Wednesday
11 Dec 2019

ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല, ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും ഇന്‍സ്റ്റാഗ്രാമിനും സംഭവിച്ചത് ഇതാണ്‌

By: Web Desk | Wednesday 3 July 2019 9:46 PM IST


ന്യൂ‍ഡല്‍ഹി: ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. ഇതേ പ്രശ്‌നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്താണ് പ്രശ്‌നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോട്ടോകളും വീഡിയോകളും ലോഡാകുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഏറ്റവുമധികം ആളുകള്‍ മെസ്സെന്‍ജിംഗിനായി ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പില്‍ അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിച്ചിരുന്നില്ല.

അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നും ദയവായി പിന്നീട് ശ്രമിക്കുക എന്ന മെസേജാണ് ലഭിക്കുക. ഇപ്പോഴും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ആസ്‌ട്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. കൊളംബിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് തുടങ്ങുന്നത്. സമാനമായ പ്രശ്‌നം കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

Related News