സംസ്ഥാനത്ത് കള്ളനോട്ട് വ്യാപകമാകുന്നു; പിന്നില്‍ വന്‍മാഫിയ എന്ന് പൊലീസ്

Web Desk
Posted on May 19, 2019, 6:02 pm

നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ബാലഗ്രാമില്‍ ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ  പരിശോധനയില്‍ 500 ന്‍റെ 15 കള്ളനോട്ടുകള്‍ പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു തമിഴ്‌നാട് സ്വദേശി രക്ഷപെട്ടു. തേവാരം മുതല്‍ സ്ട്രീറ്റില്‍ ഗണപതി എന്ന് വിളിക്കുന്ന അരുണ്‍കുമാര്‍(24) ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഗൂഡല്ലൂര്‍ രാജീവ് ഗാന്ധി നഗര്‍ ഭാസ്‌കരന്‍(45) ആണ് ഓടി രക്ഷപെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.

ബാലഗ്രാമില്‍ ഇവര്‍ ഓട്ടോറിക്ഷയ്ക്ക് നല്‍കിയ 500 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ഡ്രൈവര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗണപതിയും ഭാസ്‌കരനും തൂക്കുപാലത്തെ ബീവറേജസ് ഔട്ട്‌ലെറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കള്ളനോട്ട് മാറിയെടുക്കാന്‍ നീക്കം നടത്തിയിരുന്നു. ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. ഗണപതിയും ഭാസ്‌കരനും ബാലഗ്രാമിലെ ഒരു പശു ഫാമിലെ ജോലിക്കാരാണ്. നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പിലിന്റ നേതൃത്വത്തിലുള്ള പൊലീസ് ഇവിടെയെത്തി താമസസ്ഥലം പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഗണപതി ഒന്നര മാസം മുമ്പും ഭാസ്‌കരന്‍ ഒരാഴ്ചയ്ക്ക് മുമ്പുമാണ് ഫാമില്‍ ജോലിക്കായി എത്തിയത്. ഭാസ്‌കരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.

കള്ളനോട്ടിന്റെ ശ്രോതസും ബന്ധങ്ങളും കണ്ടെത്തുന്നതിനായി കട്ടപ്പന ഡിവൈഎസ്പി പിപി ഷംസ്, നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നെടുങ്കണ്ടം എസ്ഐ  കെ എ സാബു, പൊലീസ് ഉദ്യോഗസ്ഥരായ റെജിമോന്‍, സന്തോഷ് വര്‍ഗീസ്, റിജോമോന്‍, ഗീതു ഗോപിനാഥ്, സതീഷ്‌കുമാര്‍, ഷാനു എം വാഹിദ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. കേസില്‍ ഭാസ്‌കരന്‍ പ്രധാന കണ്ണിയാണെന്നും അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും നെടുങ്കണ്ടം സി.ഐ പറഞ്ഞു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.

YOU MAY ALSO LIKE THIS: