Wednesday
20 Mar 2019

അധികാരം പിടിക്കുന്ന ആകാശപ്പോരുകള്‍

By: Web Desk | Friday 23 March 2018 9:50 PM IST


fb scandal

Jose Davidജോസ് ഡേവിഡ്

ജനതകള്‍ ചുഴലിക്കാറ്റു പോലെ ആര്‍ത്തിരമ്പി വന്നു സ്വന്തം ഭാഗധേയം കുറിക്കുന്ന ജനാധിപത്യത്തിന്റെ തെരഞ്ഞെടുപ്പുകള്‍ അസ്തമിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ ലോകക്കാഴ്ചകള്‍ വീക്ഷിക്കുന്നവര്‍ ഈ ആകാശയുദ്ധത്തിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടുകയാണ്. അജ്ഞാത കരങ്ങള്‍ നിങ്ങളുടെ രഹസ്യവിവരങ്ങള്‍ അപ്പാടെ തുരന്നെടുത്ത് ഇന്റര്‍നെറ്റിന്റെ രക്തധമനികളില്‍ പാകി മുളപ്പിച്ച്, മനഃശാസ്ത്രത്തിന്റെ സാധ്യതകളിലൂടെ നിങ്ങളുടെ ഇഷ്ടവും അനിഷ്ടവും പ്രതീക്ഷയും ആകാംക്ഷയും ഇനംതിരിച്ചറിഞ്ഞ്, വമ്പിച്ച രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നു.
ഇന്ത്യയില്‍, നൈജീരിയയില്‍, കെനിയയില്‍, ചെക്ക് റിപ്പബ്ലിക്കില്‍, അര്‍ജന്റീനയില്‍ തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ തകിടംമറിയുന്നു. അമേരിക്ക അതിന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇതിന്റെ കേന്ദ്രബിന്ദു ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നെറ്റ് സ്ഥാപനം – കേംബ്രിഡ്ജ് അനലിറ്റിക്ക.

Alexander Nix, CEO Analytica

അലക്‌സാണ്ടര്‍ നിക്‌സ്: അഴുക്കുകളില്‍ ചികയുന്ന കഴുകന്‍

കോടതി വാറണ്ട് കിട്ടാനുള്ളതുകൊണ്ട് അനലിറ്റിക്കയുടെ ലണ്ടനിലെ ഓഫീസും രേഖകളും ഇനിയും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, എന്തായിരുന്നു അവരുടെ ഓപ്പറേഷന്‍ രീതി? അനലിറ്റിക്കയുടെ തലപ്പത്തുള്ളവര്‍ പറയുന്നത് ചാനല്‍ 4 ന്യൂസ് ഒളിക്യാമറയില്‍ രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ നിന്നും കേട്ടുനോക്കൂ:
”ചില പെണ്‍കുട്ടികളെ എതിര്‍സ്ഥാനാര്‍ഥിയുടെ വീട്ടിലേക്കയക്കൂ”

രാഷ്ട്രീയ പ്രതിയോഗിയെ പ്രതികരിക്കാനാവാത്ത ദുരവസ്ഥയിലേയ്ക്ക് എത്തിക്കുന്ന ഹണി ട്രാപ്പും സ്റ്റിങ്ങ് ഓപ്പറേഷനും ചാരപ്പണിയും സമൂഹം ഭയക്കുന്നതും അറപ്പോടെ കാണുന്നതുമായ എന്തും ആയുധമാകുന്നു. എന്തും. കാമം, സ്വകാര്യതിന്മകള്‍, രഹസ്യങ്ങള്‍, ശക്തിദൗര്‍ബല്യങ്ങള്‍… എന്തും ശത്രുവിനെതിരെ ഉപയോഗിക്കപ്പെടുന്നു. പഴയ തന്ത്രങ്ങള്‍ ആധുനികരീതിയില്‍ അവതരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ ശൃംഖലയായ ഫെയ്‌സ്ബുക്കിന്റെ 50 ദശലക്ഷം ഉപയോക്താക്കളെ ഉപയോഗിച്ചാണ് അനലിറ്റിക്ക തുടങ്ങിയത്. അതില്‍ അംഗങ്ങളായുള്ള വോട്ടര്‍മാരുടെ മാനസിക വ്യാപാരങ്ങളുടെ പഠനത്തിലൂടെ. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷണത്തിനെന്ന പേരില്‍ അലക്‌സാണ്ടര്‍ കോഗന്‍ നാല് വര്‍ഷംകൊണ്ട് ശേഖരിച്ചെടുത്ത ദശലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍. അത് അപ്പടി അനലിറ്റക്ക് വില്‍ക്കുന്നു. അതിലെ ഓരോ വോട്ടറുടെയും അഭിരുചികളെയും ഭയങ്ങളെയും സ്വഭാവ വൈചിത്ര്യങ്ങളെയും വേര്‍തിരിച്ചെടുക്കുന്ന ഒരു ആപ് രൂപകല്‍പന ചെയ്‌തെടുത്ത് അതിലേക്ക് ആളുകളെ ക്ലിക്ക് ചെയ്യിക്കുന്നു. ഈ ആപ്പിലേക്ക് ഒരാള്‍ ക്ലിക്ക് ചെയ്താല്‍ അയാളുടെ സൗഹൃദ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളുടെയും സ്വകാര്യ വിവരങ്ങള്‍ ഇതിലേക്ക് സ്വമേധയാ പ്രവഹിക്കും.

സൈനികനീക്കങ്ങളുടെ കണിശതയും സാറ്റ്‌ലൈറ്റ് മിസൈലിന്റെ വിക്ഷേപണ കൃത്യതയും നിര്‍വചിക്കുന്ന ഗണിതശാസ്ത്ര സിദ്ധാന്തങ്ങളെ ഉപയോഗിച്ച് വോട്ടര്‍ക്ക്‌മേല്‍ ശരങ്ങള്‍ പോലെ തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ തൊടുത്തുവിടുന്നു.
ഒരു സാമ്പിള്‍:
”ഹിലരി ക്ലിന്റന്‍ ദേശീയ സുരക്ഷയ്ക്ക് അപകടകാരി”

ഇനിയും പറയാന്‍ ബാക്കി? വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വൈലി

ഇനിയും പറയാന്‍ ബാക്കി? വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വൈലി

സ്വകാര്യത ചോരുന്നത് ജനങ്ങള്‍ക്ക് അറിയാമോ?
ക്രിസ്റ്റഫര്‍ വൈലി: ഇല്ല. നിങ്ങള്‍ ആപ്പില്‍ ക്ലിക്ക് ചെയ്ത ഒരാളുടെ സൗഹൃദലിസ്റ്റില്‍ ഉണ്ടെങ്കില്‍ നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ അനലിറ്റിക്കയില്‍ എത്തി.
(വൈലിയാണ് കഴിഞ്ഞ വാരാന്തത്തില്‍ അനലിറ്റിക്കയുടെ ഓപ്പറേഷനുകള്‍ പുറംലോകത്തെ അറിയിച്ച വിസില്‍ ബ്ലോവര്‍. പഴയ അനലിറ്റിക്ക ശാസ്ത്രജ്ഞന്‍)
ആപ്പില്‍ ക്ലിക്ക് ചെയ്തയാളല്ല, അയാള്‍ വഴി സൗഹൃദ പട്ടികയിലുള്ള ആളുകള്‍ ഒന്നടങ്കമാണ് അനലിറ്റിക്കയുടെ പരിശോധനയ്ക്ക് വിധേയമാകുന്നത്. സ്വകാര്യത, സ്വഭാവം, ശീലം, രീതി, ഇഷ്ടം, ഭയം ഒക്കെയും പഠനവിധേയമാകുന്നു.

വൈലി: ”ഇത് മനഃശാസ്ത്രത്തിന്റെ ഒരു പുതിയ സമ്പ്രദായമാണ്. ഒരു പ്രതേ്യക പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്നു.”

എന്നിട്ട്?
അലക്‌സാണ്ടര്‍ നിക്‌സ്: ”കൃത്യമായ ആളില്‍, കൃത്യമായ സമയത്ത്, കൃത്യമായ സന്ദേശം എത്തിക്കുന്നു.”
(കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് റോക്സ്റ്റാര്‍ ഫെസ്റ്റിവലില്‍ കൊണ്ടാടപ്പെട്ട നിക്‌സ്, അനലിറ്റിക്കയുടെ സിഇഒയാണ്. ഈ അഭിമുഖം വിവാദമായപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു.)

ആ കണിശതയ്ക്ക് ഗണിതവും മനഃശാസ്ത്രവും പ്രയോഗിക്കപ്പെടുന്നു.
വൈലി: ”ചിലപ്പോള്‍ അത് ചെവിയില്‍ മന്ത്രിക്കും പോലെ. ഒരാളുടെ ചെവിയില്‍ ഒന്ന്. മറ്റൊരാളുടെ ചെവിയില്‍ മറ്റൊന്ന്.

പൊതുമൈതാനത്തില്‍ ജനങ്ങളെ ആകര്‍ഷിച്ചുകൂട്ടി, ആശയങ്ങള്‍ പങ്കിടുകയും സംവാദം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാരമ്പര്യം ഇല്ലാതാവുന്നു. ഓരോരുത്തരിലേക്കും അവരെ ആകര്‍ഷിക്കാവുന്ന, അഥവാ പ്രക്ഷുബ്ധമാക്കാവുന്ന, മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്യാവുന്ന അസ്ത്രം എയ്യപ്പെടുന്നു.

ഇതില്‍ മര്യാദകളില്ല. മാന്യതയില്ല. മാക്ബത്തിലെ ഭൂതങ്ങള്‍ പറയുമ്പോലെ ” Fair is foul, foul is fair” ശരിതെറ്റുകള്‍ എന്തെന്നറിയാതെ ലോകം കുഴയുന്നു.

Trump with Steve banon copy

ആകാശകുതന്ത്രത്തിന്റെ ശില്‍പികള്‍: ട്രമ്പിന്റെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക സ്ഥാപക പിതാവ് സ്റ്റീവ് ബാനന്‍

ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യപ്രചാരണ ചുമതല വഹിച്ച സ്റ്റീവ് ബാനന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വൈസ്പ്രസിഡന്റാണ്, യഥാര്‍ഥത്തില്‍ അനലിറ്റിക്കയുടെ സ്ഥാപക പിതാവും.

നിക്‌സ്: ”വളരെ വലിയ ശതമാനം വോട്ടര്‍മാരെ ട്രംപിനുവേണ്ടി സ്വാധീനിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഡേറ്റ വിശകലനം ചെയ്ത് കണ്ടെത്തി.”
അനലിറ്റിക്ക നോട്ടമിടുന്നത് ആടിയുലയുന്ന വോട്ടര്‍മാരിലാണ്. അവരെ ലക്ഷ്യം വച്ച് അവര്‍ക്ക് അനുയോജ്യമായ സന്ദേശം സാമൂഹ്യമാധ്യമത്തിലൂടെ എത്തിക്കുന്നു.
അനലിറ്റിക്ക ഉദേ്യാഗസ്ഥന്‍: ”അമേരിക്കയിലും ആഫ്രിക്കയിലും ഞങ്ങള്‍ അങ്ങനെ ചെയ്തു. മെക്‌സിക്കോയിലും മലേഷ്യയിലും. ഞങ്ങളിപ്പോള്‍ ബ്രസീലിലേയ്ക്ക് നീങ്ങുകയാണ്, ഓസ്‌ട്രേലിയയിലേയ്ക്കും ചൈനയിലേയ്ക്കും.”

ചൈനയിലേക്കും?
മറുപടി: ”അതേ, ചൈനയിലേക്കും.. രാഷ്ട്രീയത്തിലല്ല.”

അനലിറ്റിക്ക പറഞ്ഞുതരുന്ന രാഷ്ട്രീയത്തിന്റെ ഒരു പുതിയ പാഠഭേദം കേട്ടുനോക്കൂ. ”മനുഷ്യനിലെ രണ്ട് അടിസ്ഥാന ചോദനകള്‍ പ്രതീക്ഷയും ഭയവുമാണ്. അതില്‍ മിക്കതും പുറത്തുപറയാത്തതും, ചിലത് അബോധമനസില്‍ കിടക്കുന്നതും.”

”നിങ്ങള്‍ അതിനോട് പ്രതികരിക്കും വരെ നിങ്ങള്‍ക്കറിയില്ല, നിങ്ങളില്‍ അങ്ങനെയൊരു ഭാവം ഉറഞ്ഞുകിടന്നുവെന്ന്. പാതാളക്കരണ്ടിയിട്ട് ആ ഭയം, ഉല്‍ക്കണ്ഠ എന്താണെന്ന് കോരിയെടുക്കുന്നു. അത് വൈകാരികമാണ്. വസ്തുതകളും യാഥാര്‍ഥ്യവും വച്ച് ഇനി തെരഞ്ഞെടുപ്പിനെ നേരിടുന്നത് അര്‍ഥരഹിതമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ഏറ്റവും വലിയ വിഡ്ഢിത്തം ഒരു കാര്യത്തിന്റെ വൈകാരികവശത്തിലേയ്ക്ക് നോക്കി പ്രതികരിക്കുന്നതിന് പകരം അവര്‍ തര്‍ക്കിച്ച് വിജയിക്കാന്‍ നോക്കുന്നു.”

Alexanader Kogan

അലക്‌സാണ്ടര്‍ കോഗന്‍: ഗവേഷണത്തിന്റെ ഇരുള്‍വഴികള്‍.

കെനിയയിലെ കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ അനലിറ്റിക്കയുടെ ഈ തന്ത്രം രഹസ്യമായി പരീക്ഷിക്കപ്പെട്ടു. അക്രമപരമ്പരകളുള്ള പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പ്. സ്മാര്‍ട്ട്‌ഫോണിലും ഇന്റര്‍നെറ്റിലും തങ്ങള്‍ കള്ളക്കഥകള്‍ കേട്ടുവെന്ന് 90 ശതമാനം രേഖപ്പെടുത്തിയതായി ഒരു സര്‍വെ വെളിപ്പെടുത്തി. ആരോഗ്യം, അടിസ്ഥാനവികസനം, ഭീകരാക്രമണം എന്നിവയെക്കുറിച്ചുള്ള നിറംവച്ച നുണകള്‍ വോട്ടര്‍മാരിലേയ്ക്ക് തള്ളിക്കയറ്റി. രാഷ്ട്രീയപാര്‍ട്ടിയെ പുതുക്കി, മാനിഫെസ്റ്റോ തയാറാക്കി, പ്രസംഗങ്ങള്‍ എഴുതിനല്‍കി, 50,000 ലധികം സര്‍വേകള്‍ നടത്തി…

ലണ്ടനിലെ ഒരു ഹോട്ടലിലിരുന്ന് ഒരു വിദേശരാജ്യത്തെ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി നയിക്കുകയും ഒടുവില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ സ്വയം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

രാഷ്ട്രീയ പ്രതിയോഗികളുടെ അഴുക്കുകള്‍ കോരിയെടുക്കുന്നതാണ് ഒരു തന്ത്രം. ഇതിന് സഹായിക്കുന്ന നിരവധി ലോക ഏജന്‍സികളുണ്ട്. ലൈംഗികത്തൊഴിലാളികളെ, അല്ലെങ്കില്‍ പണം വാരിയെറിയുന്ന ധനികന്മാരെ ഇതിനുപയോഗിക്കുന്നു.
നിക്‌സ്: ”അയാളുടെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ചെലവും വഹിക്കാന്‍ കഴിയുന്ന ധനികനെ കൊണ്ടുവരും. അല്ലെങ്കില്‍ വീട്ടിലേയ്ക്ക് പെണ്‍കുട്ടികളെ അയയ്ക്കും. സുന്ദരികളെ”

വ്യാജ ഐഡികള്‍, വ്യാജ വെബ്‌സൈറ്റുകള്‍, വിനോദസഞ്ചാരിയുടെയും ഗവേഷക വിദ്യാര്‍ഥിയുടെയും കപടവേഷത്തിലെത്തുന്നവര്‍… നിങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ സ്വച്ഛന്ദതയെ കീഴ്‌മേല്‍ മറിക്കുന്ന കൃത്രിമ അവതാരങ്ങള്‍ ഏറുന്നു. സ്വയം പ്രഖ്യാപിത ഡിജിറ്റല്‍ മാസ്റ്റര്‍മാര്‍ വിഷലിപ്തമാക്കുന്നത് വിവരസാങ്കേതികതയുടെ നീലാകാശം. കാലങ്ങളെ അതിജീവിച്ച നമ്മുടെ ജനാധിപത്യ സംസ്‌കൃതിയേയും.