രാജ്യം കോവിഡ് ഭീതിയെ മറികടക്കാൻ ഒന്നിച്ചു പോരാടുകയാണ്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ അതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റകെക്കായി പൊരുതുകയാണ്. കൊറോണ വൈറസ് പടരുന്നത് തടയുകയെന്നത് നമ്മുടെ സാമൂഹിക ബോധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗം കൂടിയാണ്. ഈ ഒരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നാളെ ഏർപ്പെടുത്തിയിരിക്കുന്ന ജനത കുർഫ്യുവിനെ സംസ്ഥാന സർക്കാർ പൂർണമായും പിന്തുണക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ഭാഗമായി വൈകിട്ട് അഞ്ചു മണിക്ക് വീടിന് മുകളിൽ നിന്ന് കൊണ്ട് പാത്രങ്ങൾ കൂട്ടി മുട്ടിച്ച് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുണം എന്ന് പറയുന്നതിലൂടെ മോഡി ഒളിച്ചു കടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയവും വ്യക്തമാണ്.കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർഫ്യു നമ്മൾ അനുസരിക്കണമെന്നും അതോടൊപ്പം മോഡി ഒളിച്ചു കടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചും പറയുകയാണ് കമ്മ്യൂണിസ്റ്റ് നേതാവ് സന്തോഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ;
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
അസാധാരണവും, അതിലേറെ അനിശ്ചിതത്വം നിറഞ്ഞതുമായ ഒരു സാമൂഹ്യ‑ആരോഗ്യ സാഹചര്യത്തിൽ കൂടിയാണ് നാം കടന്നുപോകുന്നത്. ഒരു ജനതയെന്ന നിലയിൽ അതീവ ജാഗ്രത കാണിച്ചില്ലെങ്കിൽ , ഈ മഹാരാജ്യത്തിലെ 130 കോടിയോളം വരുന്ന ജനസംഖ്യയും, അഭൂതപൂർവമായ ജനസാന്ദ്രതയും, കാര്യക്ഷമമായ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ അഭാവവും ഏറ്റവും വലിയ തിരിച്ചടി ആവാനുള്ള എല്ലാ സാധ്യതയും നമുക്ക് മുന്നിലുണ്ട്. കോറോണയുടെ സാമൂഹ്യ വ്യാപനം കുടിവെള്ളം പോലും ആഡംബരമായ ഇന്ത്യൻ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഏററവും വലിയ ദുരന്തമായിരിക്കും.
കൊറോണയുടെ വ്യാപനം തടയുകഎന്നത് നമ്മുടെ അടിസ്ഥാനപരമായ സാമൂഹ്യബോധത്തിന്റെയും, രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെയും ഭാഗമായത് കൊണ്ടാണ് ബഹുമാന്യനായ പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ സ്വാഗതം ചെയുന്ന ഒരു നിലപാട് എടുക്കുന്നതും. രാജ്യം അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടുമ്പോൾ ഭരണാധികാരികളും ജനങ്ങളും ഒരുമിച്ചു നിന്നുള്ള ഏകോപനമാണ് ഏറ്റവും അനിവാര്യം. ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം, കൃത്യവും സമയബന്ധിതവുമായ പ്രതിരോധപരിപാടികളെ ക്കുറിച്ചു മൗനം പാലിച്ചുവെങ്കിലും, കേരളസർക്കാർ മാതൃകാപരമായി നടത്തിയ സാമ്പത്തികപാക്കേജ് പോലുള്ള അടിയന്തിര നടപടികൾ ഒന്നും തന്നെ മുന്നോട്ടു വെച്ചില്ലെങ്കിലും , അത് നമ്മൾ അംഗീകരിക്കേണ്ടത് ഒരു വിശാലമായ സാമൂഹ്യഅവബോധം- സോഷ്യൽ അഡ്വക്കസി- ഉണർത്താനുള്ള ഒരു സന്ദേശം പ്രതിഫലിപ്പിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്. അത് കൊണ്ട് തന്നെ ജനകീയ കർഫ്യു വിനെ പരിപൂർണ്ണമായി പിന്തുണക്കുന്നു.
എന്നാൽ ഈ പ്രതീകാത്മക പരിപാടിയിലൂടെ ബിജെപി ഒളിച്ചുകടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയം നാം കാണാതിരിക്കരുത്. പാത്രങ്ങൾ കൂട്ടിമുട്ടിച്ചു ശബ്ദമുണ്ടാക്കിയുള്ള സാമൂഹ്യ ബോധവൽക്കരണം ഇപ്പോൾകൊറോണകാലത്തു പിറവിഎടുത്ത മോദിയുടെ നൂതനാശയമല്ല എന്ന് നമ്മൾ ഓർമിക്കണം. “ഥാലി ബജാവോ” എന്ന ആശയം തികച്ചും വലതുപക്ഷമായ ഒരു രാഷ്ട്രീയത്തിന്റെ സജീവമായ ഓർമകളെ പേറുന്നുണ്ട്. അത് എഴുപതുകളിലെ നവനിർമാൺ പ്രസ്ഥാനത്തിന്റെ പ്രതീകാത്മക സമരരൂപമായിരുന്നു . ചിമൻ ഭായ് പട്ടേലിന് എതിരെ ഗുജറാത്തിൽ നിന്നും തുടങ്ങിയ, മൊറാര്‍ജി ദേശായിയും ജയപ്രകാശ് നാരായണനും ജനസംഘവും ഏറ്റെടുത്ത നവനിർമാൺ പ്രസ്ഥാനം തുടങ്ങിയത് ഗുജറാത്തിലെ സ്ത്രീകൾ സന്ധ്യ മയങ്ങുമ്പോൾ ബാൽക്കണിയിൽ നിന്നും പാത്രം തട്ടി ഒച്ചയുണ്ടാക്കണമെന്ന ആഹ്വാനത്തോടെ ആയിരുന്നു.തിരഞ്ഞെടുക്ക പ്പെട്ട എല്ലാജനപ്രതിനിധികളും ഉടൻ രാജി വെക്കണമെന്ന തികച്ചും അരാഷ്ട്രീയവും ജനാധിപത്യവിരുദ്ധവുമായആവശ്യം ഉയർത്തികൊണ്ടായിരുന്നു ഈ അപൂർവ്വ സമരം. ഈ സമരത്തിന്റെ വിജയത്തിൽ നിന്നാണ് പിന്നെ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപകമായി സമരപരമ്പരകൾക്കു തുടക്കമിട്ടത്.
ഈ സമരത്തെക്കുറിച്ചു ഓര്‍മിക്കാനും എഴുതാനും കാരണം , സമുന്നതനായ സിപിഐ നേതാവും എനിക്ക് ഏറെ പ്രിയങ്കരനുമായിരുന്ന സഖാവ് മോഹിത് സെൻ, തന്റെ ആത്മകഥയിൽ വളരെ വിശദമായി ഈ പാത്രം കൊട്ടിനെ കുറിച്ചും അതിനു പിന്നിലെ സങ്കുചിത രാഷ്ട്രീയ അജണ്ടയെ കുറിച്ചും എഴുതിയത് കൊണ്ടാണ് . ഹൃദയാവർജകവും ചേതോഹരവുമായ ഭാഷയിൽ എഴുതിയ അനുപമമായ അദ്ദേഹത്തിന്റെ ആത്മകഥ- ‘ A Traveller and the Road: The Journey of an IndianCommunist ’ — എന്റെ വായനയുടെ ആദ്യകാലം മുതൽ ഇന്നോളം അത്രമേൽ സ്വാധീനിച്ച ഒരു അമൂല്യപുസ്തകമാണ്. ആ പുസ്തകത്തിന്റെ 336 മത്തെ പേജിൽ വളരെ വിശദമായി ബാൽക്കണിയിൽ നിന്ന് കൊണ്ടുള്ള പാത്രങ്ങളുടെ ചിലമ്പലും അതിനെ സമരസാധ്യതയാക്കിയ ബുദ്ധികേന്ദ്രങ്ങളെക്കുറിച്ചും മോഹിത് സെൻ പറയുന്നുണ്ട് .
മോഹിത് സെന്നിന്റെ ഉദാത്തമായ ഓർമകളിൽ നിന്നുകൊണ്ട് പറയട്ടെ , പ്രധാനമന്ത്രിയെ കൊറോണ പ്രതിരോധ പരിപാടികളിൽ പിന്തുണക്കുന്നതോടൊപ്പം, തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു
ചരിത്രമുള്ള ഈ പ്രതീകാത്മക സാമൂഹ്യാവബോധ പരിപാടി അത്ര നിഷ്ക്കളങ്കമല്ല എന്ന് കൂടി നമ്മൾ തിരിച്ചറിയണം.
ENGLISH SUMMARY: Facebook post of sandosh kumar about janatha curfew
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.