Thursday
18 Jul 2019

വീണ്ടും പേര് മാറ്റി യോഗി സര്‍ക്കാര്‍; ഫൈസാബാദ് ഇനി അയോധ്യ

By: Web Desk | Tuesday 6 November 2018 6:58 PM IST


അയോധ്യ:

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെയും പേര് മാറ്റിയിരിക്കുന്നത്. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല, യോഗി പറഞ്ഞു. അയോധ്യയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്നും ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കല്‍ കോളജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിം–ജങ് സൂക്കുമായി ചേര്‍ന്ന് അയോധ്യയില്‍ ദീപാവലിയോടനുബന്ധിച്ചുള്ള ‘ദീപോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി.

Related News