Janayugom Online
supreme court

വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി

Web Desk
Posted on January 09, 2019, 10:26 pm

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
2002–2006 വരെയുള്ള കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജസ്റ്റിസ് (റിട്ട.) എച്ച് ഡി ബേദി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്നലെ സ്വീകരിച്ചു. കൂടാതെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അതേസമയം, വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്നും കൈമാറരുതെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചത്. കൂടാതെ, ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഇത് സുപ്രീംകോടതി തള്ളുകയും കേസുകളുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്ന് ഉത്തരവിടുകയുമായിരുന്നു. ജനുവരി മൂന്നാം വാരത്തില്‍ ഈ കേസില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും. എച്ച് ഡി ബേദി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കണോ നിരസിക്കണോ എന്ന് വാദത്തിന് ശേഷം തീരുമാനിക്കുമെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന 2002- 06 കാലഘട്ടത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബി ജി വര്‍ഗീസ്, ജാവേദ് അക്തര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്.