October 3, 2022 Monday

ഫാക്ടും ആർസിഎഫും കൈയ്യൊഴിഞ്ഞു: ജിപ്സം പാനൽ നിർമ്മാണ പ്ലാന്റിന് ദുർഗതി

ഷാജി ഇടപ്പള്ളി
കൊച്ചി
September 10, 2020 12:45 pm

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട് ), മുംബൈ ആസ്ഥാനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (ആർ സി എഫ് ) തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്ത സംരംഭമായി ഫാക്ട് അമ്പലമേഡ് ഡിവിഷനിൽ ആരംഭിച്ച എഫ് ആർ ബി എല്ലിലെ ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്സ് ജിപ്സം (ജി എഫ് ആർ ജി ) പാനൽ നിർമ്മാണം നിലച്ചിട്ട് മാസങ്ങളായി. സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യതമൂലമുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിൽ മാതൃകമ്പനികളുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് പ്ലാന്റ് അടച്ചുപൂട്ടാൻ ഇടയാക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം.

ജീവനക്കാരും ജിപ്സം പാനൽ ഉപയോഗിച്ച് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഏറ്റെടുത്തിട്ടുള്ള നൂറോളം വരുന്ന ബിൽഡേഴ്സും ഇവരുടെ കീഴിൽ തൊഴിലെടുക്കുന്ന അയ്യായിരത്തോളം വരുന്ന ജീവനക്കാരും കഴിഞ്ഞ എട്ടുമാസത്തോളമായി കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. കെട്ടിട നിർമ്മാണ രംഗത്ത് നൂതന ബദൽ മാർഗമായി ഉയർന്നുവന്ന് വിശ്വാസ്യതയാർജ്ജിച്ച ഉൽപ്പന്നമാണ് ജിപ്സം പാനൽ. 2012 ൽ പ്രവർത്തനം തുടങ്ങിയ എഫ് ആർ ബി എൽ എന്ന ഈ സ്ഥാപനം 2019 ഡിസംബർ 24 നാണ് പ്രവർത്തനം പൂർണമായും നിലച്ചത്.

2014 ഓടുകൂടി പാനൽ നിർമ്മാണത്തോടൊപ്പം പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടൻസി ആരംഭിച്ചിരുന്നു. ഇതോടെ പ്രവർത്തന മൂലധനമില്ലാതെ തന്നെ ലാഭകരമായി മുന്നോട്ടുപോയ സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുന്നതിന് മുൻപ് രണ്ടു പൊതുമേഖല ബാങ്കുകളിൽ നിന്നും ഒരു സ്വകാര്യ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥപ്രകാരം വായ്പ തിരിച്ചടവിൽ പൊതുമേഖല ബാങ്ക് സഹകരിക്കുകയും വായ്പയിൽ 62 കോടി രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ മുംബൈയിലുള്ള സ്വകാര്യ സഹകരണ ബാങ്ക് ഇതിന് സഹകരിക്കാതിരുന്നതിനെ തുടർന്ന് 22 കോടി രൂപ കുടിശ്ശിക അടക്കാനായില്ല. തുടർന്ന് ബാങ്ക് കോടതി ഉത്തരവ് മുഖേന താത്കാലികമായി പ്ലാന്റിന്റെ പ്രവർത്തനം മരവിപ്പിക്കുകയായിരുന്നു. എന്നാൽ വായ്പ കുടിശിക അടച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംയുക്ത സംരംഭകരായ രണ്ടു പൊതുമേഖല സ്ഥാപനങ്ങളും കാണിക്കുന്ന അമാന്തവും തർക്കങ്ങളുമാണ് വിപണിയിൽ ഏറെ ഡിമാന്റുള്ള ജിപ്സം പ്ലാന്റ് അടച്ചുപൂട്ടുന്നതിനിടയാക്കിയിട്ടുള്ളത്. ജിപ്സം പാനലുകൾ നിർമ്മാണം ആരംഭിച്ചതിനു ശേഷം രാജ്യത്തൊട്ടാകെ പതിനായിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളും സ്കൂളുകൾ, സർവകലാശാല, തിരുപ്പതി ഐ ഐ ടി ക്യാമ്പസ്, കൂടാതെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ അനവധി കെട്ടിടങ്ങൾ പാനൽ ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

പ്രളയ കാലത്ത് ജിപ്സം പാനൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ യാതൊരു കേടുപാടും പറ്റാതെ അതിജീവിച്ചതും ചർച്ചയായതാണ്. നിർമ്മാണ ചിലവ് കുറവും എളുപ്പത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്നതും മണൽ, മെറ്റൽ, കമ്പി, വെള്ളം തുടങ്ങിയ അസംസ്കൃത വസ്തുക്കൾ വളരെ കുറച്ചു മാത്രം മതിയെന്നതും, പരിസ്ഥിതി സൗഹൃദ ഉല്പന്നമാണെന്നതും ഉറപ്പും ഗുണമേന്മയും ഫിനിഷിങ്ങുമാണ് ഇത്തരം ഷീറ്റ് ഉപയോഗിച്ചുള്ള നിർമ്മാണരീതിക്ക് പ്രചാരം ലഭിക്കാൻ ഇടയാക്കിയത്. ചെന്നൈ ഐ ഐ ടി യുടെ പരിപൂർണ്ണ സാങ്കേതി സഹകരണത്തോടെയാണ് എഫ്ആർ ബിഎൽ പ്രവർത്തിക്കുന്നത്. പാനലിന് ബിസ് കോഡ് ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ മികച്ച അംഗീകാരവും ലഭിച്ച സന്ദർഭത്തിൽ എല്ലാ സൗകര്യങ്ങളും നിലനിൽക്കുമ്പോൾ ഈ സ്ഥാപനം നിലനിർത്താൻ ആവശ്യമായ ഇടപെടൽ വേണമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ സി പി ദിനേശ് ജനയുഗത്തോട് പറഞ്ഞു. കമ്പനിയിൽ പ്ലാന്റ് അടച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന പാനൽ ശേഖരം തീർന്നു. അതിനാൽ പാനൽ ലഭ്യത നിലച്ചതോടെ ആയിരത്തോളം പദ്ധതികളുടെ നിർമ്മാണ ജോലികളാണ് അവതാളത്തിലായിട്ടുള്ളത്. ഇതിൽ കഴിഞ്ഞ പേമാരിയിലും ഭൂകമ്പത്തിലും വീടുകളടക്കം നഷ്ടപെട്ടവർക്കുള്ള ലൈഫ് പാർപ്പിട പദ്ധതിയടക്കമുള്ള

സർക്കാർ പദ്ധതികളാണേറെയും. ഇതുമൂലം ജിപ്സം പാനലുകളെ ആശ്രയിച്ച് നിർമ്മാണജോലികൾ ഏറ്റെടുത്തിട്ടുള്ള ബിൽഡേർസും മറ്റു മാർഗങ്ങളില്ലാതെ ദുരിതത്തിലായിരിക്കയാണെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കമ്പനി തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന് ജിഎഫ്ആർജി ബി ആൻഡ് പി അസോസിയേഷൻ സെക്രട്ടറി സിബി ഭദ്രൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.