ഷാജി ഇടപ്പള്ളി

കൊച്ചി

June 09, 2020, 3:38 pm

ആരോഗ്യ സുരക്ഷാ സൗകര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ വ്യവസായശാലകൾ

Janayugom Online

ലോക് ഡൗണിനെ തുടർന്ന്  സംസ്ഥാനത്തെ വ്യവസായ ശാലകളുടെ  പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും  പിന്നീട്   ഇളവുകളെ  തുടർന്ന് പൂർണ്ണതോതിലേക്ക് ഉല്പാദനവും മറ്റു  പ്രവർത്തനങ്ങളും മാറിത്തുടങ്ങിയെങ്കിലും കോവിഡ്  പ്രതിരോധ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ആരോഗ്യ സുരക്ഷ ക്രമീകരണങ്ങൾ പരിപാലിച്ചാണ്  മുന്നോട്ടുപോകുന്നത്.

കേന്ദ്ര,സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ സുരക്ഷ ക്രമീകരങ്ങൾ വിലയിരുത്താൻ ട്രേഡ് യൂണിയൻ പ്രതിനിധികളും മാനേജ്‌മന്റ് പ്രതിനിധികളും   ഉൾപ്പെടുന്ന കോർ കമ്മിറ്റിയും ഇത്തരം വിഷയത്തിൽ സജീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്. പ്രധാന സ്വകാര്യ വ്യവസായ ശാലകളും സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെയാണ് പ്രവർത്തനം നടത്തിവരുന്നത്.സർക്കാരും ആരോഗ്യ വകുപ്പും വ്യവസായ വകുപ്പും നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടോയെന്ന കാര്യത്തിൽ പരിശോധനകളും നടക്കുന്നുണ്ട്.

വ്യവസായ ശാലകൾ കോവിഡ്  നിയന്ത്രണ കാലഘട്ടത്തിൽ  ജീവനക്കാരുടെ എണ്ണത്തിലും ഉത്പാദനത്തിലും കുറവ് വരുത്തിയിരുന്നു. ചിലയിടങ്ങളിൽ ഷിഫ്റ്റും ഏർപ്പെടുത്തി. കരാർ, ട്രെയിനി ജീവനക്കാരെ പരമാവധി ഒഴിവാക്കിയുമാണ് പ്രവർത്തിച്ചിരുന്നത്. പൊതുഗതാഗത സംവിധാനം ആരംഭിച്ചതോടെയാണ് ഇതിൽ ക്രമേണ മാറ്റം വരുത്തിത്തുടങ്ങിയത്. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും നൽകുകയും കമ്പനി ഗേറ്റിലും കമ്പനിക്കുള്ളിലെ  ഓരോ ഡിപ്പാർട്മെന്റിലും   സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ശരീരോഷ്മാവ് പരിശോധനക്ക് ശേഷം മാത്രമേ ജീവനക്കാരെ കമ്പനിയിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുള്ളു. ജോലി ചെയ്യുന്ന ഇടങ്ങളിലും അണുനശീകരണ പ്രവർത്തങ്ങൾ  നടത്തുന്നുണ്ട്. ഉല്പാദന യൂണിറ്റുകളിൽ  ഓപ്പറേഷൻ സെക്ഷനുകളിൽ  സാധാരണ യന്ത്രങ്ങൾ തമ്മിൽ രണ്ടുമീറ്ററോളം അകലമുണ്ടുതാനും. മറ്റു അസംബ്ലി ജോലികളിലും ജീവനക്കാർ ശാരീരിക അകലം പാലിച്ചുകൊണ്ടുതന്നെയാണ് ജോലി ചെയ്യുന്നെതെന്നും ക്യാന്റീനുകളിലും ഇതനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ  ഒന്നിലധികം ജീവനക്കാർ  ഒരുമിച്ച് പ്രധാന ജോലികളിൽ ഏർപ്പെടേണ്ടി വന്നാൽ പ്രത്യേകമായി സുരക്ഷ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും വ്യവസായ ശാലകളിലെ  ജീവനക്കാർ വ്യക്തമാക്കുന്നു.

വ്യവസായ തലസ്ഥാന നഗരമായ കൊച്ചിയിലെ പ്രധാന വ്യവസായ ശാലകളായ  ഷിപ് യാർഡ് , കൊച്ചിൻ പോർട്ട്, ഫാക്ട്, എച്ച് എം ടി , ഐ ആർ ഇ , ടി സി സി , എച്ച് ഓ സി  ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ സുരക്ഷയെ കരുതി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും യാതൊരു വീഴ്ചകളുമില്ലാതെ  മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ട്രേഡ് യൂണിയൻ നേതാക്കളും അഭിപ്രായപ്പെട്ടു. സ്ഥാപങ്ങളിലെ എച്ച് ആർ ഡിപ്പാർട്ട്മെന്റും ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ നടത്തുന്നുണ്ട്.

കൂടാതെ കമ്പനികളിലേക്ക്  വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിലും ഡ്രൈവർമാർ അടക്കമുള്ളവരിലും   ഇത്തരത്തിൽ പരിശോധനയും മുൻകരുതലും  സ്വീകരിക്കാറുമുണ്ട്.  ലോറികളും മറ്റു വാഹനങ്ങളും സാനിട്ടറൈസ് ചെയ്യുന്നുണ്ട്. നാളിതുവരെ യാതൊരു കുഴപ്പവുമില്ലാതെ സ്ഥാപനങ്ങൾ മുന്നോട്ടുപോയിട്ടുണ്ട്   അതിനാൽ കോവിഡ്   വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്തും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ലഭിക്കുന്ന  പശ്ചാത്തലത്തിൽ വ്യവസായ ശാലകളിൽ  തുടരുന്ന സുരക്ഷ സംവിധാനങ്ങൾ കർശനമായി ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം.  . ചെറുകിട വ്യവസായ യൂണിറ്റുകളും  സംസ്ഥാനത്ത് ധാരാളം പ്രവർത്തിക്കുന്നുണ്ട്. അത്തരം ഇടങ്ങളിലും കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ആരോഗ്യവകുപ്പ്  തുടർച്ചയായ പരിശോധന നടത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

Eng­lish sum­ma­ry: Fac­to­ries with­out com­pro­mis­ing health and safe­ty facilities

You may also like this video: