Web Desk

June 05, 2020, 9:46 am

സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ കണക്കുകള്‍ അറിയാമോ? മലപ്പുറത്തെ അപമാനിച്ച മേനകയ്ക്കു മറുപടി

Janayugom Online

പാലക്കാട് തിരുവിഴാംകുന്നിൽ ഗർഭിണിയായ ആന സ്‌ഫോടകവസ്‌തു പൊട്ടി ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയ്‌ക്കെതിരെ വിദേഷ്വ ട്വീറ്റ് പോസ്റ്റ് ചെയ്ത ബിജെപി എം പിയും മൃഗാവകാശ പ്രവർത്തകയുമായ മേനക ഗാന്ധിക്കെതിരെ ഡോക്ടർ ജിനേഷ് പി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലപ്പുറം ജില്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധിമാണെന്നും റോഡുകളിൽ നാനൂറോളം പക്ഷികളും നായ്ക്കളെയുമാണ് കൊന്നൊടുക്കുന്നതെന്നുമാണ് മേനക ഗാന്ധിയുടെ ആരോപണം. മേനക ഗാന്ധിയുടെ ഈ വാദത്തിനുള്ള മറുപടിയാണ് ഡോക്ടർ ജിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്. മലപ്പുറം ജില്ലയിലേയും മനേകാ ഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപൂരിലേയും ക്രൈം സ്റ്റാറ്റിസ്റ്റിക്സ് താരതമ്യം ചെയ്താണ് ഡോക്ടറുടെ മറുപടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിയോടാണ്…താങ്കളുടെ മണ്ഡലമായ സുൽത്താൻപൂർ ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് നിങ്ങൾക്ക് അറിയുമോ ?

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ നൽകുന്ന 2018‑ലെ കണക്കുകൾ മാത്രം ഒന്ന് പരിശോധിക്കാം. കൂടെ താങ്കൾ പറഞ്ഞ മലപ്പുറം ജില്ലയിലെ കണക്കുകളും നോക്കാം.

2018‑ൽ സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മർഡർ (Sec­tion 302 IPC) കേസുകൾ — 55. അതേ കാലയളവിൽ മലപ്പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മർഡർ കേസുകൾ — 18. സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മനപ്പൂർവമല്ലാത്ത നരഹത്യ കേസുകൾ (Cul­pa­ble homi­cide not amount­ing to mur­der, Sec 304 IPC) — 6. മലപ്പുറത്ത് — 7. സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീധന മരണങ്ങൾ (Dowry death, Sec 304‑B IPC) — 22. മലപ്പുറത്ത് — 2

ഇനി വാഹനാപകടങ്ങളിലേക്ക് വരാം (Sec 304‑A IPC). സുൽത്താൻപൂർ ജില്ലയിൽ നടന്ന 206 വാഹന അപകട മരണങ്ങളും ഹിറ്റ് ആൻഡ് റൺ. അതായത് അപകടം സംഭവിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു മുങ്ങി എന്ന്…മലപ്പുറത്ത് ആകെ നടന്ന 313 വാഹന അപകട മരണങ്ങളിൽ എട്ടെണ്ണം മാത്രം ഹിറ്റ് ആൻഡ് റൺ.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ചില കണക്കുകൾ മാത്രമാണ് ചേർത്തിരിക്കുന്നത്. കുറ്റകൃത്യം നടന്നാൽ പരാതിപ്പെടാനും കേസ് രജിസ്റ്റർ ചെയ്യപ്പെടാനും ഏറ്റവും സാധ്യത കൂടിയ സ്ഥലം ആയ കേരളവും പല കാരണങ്ങളാൽ പരാതിപ്പെടാനും കേസെടുക്കാനും സാധ്യത കുറഞ്ഞ ഉത്തർപ്രദേശും തമ്മിൽ എല്ലാ തരത്തിലുള്ള കേസുകളിലും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷേ, റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കണക്കുകളിൽ തെറ്റ് വരാൻ സാധ്യത കുറവായതിനാൽ ആ കണക്കുകൾ താരതമ്യം ചെയ്തു എന്ന് മാത്രം.

വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സെൻട്രൽ മിനിസ്റ്റർ ആയിരുന്ന ഒരാൾ ആതുകൊണ്ട് കിഡ്നാപ്പിംഗ് കേസുകൾ കൂടി ഒന്ന് നോക്കാം.

സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസുകൾ — 292, അതിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകൾ — 65

മലപ്പുറത്ത് യഥാക്രമം 24 ഉം 4 ഉം.

“Res ipsa loquitur” എന്നൊരു പ്രയോഗമുണ്ട്. The thing speaks for itself എന്നാണ് അതിനർത്ഥം. ഈ കണക്കുകൾ സംസാരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉൾപ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകൾ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാൻ മന:പ്പൂർവം നുണ പറയുന്നത് അംഗീകരിക്കാനാവില്ല, അത് എന്ത് രാഷ്ട്രീയത്തിന്റെ പേരിൽ ആയാലും മൃഗ‑പരിസ്ഥിതി സ്നേഹത്തിന്റെ പേരിലായാലും.

അതുകൊണ്ട് മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കിൽ നിങ്ങൾ മാപ്പ് പറയണം.

ENGLISH SUMMARY: face­book post against menakha gandhi

YOU MAY ALSO LIKE THIS VIDEO