പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ശബരിമലയുമായി ഏറെ അടുത്തുള്ള മെഡിക്കൽ കോളേജാണ് കോന്നി മെഡിക്കൽ കോളേജ്. ശബരിമലക്കാലം കൂടി മുന്നിൽ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തിൽ സജ്ജമാക്കുന്നത്. അത്യാഹിത വിഭാഗത്തിനുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണം.മൂന്ന് മാസത്തിനകം ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതാണ്. എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കാനും നിർദേശം നൽകി. കോന്നി മെഡിക്കൽ കോളേജിൽ നിലവിലെ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യുന്നതിന് കൂടിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കോന്നി മെഡിക്കൽ കോളേജിലെ നിലവിലുള്ള സംവിധാനം വർധിപ്പിക്കുന്നതാണ്. ഒപി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐസിയു സംവിധാനം, ഓപ്പറേഷൻ തീയറ്റർ എന്നിവയും സജ്ജമാക്കുന്നതാണ്. ജീവനക്കാരെ എത്രയും വേഗം നിയമിക്കാനുള്ള നടപടി സ്വീകരിക്കും. വർക്കിംഗ് അറേജ്‌മെന്റിൽ പോയ ജീവനക്കാരെ തിരിച്ചു വിളിക്കുന്നതാണ്. കോൺട്രാക്ട് അടിസ്ഥാനത്തിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും. അധിക തസ്തികൾ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസൽ പരിശോധിച്ച് അത്യാവശ്യമായത് സർക്കാരിന് നൽകേണ്ടതാണ്. മൂന്നാം തരംഗത്തെ നേരിടാൻ ജില്ലയിലാകെ സഹായകമാകാൻ മെഡിക്കൽ കോളേജിൽ ശിശുരോഗ വിഭാഗം ആരംഭിക്കുന്നതാണ്. മെഡിക്കൽ കോളേജിൽ അടിയന്തരമായി പീഡിയാട്രിക് ഐ.സി.യു.സജ്ജമാക്കാനും നിർദേശം നൽകി. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പ്രധാന ഉപകരണങ്ങളെല്ലാം കെ.എം.എസ്.സി.എൽ. എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എത്രയും വേഗം എത്തിക്കുന്നതാണ്. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്റ്, ഫയർ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതാണ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി. എം.ബി.ബി.എസ്. കോഴ്‌സ് തുടങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
ലോക്ഡൗൺ മാറിയാലുടൻ മെഡിക്കൽ കോളേജിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നതാണ്. കെ.യു. ജനീഷ് കുമാർ എം.എൽ.എ., ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാർ, ഡിഎംഒ ഡോ. എ.എൽ. ഷീജ, ഡിപിഎം ഡോ. എബി സുഷൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
english summary; facebook post about the construction of emergency department at Konni Medical College
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.