കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിസ്ഥാന‑ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എല്‍ എന്‍ റാവു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്. കോവിഡ്-19ന്റെ ബോധവല്‍ക്കരണത്തിനായി ഉന്നതതല വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്കി. ഷെല്‍റ്റര്‍ ഹോമുകളില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും മരുന്നുകളും ഉറപ്പു വരുത്തണം.
കോവിഡ് ബാധയെക്കാളും കോവിഡിനെ കുറിച്ചുള്ള ഭീതിയാണ് കൂടുതല്‍ ആപത്തു സൃഷ്ടിക്കുകയെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് കോവിഡ് സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും നടപടികളും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
കോവിഡ് പരിധികള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതിനു മുന്നേ സര്‍ക്കാര്‍ വൈറസിനെ വരുതിയിലാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. നിലവില്‍ കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങുന്നില്ല. എല്ലാവരെയും ഷെല്‍റ്റര്‍ ഹോമുകളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്തുകയാണ് പരമ പ്രധാനം. കൂടാതെ അവര്‍ക്ക് ബോധവല്‍ക്കരണവും അതിലൂടെ ശക്തിയും പകര്‍ന്നു നല്‍കണമെന്നും ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് ഈ മാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജന്മനാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്ന കാരണത്താൽ പൊലീസും മറ്റ് അധികാരികളും അവരെ പ്രയാസപ്പെടുത്തുകയാണ്. ശരിയായ ക്രമീകരണങ്ങളില്ലാതെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സർക്കാർ മുൻകൂട്ടി കാണണമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മതിയായ സൗകര്യങ്ങൾ ഒരുക്കാതെ ദരിദ്രരെ പട്ടിണിയിലേക്കും കോവിഡ് ‑19 വൈറസിന്റെ കാരുണ്യത്തിനും വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഇതിനകം തന്നെ ഉപദ്രവിക്കപ്പെടുന്ന കുടിയേറ്റക്കാരെ കൂടുതൽ ദ്രോഹിക്കരുതെന്ന് പൊലീസിനെ ഉപദേശിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ആഭ്യന്തര വകുപ്പുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൂടാതെ സൗജന്യ മരുന്നുകൾ നൽകുന്നതിനും സൗജന്യ പരിശോധനയും വൈറസ് ബാധിതർക്ക് സൗജന്യ ചികിത്സയും സർക്കാർ ഉറപ്പാക്കണം. അങ്ങനെ ചെയ്യുന്നത് അവരെ തിരികെ തുടരാൻ പ്രോത്സാഹിപ്പിക്കും. അവരുടെ വാതിൽപ്പടിയിൽ അവർക്ക് സൗജന്യ ഭക്ഷണം നൽകുകയും ചെയ്യണം. പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയാൽ ആശുപത്രി ജീവനക്കാർക്കും അവശ്യ സേവനങ്ങളിലെ മറ്റ് ജീവനക്കാർക്കും കൃത്യസമയത്തും ബുദ്ധിമുട്ടും കൂടാതെ അതത് കേന്ദ്രങ്ങളിൽ എത്താനും സാധിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉള്ളപ്പോൾ പിഎം കെയേഴ്സ് ഫണ്ട് എന്ന പേരിൽ മറ്റൊരു നിധിയുടെ ആവശ്യകത എന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
English Summary: Facilities for migrant workers must be provided
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.