കരളുരുകും കാലത്തും നിഷാദന്മാരുടെ മനോഭീകരത

Web Desk
Posted on August 17, 2019, 9:49 am

കേരളം വീണ്ടും ഭയാനകമായ ഒരു ദുരന്തത്തിലേക്ക് വന്നുപതിച്ചു. 2018ലെ അതിഭയാനക ദുരന്തവും പ്രളയവും അതുപോലെയുണ്ടായില്ലെന്നു മാത്രം. എന്നാല്‍ ചെറുതും വലുതുമായ ഏതൊരു ദുരന്തവും ദുരിതവും ഒന്നുപോലെ ദുഃഖഭരിതം തന്നെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ കനത്ത പ്രളയത്തെയും മരണം വിതച്ച ദാരുണതയേയും കുറിച്ച് പഴമക്കാരും ചില ചരിത്രകാരന്മാരും 2018ലെ പ്രളയകാലത്ത് ഓര്‍മ്മിച്ചെടുത്തിരുന്നു. അതെന്തുമാവട്ടെ, 2018ലെ ദുരന്തകാലത്ത് രാജ്യത്തെയും ലോകത്തെയും അമ്പരപ്പിച്ചുകൊണ്ട് കേരളജനതയും ഭരണകൂടവും ഉയര്‍ന്നുപ്രവര്‍ത്തിച്ചു. ജീവിതം കൈയെത്തിപ്പിടിക്കുവാന്‍, ജീവന്റെ കണികകള്‍ കൈമോശം വരാതിരിക്കുവാനുള്ള അനിതരസാധാരണമായ പ്രവര്‍ത്തനമായിരുന്നു നടന്നത്. എല്ലാ പരിമിതികളെയും മറികടന്നുകൊണ്ട് മനുഷ്യസാധ്യമായത് എന്തൊക്കെയെന്ന് അത് തെളിയിച്ചു. പ്രവചിക്കപ്പെട്ട മരണസംഖ്യ എത്രയോ കുറച്ചു. മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും സന്നദ്ധപ്രസ്ഥാനങ്ങളും ഇതിലൊന്നും ഉള്‍പ്പെടാതിരുന്ന സാധാരണ മനുഷ്യരും തോളോടുതോള്‍ ചേര്‍ന്നുനിന്നു, കൈകോര്‍ത്തുപിടിച്ചു. പക്ഷെ അന്നും മനോരോഗികളില്‍ ചിലര്‍ ഈ മണ്ണില്‍ ഉണ്ടായിരുന്നു, കാട്ടാള മനസുമായി ആടിത്തിമര്‍ത്തവര്‍. പ്രളയം കൂടുതല്‍ കലുഷിതമാവട്ടെ, കൂടുതല്‍ മരണങ്ങള്‍ ഉണ്ടാവട്ടെ, എങ്കിലേ തങ്ങള്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാവൂ എന്നു ചിന്തിച്ച നരാധമന്മാര്‍. അവര്‍ ഈ പ്രളയദുരന്തകാലത്തും സജീവമാണ്.

നവമാധ്യമങ്ങളിലൂടെ അക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതിങ്ങനെ; ഒരു ചില്ലിക്കാശ് ദുരിതാശ്വാസ നിധിയിലേയ്ക്ക് വകയിരുത്തരുതേ… അതെല്ലാം അവര്‍ സ്വന്തം കീശയിലാക്കും. അവശ്യവസ്തുക്കള്‍ ഭക്ഷണം, നോട്ടുബുക്കുകള്‍, പാഠപുസ്തകങ്ങള്‍, പെന്‍സില്‍, പേന, പായകള്‍, തലയണകള്‍, പല്ലുതേയ്ക്കാനുള്ള വിവിധതരം പെയ്സ്റ്റുകള്‍, തണുപ്പകറ്റാനുള്ള കമ്പിളികള്‍, മാനം മറയ്ക്കാനുള്ള വസ്ത്രങ്ങള്‍, ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകള്‍ എന്നിവയൊന്നും സംഭരിക്കരുത്. അതെല്ലാം ഭരണക്കാര്‍ക്ക് അധീശത്തിലാക്കാനുള്ള ഗൂഢതന്ത്രജ്ഞതയാണ്. ഇതാണ് നവമാധ്യമങ്ങളിലൂടെയുള്ള അപമാനകരവും അപവാദപരവുമായ ദുഷ്ടപ്രചാരണങ്ങള്‍.
കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ ആരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നില്ലായെന്നുകൂടി വ്യാപകമായി ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു.
ഒന്നുകൂടി ഇക്കൂട്ടര്‍ ഉപോത്ബകമായി പ്രചരിപ്പിച്ചു. അതിങ്ങനെ; ‘കഴിഞ്ഞ തവണ പ്രളയദുരിതബാധിതരെ മുന്‍നിര്‍ത്തി പ്രചാരണം നടത്തി സാധനസാമഗ്രികളും സമ്പത്തും സംഭരിച്ചവര്‍ എല്ലാം കൈക്കലാക്കിപ്പോയ്’ എന്ന്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ എഴുതി പ്രചരിപ്പിച്ചു. ‘അതുകൊണ്ട് ഇത്തവണ ആരും അവര്‍ക്കൊപ്പമില്ല. നിങ്ങളും അവര്‍ക്കൊപ്പം ചേരരുത്’.

എത്രമേല്‍ അസംബന്ധം? കേരളത്തിനകത്തും പുറത്തും നിന്നുമുള്ള മനുഷ്യസ്‌നേഹികളുടെ സഹസ്രകോടി കരങ്ങള്‍ സഹായഹസ്തവുമായി നിരാലംബര്‍ക്ക് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ഈ ആസൂത്രിത വ്യാജപ്രചാരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ആരാണ്?
നവോത്ഥാന മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള മാനവിക സ്‌നേഹികളുടെ മുന്നിലുള്ള ഛിദ്രശക്തികള്‍ ആരാണ്? ആ ഛിദ്രശക്തികള്‍ മറ്റൊന്നുകൂടി പൊതുമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് എന്തു സഹായം വേണമെന്നഭ്യര്‍ഥിച്ചുവത്രെ. അപ്പോള്‍ കേരള മുഖ്യമന്ത്രി ഒരു സഹായവും വേണ്ടതില്ലെന്നു പറഞ്ഞുപോലും. നുണകള്‍ കൊന്നമരത്തിലെ വിഷുക്കണി പൂവുകള്‍ പോലെ കാലത്തിനനുസരിച്ച് പൂത്തുലയുകയാണ്. ഇതിന്റെയെല്ലാം തിരശീലയ്ക്കു പിന്നില്‍ ഏത് ദുഷ്ടശക്തിയാണെന്ന് ഏതൊരാള്‍ക്കും സുവ്യക്തമാണ്.
ഇതെല്ലാമായിട്ടും മലപ്പുറത്തും വയനാട്ടിലും രണ്ട് ദിവസം കറങ്ങിനടന്ന, പേടിച്ചോടിയ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്‌ലിംലീഗ് ലോക്‌സഭാ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കേരളത്തില്‍ നിന്ന് വിജയിച്ചുപോയ ഇതര യുഡിഎഫ് എം പിമാരും മറ്റ് ജനപ്രതിനിധികളും സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല. രാഷ്ട്രീയ ലാഭത്തിനായി തങ്ങള്‍ പറയാനിരുന്നത് പറയാന്‍ കഴിയാതെപോയതിലെ ഖേദം സമാനമനസ്‌കര്‍ പ്രചരിപ്പിക്കുന്നതിലെ നിശബ്ദ ആഹ്ലാദത്തിലാണവര്‍. അമ്പ് ആരെയ്താലും അത് എതിര്‍ ഗുരുക്കളുടെ മാറത്ത് തറയ്ക്കണം അതുമാത്രമാണ് മരണപ്രളയത്തിന്റെ കാലത്തും അവരുടെ അടിസ്ഥാന പ്രമാണം.
2018ലെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു നയാപൈസ പോലും നല്‍കരുതെന്ന് ആഹ്വാനം ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. സ്വന്തം സര്‍വീസ് സംഘടനകളെക്കൊണ്ട് പ്രതിഷേധവും പ്രതിരോധവും നിയമനടപടികളും സംഘടിപ്പിക്കുകയും ചെയ്തു. ഇതാണ് വര്‍ത്തമാനകാല കോണ്‍ഗ്രസിന്റെ മാനവികതയും മനുഷ്യത്വവും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളം അര്‍ഹിച്ചിരുന്ന ന്യായമായ ദുരിതാശ്വാസ ഫണ്ട് ആകാശയാത്രയ്ക്ക് ശേഷം പിച്ചക്കാശ് നല്‍കി അപമാനിച്ച പ്രധാനമന്ത്രിയുടെ കൂട്ടരും കോണ്‍ഗ്രസുകാര്‍ക്കൊപ്പമുണ്ടായിരുന്നു. മനുഷ്യസ്‌നേഹികളായ, കേരളീയരായ വിദേശികള്‍ നല്‍കാന്‍ സന്നദ്ധമായ സഹായധനത്തെ കേന്ദ്രസര്‍ക്കാര്‍ വിലക്കുകയും ചെയ്തു. അന്ന് മൗനത്തിന്റെ വാല്‍മീകത്തില്‍ മനഃപൂര്‍വം ഒളിച്ച കോണ്‍ഗ്രസ് ഇപ്പോഴും ആ വാല്‍മീകത്തിനുള്ളില്‍ത്തന്നെയാണ്.

കഴിഞ്ഞ പ്രളയകാലത്ത് സര്‍ക്കാരിന് നയാപൈസ നല്‍കില്ല, 1000 വീടുകള്‍ പ്രളയ ബാധിതര്‍ക്ക് സ്വന്തമായി നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഒരു വര്‍ഷം പിന്നിടുമ്പോഴും നിര്‍മ്മിച്ച ഒരു വീടുപോലും കേരളക്കരയില്‍ കാണാനില്ല. ദുരന്തകാലം എപ്പോഴും കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനും അന്നഭോജനത്തിനുള്ള വഴിതേടലുകളാണ്. ഗുജറാത്തിലെ കച്ചില്‍, വീട് നിര്‍മ്മിക്കാന്‍ കോടാനുകോടി രൂപ പണപ്പിരിവ് നടത്തിയവര്‍ ഒരു വീടിന്റെ ഇഷ്ടികപോലും വച്ചില്ല. ഇതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികളുടെ ദുരിതക്കാരോടുള്ള സഹാനുഭൂതി.

കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ നൂറ്റിലൊന്നുപോലും ഉണ്ടാകാത്ത, യെദ്യൂരപ്പ ഭരിക്കുന്ന കര്‍ണാടക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിക്കുന്നു. സഹായധനം പ്രഖ്യാപിക്കുന്നു. കേവലം കിലോമീറ്ററുകള്‍ക്കിപ്പുറമുള്ള കേരളത്തെ അറിയാതെയും കാണാതെയും പോകുന്നു. ഫെഡറല്‍ സംവിധാനത്തെ ഈവിധം അവഹേളിക്കുന്നവര്‍ ഭരണഘടനയെ തിരുത്തിയെഴുതാന്‍ ധൃതിപ്പെടുന്നതില്‍ എന്താശ്ചര്യം?
ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജന്‍ഡകള്‍ മാലോകര്‍ക്കറിയാം. പക്ഷെ, ഉപ്പുസത്യഗ്രഹം നയിച്ച കെ കേളപ്പന്റെ ചരിത്രമറിയാത്ത അനുഗാമികള്‍ക്ക് എന്തുപറ്റി? കേരളം തകര്‍ന്ന് തരിപ്പണമായാലും പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മരിച്ചുവീണാലും എല്‍ഡിഎഫ് തകര്‍ന്നാല്‍ മതി എന്ന അമ്മായിക്കോംപ്ലക്‌സുമായി നടക്കുന്നവര്‍ മലയാള നാടിനും രാഷ്ട്രത്തിനുമൊപ്പമല്ല.
”പെട്ടെന്നൊരു ദിവസം
പ്രകൃതിക്കും മനുഷ്യനുമെതിരെ
യുദ്ധം പ്രഖ്യാപിക്കപ്പെട്ടു
കര്‍ഷകന് വയല്‍ നഷ്ടപ്പെട്ടു
മുക്കുവന് കടല്‍ നഷ്ടപ്പെട്ടു”

എന്ന് കവി കെ സച്ചിദാനന്ദന്‍ എഴുതി. പ്രളയ ദുരന്തകാലത്ത് പ്രത്യക്ഷമായും പരോക്ഷമായും ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ കര്‍ഷകനെ മറന്നു, മുക്കുവനെ മറന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികളെ മറന്നു. പക്ഷെ, ഈ സര്‍ക്കാര്‍ നിസ്വജീവിതങ്ങളെ വീണ്ടെടുക്കുന്നു. അത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുഗാഥകളാകുന്നു. പരസഹസ്രം കരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആ പുതുഗാഥകളുടെ ഭാഗമാകുന്നു. കരളുരുകുന്ന കാലത്ത് നിഷാദന്മാരോട് മാനവ സ്‌നേഹികള്‍ വിളിച്ചു പറയുന്നു മാ! നിഷാദ എന്ന്.