വിഷചികിത്സവിദഗ്ധയോട് ഒന്നേ പറയാനുള്ളു ‘അറിയാത്ത പണി എടുക്കരുത്’. ശിവജിത്തിനോട് കുരുമുളക് ചവച്ച് തുപ്പാൻ പറഞ്ഞു ‘വിഷമില്ല ‘എന്ന് ഉറപ്പു നൽകിയ വിഷചികിത്സവിദഗ്ധ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനാണ് നാലു മണി കുരുമുളകിൽ ഒതുക്കിയത്. ഇങ്ങനെയുള്ള ‘നാടൻ ചികിത്സ കൊലപാതകൾ’ നിയമപരമായി നേരിടണം’- ഷിംന അസിസ് ഫേസ്ബുക്കിൽ കുറിച്ചു.

ഷിംന അസിസിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണ രൂപം

ഒരു കുഞ്ഞിപൈതൽ കൂടി പാമ്പ്‌കടിക്ക്‌ കീഴടങ്ങിയിരിക്കുന്നു.

ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്‌ തന്നെ ഇനിയും പറയട്ടെ. കേരളത്തിൽ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളിൽ അഞ്ചെണ്ണത്തിനാണ്‌ മനുഷ്യനെ കൊല്ലാൻ പാകത്തിൽ വിഷമുള്ളത്‌.

മൂർഖൻ, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടൻ എന്നീ കരയിലെ പാമ്പുകൾക്കും കൂടാതെ കടൽപ്പാമ്പുകൾക്കും വിഷമുണ്ട്‌. നിലവിൽ രാജവെമ്പാലയുടേയും കടൽപ്പാമ്പുകളുടേയും വിഷത്തെ നിർജീവമാക്കാനുള്ള ആന്റിവെനം നമുക്ക്‌ ലഭ്യമല്ല. രാജവെമ്പാല കടിച്ച്‌ ഇന്ന്‌ വരെ കേരളത്തിൽ ആരും മരിച്ചതായി രേഖകളുമില്ല.

വിഷമുള്ള പാമ്പ് കടിച്ചാൽ പോലും എല്ലായെപ്പോഴും വിഷം ശരീരത്തിൽ കയറണമെന്നില്ല. ഭൂരിഭാഗം പാമ്പ്കടിയും വിഷമില്ലാത്ത പാമ്പുകളിൽ നിന്നോ അതല്ലെങ്കിൽ വിഷമുള്ള പാമ്പുകളെ വിഷം ശരീരത്തിലെത്തിക്കാൻ കെൽപ്പില്ലാത്ത ‘ഡ്രൈ ബൈറ്റ്‌’ രീതിയിലുള്ളതോ ആകും.

കടിയേറ്റാൽ ചെയ്യേണ്ടത്‌ — Do it ‘RIGHT’ എന്നോർക്കുക. Reas­sure (രോഗിയെ ആശ്വസിപ്പിക്കുക, രോഗി ഭീതിയിലാകുന്നത്‌ വഴി ഹൃദയമിടിപ്പ് കൂടുകയും വിഷം ശരീരത്തിൽ വളരെ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. Immo­bilise (കടിയേറ്റ ഭാഗം അനക്കാതെ ആശുപത്രിയിൽ എത്തിക്കുക.) ഇന്നലെ പാമ്പുകടിയേറ്റ കുഞ്ഞിനെ നടത്തിച്ചാണ്‌ ബസ്‌ കിട്ടുന്നിടം വരെ കൊണ്ടു പോയത്‌ എന്ന്‌ വായിച്ചു. ഒരു കാരണവശാലും കടിയേറ്റ ഭാഗം അനങ്ങാൻ പാടില്ല. വിഷം ശരീരത്തിൽ കലരുന്ന പ്രക്രിയയുടെ വേഗം കൂടാൻ ഇത്‌ കാരണമാകും. Go to Hos­pi­tal (ആശുപത്രിയിലേക്ക്‌ ചെല്ലുക). Tell the symp­toms (ലക്ഷണങ്ങൾ പറയുക. ഓരോ പാമ്പിൻവിഷവും ശരീരത്തിൽ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വെവ്വേറെയാണ്‌. അത്‌ കേട്ടാൽ ഡോക്‌ടർക്ക്‌ വേണ്ട ചികിത്സകൾ തീരുമാനിക്കാൻ സാധിക്കും).

നാലിനം വിഷപാമ്പുകൾക്കും നൽകുന്ന ആന്റിവെനം ഒന്ന്‌ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെ പാമ്പിനെ കാണാതെ തന്നെ ചികിത്സ നിർണയിക്കാനാകും. കഴിയുമെങ്കിൽ സുരക്ഷിതദൂരത്ത്‌ നിന്ന്‌ മൊബൈൽ ഫോണിൽ പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അത്‌ പോലും നിർബന്ധമില്ല. മുറിവിന്‌ മീതെ കെട്ടുകയോ കഴിഞ്ഞ ദിവസം വാവ സുരേഷിന്‌ അണലിയുടെ കടിയേറ്റ വീഡിയോയിൽ കണ്ടത്‌ പോലെ മുറിവിലെ ചോര വായിലേക്ക്‌ വലിച്ചെടുത്ത്‌ പുറത്തേക്ക്‌ തുപ്പുകയോ വേണ്ട. വായിൽ മുറിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന്‌ വിഷം രക്‌തത്തിൽ കലരാൻ ഈ ‘തുപ്പൽവിദ്യ’ കാരണമാകും. പാമ്പിനെ പിടിക്കാൻ നടന്നു സമയവും കളയേണ്ടതില്ല.

ശിവജിത്തിനോട്‌ കുരുമുളക്‌ ചവച്ച്‌ തുപ്പാൻ പറഞ്ഞ്‌ ‘വിഷമില്ല’ എന്നുറപ്പ്‌ നൽകിയ ‘വിഷചികിത്സാവിദഗ്‌ധ’യോട്‌ ഒന്നേ പറയാനുള്ളൂ. അറിയാത്ത പണി എടുക്കരുത്‌. ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്ന ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ്‌ നിങ്ങൾ നാല്‌ മണി കുരുമുളകിൽ ഒതുക്കിയത്‌.

ഇജ്ജാതി ‘നാടൻ ചികിത്സ കൊലപാതകങ്ങൾ’ നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകൾ പൊലിയുമെന്നറിയാം. എങ്കിലും പറഞ്ഞ്‌ പോകുകയാണ്‌.

ആ കുഞ്ഞിന്റെ മരണാനന്തരമെങ്കിലും അവന്റെ അമ്മക്കും അച്‌ഛനും ചേച്ചിക്കും അടച്ചുറപ്പുള്ള ഒരു കൂര ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഭൂമിയുടെ അവകാശികളിൽ അവരുടെ പേരും പതിഞ്ഞിട്ടുണ്ടാകുമല്ലോ.

ശിവജിത്തിന്‌ ആദരാഞ്ജലികൾ.

ENGLISH SUMMARY: Face­book post about snake bite death

YOU MAY ALSO LIKE THIS VIDEO