Friday
20 Sep 2019

സംഘപരിവാറിനെ വെല്ലുന്ന വ്യാജപ്രചരണവുമായി രമേശ് ചെന്നിത്തല

By: Web Desk | Saturday 18 May 2019 6:32 PM IST


കണ്ണൂര്‍: മുഖാവരണം ധരിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന പ്രസ്താവന വളച്ചൊടിച്ച് വര്‍ഗ്ഗീയ വിഭജനം നടത്തി വോട്ട്പിടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്ത്.
ഏപ്രില്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടന്നതിനെത്തുടര്‍ന്ന് ഇന്ന് റീപോളിങ്ങ് നടക്കുന്ന കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ തിരിച്ചറിയാനും കള്ളവോട്ട് തടയാനും കൃത്യമായ സംവിധാനങ്ങളൊരുക്കണമെന്ന സിപിഐഎം ജില്ല സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെയാണ് യുഡിഎഫ് വളച്ചൊടിക്കാന്‍ ശ്രമിച്ചത്.

പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തിച്ചേരുന്നവരുടെ കാര്യത്തില്‍ മുഖാവരണം മാറ്റിയാല്‍ മാത്രമേ വോട്ടറെ തിരിച്ചറിയാന്‍ കഴിയൂ എന്നതിനാല്‍ അത് കര്‍ശനമായി നടപ്പിലാക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പര്‍ദ്ദധരിച്ചെത്തിയ 50ലേറെ പേര്‍ പാമ്പുരുത്തിയിലും നൂറോളം പേര്‍ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്തുമില്ല. ആവശ്യത്തിന് പോലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികള്‍ തടയാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആവശ്യമായ പോലീസ് സുരക്ഷാ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം സംബന്ധിച്ച് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കും, ജില്ലാ കലക്ടര്‍ക്കും, ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ടെന്നും എം.വി. ജയരാജന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
എന്നാല്‍, പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്നാണ് സിപിഎം നേതാക്കളുടെ പ്രസ്താവനയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ വളച്ചൊടിച്ചിരിക്കുന്നത്.

ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പെട്ടതാണെന്നും അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ലെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു. സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത് എന്നും ചെന്നിത്തല ആരോപിക്കുന്നു.
എന്നാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ തവണ നടത്തിയ കള്ളവോട്ട് ഇത്തവണ കര്‍ശനമായി തടയണമെന്ന എല്‍ഡിഎഫിന്റെ ആവശ്യത്തിന്റെ ഭാഗമായി മുഖാവരണം ധരിച്ചുവരുന്നവരെ പരിശോധിക്കാന്‍ നടപടിയുണ്ടാകണമെന്ന പ്രസ്താവന വളച്ചൊടിച്ച് വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന രീതിയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ രംഗത്തെത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസവും ഈ നിലപാടിനെതിരെ ഉയര്‍ത്തുന്നുണ്ട്. കള്ളവോട്ടിന്റെ പേരില്‍ ഇടതുപക്ഷ മുന്നണിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്വന്തം മുഖം നഷ്ടപ്പെട്ട യുഡിഎഫ് ഇല്ലാത്ത കച്ചിത്തുരുമ്പില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

you may also like this:

Related News