നിപാ: വ്യാജപ്രചരണങ്ങള്‍ നടത്തിയ ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തു

Web Desk
Posted on June 02, 2018, 7:35 pm

കണ്ണൂര്‍: നിപായെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ചക്കാലത്തറയിലെ സ്‌കൂള്‍ ട്രിപ്പ് എടുക്കുന്ന ഓട്ടോ ഡ്രൈവറായ സി എം സുനിലിനെ(42)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നീപ വൈറസ് പകരുന്നത് വവ്വാലുകളിലൂടെയല്ലെന്നും ബ്രോയിലര്‍ കോഴികളില്‍ കൂടിയാണെന്നുമായിരുന്നു സുനില്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നിപ വൈറസ് കോഴിക്കോട്ടെ ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി ഡയറക്ടര്‍ ഡോ. ആനന്ദ് വാസു സ്ഥിരികരിച്ചതായി അറിയിച്ചുവെന്നായിരുന്നു സുനില്‍ പ്രചരിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.