Wednesday
20 Mar 2019

പൊലീസ് സേനയുടെ വീഴ്ചകള്‍ വ്യവസ്ഥയനുസരിച്ചാണോ എന്ന് പരിശോധിക്കണം

By: Web Desk | Tuesday 5 June 2018 10:41 PM IST


എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ കഴിഞ്ഞ ദിവസം തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇന്നലെ പീഡനക്കേസില്‍ വ്യക്തമായ തെളിവുണ്ടായിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുറ്റാരോപിതനായ ചങ്ങരംകുളം എസ്‌ഐയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇരുസംഭവങ്ങളും കേസില്‍ കുറ്റവാളികളെ സംരക്ഷിക്കാനും കേസ് വഴി തിരിച്ചുവിടാനും പൊലീസ് അധികാര കേന്ദ്രങ്ങളില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന ധാരണ പരക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സമീപകാലത്തായി പൊലീസ് അധികാര കേന്ദ്രങ്ങള്‍ വിവിധ കേസുകളില്‍ സ്വീകരിച്ച നടപടികള്‍ എല്‍ഡിഎഫ് പൊലീസ് നയത്തെപ്പറ്റി മാധ്യമങ്ങളിലും പ്രതിപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനത്തിന് ഇടവരുത്തുകയുണ്ടായി. ഇത്തരം കേസുകളില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അറിഞ്ഞുകൊണ്ടും അല്ലാതെയും സംഭവിച്ച വീഴ്ചകള്‍ പൊലീസിന്റെ പ്രതിഛായക്കും പൊലീസ് ഭരണം സംബന്ധിച്ച പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കാന്‍ ഇടയാക്കിയിട്ടുമുണ്ട്. വിവിധ സംഭവങ്ങളെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി വിലയിരുത്തുന്നതും പൊതുവില്‍ സമൂഹത്തിന്റെ ധര്‍മച്യുതിയായി വ്യാഖ്യാനിക്കുന്നതുകൊണ്ടും മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്‌നങ്ങള്‍. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്താനും ഉത്തരവാദികളായ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് ഗവണ്‍മെന്റ് ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച വ്യവസ്ഥാനുസാരിയായ ഒന്നാണോ എന്ന് ആഴത്തില്‍ പരിശോധിക്കാന്‍ പൊലീസ് അധികാരികളും ഗവണ്‍മെന്റും സന്നദ്ധമാവണം. രാജ്യത്തെ മികച്ച പൊലീസ് സംവിധാനങ്ങളില്‍ ഒന്നെന്ന് കേരളം അഭിമാനം കൊണ്ടിരുന്ന പൊലീസ് സേനയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി തിരുത്താന്‍ എല്‍ഡിഎഫിനെപോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ സംവിധാനത്തിനെ ഒരുപക്ഷെ കഴിഞ്ഞു എന്നു വരൂ. അതുകൊണ്ടുതന്നെ പൊലീസ് സംവിധാനത്തെ നവീകരിക്കുക എന്നതും അതിലെ ജീര്‍ണതകള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതും എല്‍ഡിഎഫ് ഗവണ്‍മെന്റ് അജന്‍ഡയിലെ മുന്‍ഗണനാ വിഷയമായി മാറണം.
എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ചതു സംബന്ധിച്ച പരാതി ലോക്കല്‍ പൊലീസിനോ ജൂവനൈല്‍ പൊലീസിനോ കൈമാറാതെ ചൈല്‍ഡ്‌ലൈനിന് കൈമാറിയെന്നതാണ് തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെപറ്റി പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരണം നടത്തുന്നതില്‍ പൊലീസ് വിജയിച്ചിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. അതേസമയം ഇത്തരം കേസുകള്‍ ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ ടെലിഫോണ്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതില്‍ പൊലീസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പരാതിയും ദൃശ്യങ്ങളും ലഭിച്ച ചൈല്‍ഡ്‌ലൈന്‍ അവ കൈമാറിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയ പൊലീസിന്റെ നടപടിക്ക് ന്യായീകരണം ഏതുമില്ല. മാത്രമല്ല പൊലീസ് നടപടി വൈകിയ സാഹചര്യത്തില്‍ ചൈല്‍ഡ്‌ലൈന്‍ എന്ത് തുടര്‍നടപടികളാണ് നടത്തിയതെന്നതും കേസനേ്വഷണത്തില്‍ പ്രസക്തമാണ്. കുട്ടികള്‍ക്കെതിരായി നിയമാനുസൃതം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് പൊതുവെ കരുതപ്പെടുന്ന ചൈല്‍ഡ്‌ലൈന്‍ ലഭ്യമായ ഔദേ്യാഗിക മാര്‍ഗങ്ങള്‍ യാതൊന്നും ഉപയോഗപ്പെടുത്താതെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലിന് കൈമാറുകയാണുണ്ടായത്. ആ നടപടി ഇതരമാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനമായപ്പോള്‍ ഇരയെ വ്യക്തമായി കാണുന്ന ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ലൈന്‍ അവര്‍ക്കും നല്‍കിയതായാണ് അറിയുന്നത്. നിയമാവബോധമുള്ള, സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന, സ്വതന്ത്ര ശിശുസംരക്ഷണ ഏജന്‍സിയുടെ നടപടികളിലും പാളിച്ചകളുണ്ട്. ഇതും പരിശോധനാവിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ക്കും അത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം കുറ്റമറ്റമാക്കുന്നതിനും ഭരണതലത്തില്‍ നടപടി കൂടിയേ തീരൂ.
മേല്‍പറഞ്ഞ വീഴ്ചയുടെ പേരില്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അവര്‍ ശിക്ഷിക്കപ്പെടാതെ ഊരിപ്പോകാന്‍ അനുവദിച്ചുകൂട. തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ അനേ്വഷണ ഉദേ്യാഗസ്ഥര്‍ നിയമപരമായി ശരിയായ നടപടിയാണോ സ്വീകരിച്ചതെന്നതിനെപ്പറ്റി പ്രോസിക്യൂഷന്‍ ഡയറക്ടറോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ജില്ലാ പൊലീസ് മേധാവി സ്വീകരിച്ചത്. എന്നാല്‍ അനേ്വഷണ ഉദേ്യാഗസ്ഥന്‍ സ്വീകരിച്ച നടപടി മേലുദേ്യാഗസ്ഥരെ അറിയിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറയുകയുണ്ടായി. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴും അതിനുമുമ്പ് പൊലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും പൊലീസ് സേനയിലെ വ്യവസ്ഥാനുസാരിയായ വീഴ്ചകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും പ്രസക്തമാകുന്നു. ഒരു ജനകീയ സര്‍ക്കാര്‍ എന്ന നിലയില്‍ ജനജീവിതത്തിലാകെ സ്വാധീനം ചെലുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പൊലീസ് സംവിധാനത്തിന്റെ ഈ വീഴ്ചകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമഗ്ര പരിശോധനയ്ക്കും വിലയിരുത്തലിനും ആവശ്യമെങ്കില്‍ വ്യവസ്ഥാനുസാരിയായ തിരുത്തലിനും വിധേയമാക്കണം.