ഫേസ്ബുക്കിന്റെ മുഖഛായ നഷ്ടമാകുന്നു; സക്കര്‍ബര്‍ഗിനെ മേധാവി സ്ഥാനത്തു നിന്ന് നീക്കിയേക്കും

Web Desk
Posted on April 19, 2019, 5:26 pm

ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാണമെന്ന ആവശ്യവുമായി ഓഹരിയുടമകള്‍ രംഗത്ത്. തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സക്കർബർഗിനെതിരെ രംഗത്തെത്താന്‍ ഓഹരിയുടമകളെ പ്രേരിപ്പിച്ചത്.

അടുത്ത മാസം നടക്കുന്ന ഫേസ്ബുക്ക് ഓഹരിയുടമകളുടെ വാർഷികയോഗത്തിൽ സക്കർബർഗിനെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി ജനസമ്മതിയുള്ള മറ്റാരെയെങ്കിലും ഈ സ്ഥാനത്ത് എത്തിക്കണമെന്ന നിര്‍ദ്ദേശം ഇവര്‍ മുന്നോട്ടുവെക്കും. മെയ് 30 നാണ് വാർഷിക യോഗം നടക്കുന്നത്.

വാർഷികയോഗത്തിനു ചർച്ച ചെയ്യാനുള്ള എട്ട് നിർദ്ദേശങ്ങളിലൊന്നാണ് സക്കർബർഗിനെ നീക്കം ചെയ്യുക എന്നത്. യോഗത്തിൽ ആ നിർദ്ദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സക്കർബർഗ് മാറി നിൽക്കേണ്ടി വരും.

ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിനുമേല്‍ ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാൽ അന്ന് അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളഞ്ഞു.