Saturday
19 Oct 2019

വാഹനാപകടങ്ങള്‍ പെരുകുമ്പോഴും ലൈസന്‍സ് ‘തരപ്പെടുത്തിക്കൊടുക്കുന്ന’ ലോബി സജീവമാകുന്നു

By: Web Desk | Friday 12 July 2019 4:19 PM IST


ബിജു കിഴക്കേടത്ത്

മാനന്തവാടി: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായ തോടെ കര്‍ണ്ണാടകയില്‍ നിന്നും എളുപ്പത്തില്‍ ലൈസന്‍സ് തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം നല്‍കി എജന്റുമാര്‍ ജില്ലയില്‍ സജീവമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കുന്ന ജില്ലയിലെ ഗ്രൗണ്ടുകളില്‍ നിരന്തരമായി എത്തുന്ന എജന്റുമാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. രണ്ടും മൂന്നും ടെസ്റ്റുകളില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഇവരുടെ പ്രധാന ഇരകള്‍. ഇരുചക്ര വാഹന ലൈസന്‍സിന് 8500 രൂപയും നാല് ചക്ര വാഹന മുള്‍പ്പെടെയുള്ള ലൈസന്‍സിന് 12000 രുപയുമാണ് ആവശ്യപ്പെടുന്നത്.കര്‍ണ്ണാടകയിലെ മൈസൂര്‍, ഹൂന്‍സൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഉദ്യോഗാര്‍ത്ഥി ഒരു തവണ മാത്രം എത്തിയാല്‍ ലേണേഴ്‌സ് ടെസ്‌റ്റോ, ഡ്രൈവിംഗ് ടെസ്‌റ്റോ ഇല്ലാതെ ലൈസന്‍സ് തരപ്പെടുത്തി കൊടുക്കും ഇതാണ് ഇവര്‍ നല്‍കുന്ന മോഹന വാഗ്ദാനം.കൂടാതെ എജന്റുമാരുടെ പക്കല്‍ ഒരു ഉദ്യോഗാര്‍ത്ഥിയെ എത്തിച്ച് കൊടുത്താല്‍ ആയിരം രൂപ കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ലൈസന്‍സ് കരസ്ഥമാക്കിയവരാണ് അപകടങ്ങള്‍ കൂടുതല്‍ വരുത്തിവെക്കുന്നത് എന്ന സാഹചര്യത്തിലാണ് ഗവണ്‍മെന്റ് നിയമങ്ങള്‍ കര്‍ശനമാക്കിയതും, വ്യാജ ലൈസന്‍സുകള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഗവര്‍മെന്റ് സാരഥി എ കീകൃത ലൈസന്‍സ് സംവിധാനം നടപ്പിലാക്കിയതും.

ഇന്നലെ സംശയാസ്പദമായ രീതിയില്‍ മാനന്തവാടി തോണിച്ചാലിലെ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കണ്ട വടകര സ്വദേശികളായ രണ്ട് പേരെ ഡ്രൈവിംഗ് സ്‌കുള്‍ ഓണേഴ്‌സ് സമിതിയും, നാട്ടുകാരും ചോദ്യം ചെയ്യുകയും ഇവരുടെ വിശദീകരണത്തില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പെടെ കൈമാറുകയും ചെയ്തു. ഇത്തരം ഏജന്റുമാര്‍ക്ക് ഏതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയതായി മാനന്തവാടി താലൂക്ക് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹികളായ പി കെ സനോജ് കുമാര്‍, കെ സി ജോഷി, എന്‍ ബി ജോര്‍ജ്ജ്, കെ റഫീഖ്, നൗഷാദ് കോയ എന്നിവര്‍ പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റിന് തടസ്സം നേരിട്ടെന്നും ,വിജിലന്‍സ് ചമഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രേഖകള്‍ പരിശോധിച്ചു എന്നും കാണിച്ച് മാനന്തവാടി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയിലാണ് ഇത്തരം എജന്റുമാര്‍ വയനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.