ഡി രാജക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

Web Desk
Posted on July 23, 2019, 11:26 am

ഗിരീഷ് അത്തിലാട്ട്

കണ്ണൂര്‍: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ നവമാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമണം. ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്ത നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി നവമാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്. ദൊരൈസ്വാമി രാജ എന്ന ഡി രാജയുടെ പേര് ഡാനിയേല്‍ രാജ എന്നാണെന്ന് പ്രചരിപ്പിച്ച് ക്രിസ്ത്യന്‍ മതക്കാരനാണെന്നും വത്തിക്കാന്‍ ചാരനാണെന്നുമുള്ള പ്രചരണങ്ങള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലുമുള്‍പ്പെടെ വ്യാപകമായി അഴിച്ചുവിടുകയാണ് സംഘപരിവാര്‍. എന്നാല്‍ ഡി എന്നതിന്റെ പൂര്‍ണ്ണരൂപമായി ഡാനിയേല്‍ എന്ന് മാത്രമല്ല, ഡേവിഡ് എന്നും ഡൊമിനിക് എന്നുമൊക്കെ മാറി മാറി പറയുന്നതിലൂടെ സ്വന്തം കള്ളം സ്വയം വെളിവാക്കുകയും അവര്‍ ചെയ്യുന്നുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കനയ്യകുമാറിനെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുകയും തുടര്‍ന്ന് ഭീകരമായി വേട്ടയാടുകയും ചെയ്തതിന്റെ ആവര്‍ത്തനങ്ങളാണ് സിപിഐ ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള വ്യാജപ്രചരണങ്ങളിലൂടെ ദൃശ്യമാകുന്നത്. ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവും ഡി രാജയുടെ മകളുമായ അപരാജിത രാജക്കെതിരെയും വ്യാപകമായ നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഭാരതത്തെ തുണ്ടം തുണ്ടമാക്കും എന്ന് മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് കനയ്യക്കൊപ്പം അപരാജിതയെയും സംഘപരിവാര്‍ വേട്ടയാടിയത്. തീവ്രവാദികളുടെ കൂട്ടാളിയാണ് അപരാജിതയെന്നും അവര്‍ ആരോപിച്ചിരുന്നു. അന്ന് ഡി രാജക്കെതിരെയും ഭാര്യയും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്കെതിരെയും നുണകള്‍ പല തരത്തില്‍ പ്രചരിച്ചിരുന്നു.

ദളിത് വിഭാഗത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ ആളാണ് ഡി രാജയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡി രാജ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്ത്യാനിയായി മതം മാറിയ ആളാണെന്ന് സംഘപരിവാര്‍ പ്രചരണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നയാളാണ് അദ്ദേഹമെന്നും വത്തിക്കാന്‍ ചാരനാണെന്നും പാസ്റ്ററാണെന്നുമൊക്കെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്നത്.
മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്മ്യൂണിസ്റ്റുകാരും വേട്ടയാടപ്പെടേണ്ടവരാണെന്ന ആര്‍എസ്എസിന്റെ നിലപാടിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.